25 September Friday
4 വാർഡ്‌ ട്രിപ്പിൾ ലോക്‌ഡൗണിലേക്ക്‌

പത്തനാപുരത്ത് ഗര്‍ഭിണി ഉള്‍പ്പെടെ 4 പേര്‍ക്കുകൂടി രോഗം

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020
പത്തനാപുരം
ഗര്‍ഭിണി ഉള്‍പ്പെടെ നാലുപേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ പത്തനാപുരത്തെ നാലുവാര്‍ഡ്‌ ട്രിപ്പിള്‍ ലോക്ഡൗണിലേക്ക്‌. കുണ്ടയം, കാരംമൂട്, മൂലക്കട, മാര്‍ക്കറ്റ് വാര്‍ഡുകളിലാണ് നിയന്ത്രണം കര്‍ശനമാക്കുന്നത്. 
ജൂലൈ 31നു രോഗം സ്ഥിരീകരിച്ച കാരംമൂട് സ്വദേശിയായ ഡ്രൈവറുടെ ഭാര്യ, മകള്‍, സഹോദരന്റെ ഭാര്യ, പിതൃസഹോദരപുത്രന്‍ എന്നിവര്‍ക്കാണ് വ്യാഴാഴ്‌ച പോസിറ്റീവായത്. കുണ്ടയത്ത് നടത്തിയ സ്രവപരിശോധനയിലാണ്‌ രോഗ സ്ഥിരീകരണം.
ഡ്രൈവറുടെ സഹോദരന്റെ ഭാര്യ ഗര്‍ഭിണിയാണ്. പിതൃസഹോദര പുത്രനായ ഇരുപത്തിമൂന്നുകാരന്‍ അടൂരില്‍ ഹോട്ടല്‍ ജീവനക്കാരനാണ്. ഇയാള്‍ ഹോട്ടലില്‍നിന്നാണ് സ്രവ പരിശോധനയ്ക്ക്‌ എത്തിയത്. ഇയാളുടെ സമ്പര്‍ക്കപ്പട്ടികയും വിപുലമാണ്. ഇവരുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിൽ ഉള്ളതിനാല്‍ പത്തനാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിതാ ബീഗം ഉള്‍പ്പെടെയുള്ളവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചു. നിലവില്‍ പഞ്ചായത്തിലെ നാലുവാര്‍ഡും റെഡ് കളര്‍ കോഡഡാണ്‌. മേഖലയിലേക്കുള്ള റോഡുകള്‍ പൊലീസ് നിയന്ത്രണത്തിലാണ്. ഇവിടെ പരിശോധന കര്‍ശനമാക്കും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top