16 January Saturday

കാറ്റും മഴയും; 49 ലക്ഷത്തിന്റെ നഷ്ടം

സ്വന്തം ലേഖകന്‍Updated: Friday Aug 7, 2020
കൊല്ലം
കനത്ത മഴയിലും കാറ്റിലും  ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 49 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. 125 ലേറെ വീടുകൾ ഭാഗികമായും ഒരുവീട് പൂർണമായും തകർന്നു. ഓരോ കിണറിനും തൊഴുത്തിനും കേടുപാടുകളുണ്ട്. കുന്നത്തൂർ താലൂക്കിലാണ് ഏറ്റവുമധികം നാശ നഷ്ടങ്ങളുണ്ടായത്. 55 വീടുകൾ ഭാഗികമായി തകർന്നതുൾപ്പടെ 35 ലക്ഷം രൂപയുടെ നാശനഷ്ടം കുന്നത്തൂരുണ്ടായി. 
കൊട്ടാരക്കര താലൂക്കിൽ 52 വീടുകളുടെ ഭാഗിക തകർച്ചയടക്കം 12 ലക്ഷം രൂപയുടെ നാശനഷ്ടവും പുനലൂരിലെ അറയ്ക്കൽ, ആര്യങ്കാവ്, ഇടമുളയ്ക്കൽ, ആയിരനെല്ലൂർ, ചണ്ണപ്പേട്ട വില്ലേജുകളിലെ  16 വീടുകൾ തകർന്നതടക്കം രണ്ടര ലക്ഷം രൂപയുടെ നഷ്ടവുമുണ്ടായി. പത്തനാപുരം താലൂക്കിലെ വിളക്കുടി, പട്ടാഴി വടക്കേക്കര, പിറവന്തൂർ, തലവൂർ, പത്തനാപുരം വില്ലേജുകളിലെ 12 വീടുകളാണ് ഭാഗീകമായി തകർന്നത്. 2.40 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 
കരുനാഗപ്പള്ളി താലൂക്കിലെ  തേവലക്കര വില്ലേജിൽ മുള്ളിക്കായ സ്വദേശി തുളസിയുടെ  കിണർ ഇടിഞ്ഞു താഴ്‌ന്നു.  അരിനല്ലൂർ, പടിഞ്ഞാറ്റക്കര സ്വദേശികളുടെ  വീടുകൾക്കും ഒരു കടയ്ക്കും ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. ഉരുൾപൊട്ടൽ, കടലാക്രമണം, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവയുടെ സാധ്യത മുന്നിൽക്കണ്ട്‌ ദുരന്തനിവാരണകേന്ദ്രവും ജില്ലാ ഭരണകൂടവും പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ തയ്യാറെടുത്തു. വൈദ്യുതി വകുപ്പിന്‌ അരക്കോടിയുടെ നഷ്ടമുണ്ടായി. അടിയന്തര ഘട്ടത്തിൽ 1912 നമ്പരിൽ വിവരം അറിയിക്കണമെന്ന്‌ അധികൃതർ അറിയിച്ചു. റവന്യു, കൃഷി വകുപ്പ്‌ ഉദ്യോഗസ്ഥർ വിവിധ കേന്ദ്രങ്ങളിലെത്തി  നാശനഷ്ടം വിലയിരുത്തി.
മഴ ശക്തമായാലുള്ള മുൻ കരുതലുകളെക്കുറിച്ച് ആലോചിക്കാൻ വ്യാഴാഴ്ച കലക്ടറേറ്റിൽ യോഗം ചേർന്നു. യെല്ലൊ അലർട്ടുള്ള ജില്ല വരും ദിവസങ്ങളിൽ ഓറഞ്ച്‌ അലർട്ടിലായാൽ മലയോരത്തും തീരദേശത്തും ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതും ആൾക്കാരെ മാറ്റിപ്പാർപ്പിക്കുന്നതും ഉൾപ്പെടെയുള്ള  കാര്യങ്ങൾ ചർച്ചചെയ്‌തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top