09 August Sunday

തൊട്ടരികിലുണ്ട്‌

സ്വന്തം ലേഖകൻUpdated: Tuesday Jul 7, 2020

മത്സ്യവ്യാപാരിക്ക്‌ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന്‌ ആഞ്ഞിലിമൂട്ടിലെ ചന്ത ഒഴിപ്പിക്കുന്നു

കൊല്ലം
കടുത്ത ആശങ്കയിലാണ്‌ ജില്ല. സമൂഹ‌വ്യാപനമില്ലെങ്കിലും സമ്പർക്കമുള്ളവരുടെ എണ്ണം കൂടുന്നത്‌ പൊതു ഇടങ്ങളിൽ ആളുകൾക്ക്‌ പോകാൻ കഴിയാത്തവിധം കാര്യങ്ങൾ കടുപ്പിക്കുന്നു. തിങ്കളാഴ്ച രണ്ടു മത്സ്യവിൽപ്പനക്കാർ ഉൾപ്പെടെ 11 പേർക്കാണ്‌ കോവിഡ് സ്ഥിരീകരിച്ചത്‌. ഏഴുപേർ വിദേശത്തുനിന്നും  രണ്ടുപേർ ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്‌. രണ്ടുപേര്‍ നാട്ടുകാരുമാണ്. 
ശാസ്താംകോട്ട പള്ളിശേരിക്കൽ സ്വദേശി (52), പന്മന പുത്തൻചന്ത സ്വദേശി (36) എന്നിവരാണ് മത്സ്യവിൽ്പ്പനക്കാർ. ഇവർ രണ്ടുപേരും വിവിധ സ്ഥലങ്ങളിൽനിന്ന്‌ മത്സ്യമെടുത്ത് വിൽപ്പന നടത്തുന്നവരാണ്‌. രോഗലക്ഷണങ്ങളെ തുടർന്ന് സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ജൂൺ 17ന് മുംബൈയിൽനിന്ന്‌ എത്തിയ ചിതറ സ്വദേശി (21), ജൂൺ 25ന് യെമനിൽനിന്ന്‌ എത്തിയ പത്തനാപുരം സ്വദേശിനി (30), ജൂൺ 26ന് ഖത്തറിൽനിന്ന്‌ എത്തിയ തെന്മല ഉറുകുന്ന് സ്വദേശി (40), ജൂൺ 30ന് സൗദിയിൽനിന്ന്‌ എത്തിയ പുത്തൂർ സ്വദേശി(41), ജൂലൈ ഒന്നിന് ബംഗളൂരിൽനിന്ന്‌ എത്തിയ മരുത്തടി സ്വദേശി (24), ജൂൺ 28ന് ദുബായിൽനിന്ന്‌ എത്തിയ തൊടിയൂർ ഇടക്കുളങ്ങര സ്വദേശി (36), ജൂലൈ അഞ്ചിന് സൗദിയിൽനിന്ന്‌ എത്തിയ ശാസ്താംകോട്ട സ്വദേശി (63), ജൂലൈ അഞ്ചിന് മസ്‌കത്തിൽനിന്ന്‌ എത്തിയ കടവൂർ മതിലിൽ സ്വദേശി (47), യുഎഇയിൽ നിന്നെത്തിയ കരുനാഗപ്പള്ളി ആദിനാട് സ്വദേശിനി (52) എന്നിവരാണ് കോവിഡ് സ്ഥിരീകരിച്ച മറ്റുള്ളവർ. 
മത്സ്യവിൽപ്പനക്കാരനായ പള്ളിശേരിക്കൽ സ്വദേശി ആഞ്ഞിലിമൂട് ചന്തയിലെ കച്ചവടക്കാരനാണ്. 
മീൻ എടുക്കാൻ കായംകുളം, കരുവാറ്റ, അഴീക്കൽ എന്നിവിടങ്ങളിൽ സ്ഥിരമായി പോകാറുണ്ട്. പനിയെ തുടർന്ന് ശാസ്താംകോട്ട നവഭാരത് ആശുപത്രിയിൽ ജൂൺ 27നും ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ ജൂലൈ നാലിനും ചികിത്സതേടിയിരുന്നു. ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ ശേഖരിച്ച സ്രവമാണ് രോഗം സ്ഥിരീകരിച്ചത്.
പന്മന സ്വദേശി  അരിനല്ലൂർ കല്ലുംപുറത്താണ് മത്സ്യക്കച്ചവടം നടത്തിയിരുന്നത്. കായംകുളം, നീണ്ടകര, ആയിരംതെങ്ങ്, പുതിയകാവ്, ഇടപ്പള്ളിക്കോട്ട എന്നിവിടങ്ങളിൽ മത്സ്യവുമായി സഞ്ചരിച്ചിട്ടുണ്ട്. 
പനിയെ തുടർന്ന് ജൂൺ 28ന് മോളി ആശുപത്രി, ചവറ താലൂക്കാശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടിയിട്ടുണ്ട്. ചവറയിൽ ശേഖരിച്ച സ്രവമാണ് രോഗം സ്ഥിരീകരിച്ചത്. 
ജില്ലയിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിലും വാളകം മേഴ്‌സി ആശുപത്രിയിലുമായി നിലവിൽ 171 പേരാണ് ചികിത്സയിലുള്ളത്‌‌‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top