07 August Friday

കോവിഡ്‌ മറവിൽ വിലസി പ്ലാസ്റ്റിക്

സ്വന്തം ലേഖകൻUpdated: Tuesday Jul 7, 2020

 

കൊല്ലം
പ്ലാസ്റ്റിക് നിരോധനം പാടെമറന്ന്‌ ജില്ലയിൽ ക്യാരിബാഗ്‌ ഉൾപ്പെടെ നിരോധിത പ്ലാസ്റ്റിക്‌ ഉൽപ്പന്നങ്ങൾ സുലഭം. മൊത്തവിതരണക്കാർ  കോവിഡ്‌ കാലം മുതലാക്കി സ്റ്റോക്കിരിക്കുന്ന‌ ‌ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുകയാണ്‌. പൊലീസും ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥരും കോവിഡ്‌ നിയന്ത്രണങ്ങളുടെ തിരക്കിൽപ്പെടുകയും പരിശോധന നിലയ്‌ക്കുകയും ചെയ്തതാണ്‌ ചന്തകളിലും കടകളിലും  പ്ലാസ്റ്റിക് വീണ്ടും ‌തലപൊക്കാൻ ഇടയാക്കിയത്‌. 
തദ്ദേശ സ്ഥാപനങ്ങളും ദൈനംദിന തിരക്കിൽപ്പെട്ട്‌ പ്ലാസ്റ്റിക്കിന്‌ എതിരായ പരിശോധന നിർത്തിവച്ചിരിക്കുകയാണ്‌. ബേക്കറികൾ, സൂപ്പർമാർക്കറ്റുകൾ, വഴിയോരക്കച്ചവട കേന്ദ്രങ്ങൾ, മീൻചന്തകൾ എന്നിവിടങ്ങളിലാണ്‌ ക്യാരിബാഗുകൾ കൂടുതലായി കാണുന്നത്‌. ജനുവരി മുതലാണ്‌ നിശ്ചിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സർക്കാർ നിരോധിച്ചത്‌. 
എല്ലാവരും നിരോധിത പ്ലാസ്റ്റിക് ഉപയോഗത്തിൽനിന്ന്‌ പിൻവാങ്ങുകയും പേപ്പർ ബാഗുകളും തുണിസഞ്ചികളും ശീലമാക്കി തുടങ്ങിയിരുന്നു. നിരോധിത ഉൽപ്പന്നങ്ങൾ സൂക്ഷിക്കുകയോ നിർമിക്കുകയോ വിൽപ്പന നടത്തുകയോ ചെയ്‌താൽ 10,000 രൂപയാണ്‌ പിഴ. ആവർത്തിച്ചാൽ 25,000 രൂപ പിഴ ഈടാക്കും. തുടർന്നും പിടിക്കപ്പെട്ടാൽ 50,000 രൂപ പിഴ ചുമത്തും.
 
മുന്നറിയിപ്പുമായി കലക്‌ടർ
നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനെതിരെ കർശന പരിശോധന തുടരണമെന്ന്‌ കലക്‌ടർ ബി അബ്‌ദുല്‍ നാസർ നിർദേശം നൽകി. 
ക്യാരിബാഗ്‌ ഉൾപ്പെടെ വിൽക്കുന്നുണ്ടെങ്കിൽ ബന്ധപ്പെട്ട പരിശോധനാ ഉദ്യോഗസ്ഥരാണ്‌ അതിന്‌ ഉത്തരവാദികളെന്ന്‌ ഉദ്യോഗസ്ഥരുടെ വാട്‌സാപ് ഗ്രൂപ്പിൽ കലക്‌ടർ മുന്നറിയിപ്പ്‌ നൽകി. 
സൂപ്പർവൈസർമാരാണ്‌ പ്രാഥമിക ഉത്തരവാദി. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും.
 
കുടുംബശ്രീയിൽ നിന്ന്‌ തുണിസഞ്ചി
കുടുംബശ്രീ വഴി ആവശ്യമായ പേപ്പർബാഗും തുണിസഞ്ചിയും നൽകാമെന്ന്‌ ജില്ലാ കോ –-ഓർഡിനേറ്റർ എ ജി സന്തോഷ്‌ പറഞ്ഞു. സിവിൽ സപ്ലൈസ്‌‌ ഇതിനകംമൂന്നരലക്ഷം തുണിസഞ്ചി വാങ്ങിയിട്ടുണ്ട്‌. ജില്ലയിൽ 140 ടെയ്‌ലറിങ് കുടുംബശ്രീ യൂണിറ്റുകളാണുള്ളത്‌.  
ഇതിൽ 40 എണ്ണം കൂടുതൽ ഉൽപ്പാദനം നടത്തുന്ന യൂണിറ്റുകളാണ്‌. 50,000 തുണിസഞ്ചികൾ ഇപ്പോൾ വിൽപ്പനയ്‌ക്ക്‌ തയ്യാറാണ്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top