16 September Monday

പരിശോധനയ്‌ക്ക്‌ കലക്ടറും നന്നായില്ലെങ്കിൽ നന്നാക്കും

സ്വന്തം ലേഖകന്‍Updated: Wednesday Aug 7, 2019

 

കൊല്ലം
റോഡിൽ നന്നാകാത്ത വണ്ടിക്കാരെ നന്നാക്കാൻ ഒടുവിൽ കലക്‌ടറും റോഡിലിറങ്ങി.  റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ജില്ലയിൽ  വാഹനപരിശോധന  കർശനമാക്കിയിരിക്കുകയാണ്‌. രണ്ടു ദിവസമായി നടന്ന പരിശോധനയിൽ 647 പേർക്കെതിരെ കേസെടുത്തു. മൂന്നര ലക്ഷത്തിലേറെ രൂപ പിഴയീടാക്കി. 
തിങ്കളാഴ്‌ച വൈകിട്ട്‌ അഞ്ചുമുതൽ  കലക്ടർ,  ആർടിഒ,  മോട്ടോർവാഹന വകുപ്പ്, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ ആശ്രാമത്താണ്‌ വാഹന പരിശോധന നടത്തിയത്. ഹെൽമറ്റ്‌ വയ്‌ക്കാതെ വന്നവരോട്‌ അതിന്റെ ആവശ്യകത കലക്ടർ ബോധ്യപ്പെടുത്തി. പുറകിലുള്ള യാത്രക്കാരും ഹെൽമറ്റ്‌ വയ്‌ക്കണം.  കാറിലെത്തിയവരോട്‌ സീറ്റ് ബെൽറ്റ് ശരിക്ക് ഇടാനായിരുന്നു നിർദേശം.  ആൾട്ടർ ചെയ്ത സൈലൻസർ, എക്‌സ്‌ട്രാലൈറ്റ് എന്നിവ അഴിക്കാനും നിർദേശിച്ചു.   
ചൊവ്വാഴ്‌ച ഹെൽമറ്റ് ഇല്ലാത്തതിന് 181 പേർക്കെതിരെയും സീറ്റ് ബെൽറ്റ് ഇല്ലാത്തതിന് 102 പേർക്കും  മറ്റു കുറ്റങ്ങൾക്ക്‌ 76 പേർക്കും എതിരെ കേസെടുത്തു.  89,200 രൂപ തത്സമയ പിഴ ഒടുക്കിപ്പിച്ചു.  
തിങ്കളാഴ്‌ച  388 പേർക്കെതിരെ മോട്ടോർവാഹന വകുപ്പ് കേസെടുത്തിരുന്നു. സീറ്റ്‌ബെൽറ്റും ഹെൽമറ്റും ഉപയോഗിക്കാത്തവരിൽനിന്ന്‌ ഉൾപ്പെടെ  വിവിധ കേസുകളിൽ ആകെ 2,63,900 രൂപ പിഴ ഈടാക്കി. പ്രത്യേക സ്‌ക്വാഡ് ഹെൽമറ്റില്ലാത്ത 291 പേർക്കും പതിവു പരിശോധക സംഘം  97 പേർക്കും എതിരെയാണ് കേസ് എടുത്തത്.  സീറ്റ് ബെൽറ്റ് ഉപയോഗിക്കാത്ത 225 പേർ തിങ്കളാഴ്ച പിടിയിലായി. സ്‌ക്വാഡ് പരിശോധനയിൽ 143 പേരും നേരിട്ടുള്ള പരിശോധനയിൽ 82 പേരുമാണ് കുടുങ്ങിയത്. സീറ്റ്ബെൽറ്റ്  കാറിലെ എല്ലാ യാത്രക്കാർക്കും ഹെൽമറ്റ് ബൈക്കിന് പിന്നിലിരിക്കുന്നവർക്കും ബാധകമാക്കിയിട്ടുണ്ട്. സീറ്റ്ബെൽറ്റ്–ഹെൽമറ്റ്  പ്രത്യേക പരിശോധന  തുടരും. 
എട്ടുമുതൽ പത്തുവരെ അനധികൃത പാർക്കിങ്‌,  11 മുതൽ 13 വരെ അമിതവേഗം, 14 മുതൽ 16 വരെ മദ്യപിച്ച് വാഹനമോടിക്കലും ലെയ്ൻ ട്രാഫിക്കും 15 മുതൽ 19 വരെ ഡ്രൈവിങ്ങിനിടെ മൊബൈൽ  ഉപയോഗം, 20 മുതൽ 23 വരെ സീബ്രാക്രോസിങ്ങും റെഡ് സിഗ്‌നൽ ജമ്പിങ്ങും, 24 മുതൽ 27 വരെ സ്പീഡ് ഗവേർണറും ഓവർലോഡും പരിശോധന  എന്നിവയുണ്ടാകും.  28 മുതൽ 31 വരെ കൂളിങ്‌ ഫിലിം, കോൺ്രടാക്ട് കാരേജുകളിലെ അധിക ലൈറ്റുകൾ, മ്യൂസിക്‌സിസ്റ്റം എന്നിവ തിരിച്ചാണ് പരിശോധന. 
പ്രത്യേക പരിശോധനയ്‌ക്കൊപ്പം മോട്ടോർവാഹന വകുപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ ക്ലാസുകൾ  സംഘടിപ്പിക്കും. ഇക്കാര്യത്തിൽ  സന്നദ്ധസംഘടനകളുമായും  സഹകരിക്കും. ബുധനാഴ്‌ച രാവിലെ 9.30ന് റെഡ്‌ക്രോസ്‌ ഹാളിൽ ഡ്രൈവർമാർക്ക് ബോധവൽക്കരണ ക്ലാസ്‌ നടക്കുമെന്ന്‌ ആർടിഒ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top