26 September Saturday
കടവൂർ ജയൻ വധക്കേസ്‌

അപൂർവ വിധിയിലേക്ക്‌ ഇന്ന്‌ ജില്ലാ കോടതി

സ്വന്തം ലേഖകന്‍Updated: Friday Aug 7, 2020
കൊല്ലം
നീതിന്യായവ്യവസ്ഥയിലെ  അപുർവതയ്‌ക്ക്‌ വെള്ളിയാഴ്‌ച കൊല്ലം ജില്ലാ കോടതി സാക്ഷിയാകും. രണ്ടുതവണ പ്രതികൾ കുറ്റക്കാരെന്നു‌ കണ്ടെത്തിയ കടവൂർ ജയൻ കൊലക്കേസിൽ വെള്ളിയാഴ്‌ച വിധി പറയാനിരിക്കെ  പ്രതികളിൽ രണ്ടുപേർക്ക്‌  കോവിഡ്‌ സ്ഥിരീകരിച്ചതാണ്‌ ‌ വിധിയിൽ അപൂർവത സൃഷ്ടിക്കുന്നത്‌. ഇത്തരം ഒരു സാഹചര്യം മുമ്പ്‌‌ ഉണ്ടായിട്ടില്ല. സിആർപിസി 353 (7) പ്രകാരം പ്രതികളുടെ അസാന്നിധ്യത്തിൽ വിധി പറഞ്ഞാലും വിധി 
അസാധുവാകില്ല. 
കടവൂർ ജയൻ കൊലക്കേസ്‌ വാദം ആരംഭിച്ചശേഷം  ഇതുവരെ മൂന്നു‌ ജഡ്‌ജിമാർ ഭാഗഭാക്കായിട്ടുണ്ട്‌.  പ്രതികളെല്ലാം കുറ്റക്കാരാണെന്നു‌‌ നേരത്തെ ജില്ലാ അഡീഷണൽ സെഷൻസ്‌ കോടതി (നാല്)ജഡ്‌ജി എസ്‌ കൃഷ്ണകുമാർ‌ കണ്ടെത്തിയിരുന്നു. ഇദ്ദേഹം സർവീസിൽനിന്ന്‌ വിരമിച്ചതോടെ ചുമതലയേറ്റ ജഡ്‌ജി സുജിത്‌ പ്രതികളെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു‌. ഹൈക്കോടതി നിർദേശ പ്രകാരം പുനർവാദം നടന്നതിനെ തുടർന്നാണ്‌  ഒമ്പതു‌ പ്രതികളും കുറ്റക്കാരാണെന്ന്‌ ജില്ലാ പ്രിൻസിപ്പൽ കോടതി ജഡ്‌ജി സി സുരേഷ്‌കുമാർ ചൊവ്വാഴ്ച കണ്ടെത്തി‌യത്‌. കോവിഡ്‌ ‌ സ്ഥിരീകരിച്ച  രണ്ടു‌ പ്രതികൾ‌ പാരിപ്പള്ളി മെഡിക്കൽകോളേജ്‌ ആശുപത്രിയിലും പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട മറ്റു‌  പ്രതികൾ നിരീക്ഷണകേന്ദ്രത്തിലുമാണ്‌. 
ഈ സാഹചര്യത്തിൽ വെള്ളിയാഴ്‌ച ഇവരുടെ സാന്നിധ്യം കോടതിയിൽ ഉണ്ടാകണമെന്നില്ല. എന്നാൽ, പകർച്ചവ്യാധി നിയമത്തിന്റെ  സംരക്ഷണവും കോടതി ഉറപ്പാക്കണം. അതിനാൽ വിധി പറയാനും  വീണ്ടും മാറ്റാനുമുള്ള സാധ്യത 
നിലനിൽക്കുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top