കൊല്ലം
തിക്കിത്തിരക്കാതെയും വരിനിൽക്കാതെയും സർക്കാർ ആശുപത്രികളിൽ ഒപി ടിക്കറ്റെടുക്കാൻ ഇ ഹെൽത്ത് വഴി ജില്ലയിൽ രജിസ്റ്റർ ചെയ്തത് 22,06,585 പേർ. ഇതിൽ യുഎച്ച്ഐഡി (സ്ഥിരം ഏകീകൃത തിരിച്ചറിയൽ ഐഡി) രജിസ്ട്രേഷനുള്ളത് 17,5551പേർക്കാണ്. ഈവർഷം പദ്ധതിയിൽ രജിസ്റ്റർ ചെയ്തത് 3,14,160പേരാണ്. ഇതിൽ 34650 പേർക്ക് യുഎച്ച്ഐഡി രജിസ്ട്രേഷനുണ്ട്. 279510 താൽക്കാലിക രജിസ്ട്രേഷനാണ്.
സംസ്ഥാനത്ത് 3.04 കോടി പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 3720976 പേർക്ക് യുഎച്ച്ഐഡി രജിസ്ട്രേഷനുണ്ട്. 590 സർക്കാർ ആശുപത്രികളിലാണ് സംസ്ഥാനത്ത് സൗകര്യം ഉറപ്പാക്കിയിട്ടുള്ളത്.
പദ്ധതി പ്രയോജനപ്പെടുത്തിയാൽ ലാബ് റിസൾട്ടിനായി മണിക്കൂറുകൾ കാത്തുനിൽക്കണ്ട. റിസൾട്ട് മൊബൈൽ ഫോണിൽ ലഭിക്കും. 1.79 ലക്ഷം പേരാണ് ലാബ് ടെസ്റ്റുകൾക്കായി സംവിധാനം വിനിയോഗിച്ചത്.ഫാർമസിക്കു മുന്നിലും കാത്തിരിക്കേണ്ട. ഡോക്ടറെ കണ്ട് ഫാർമസിയിൽ എത്തുമ്പോഴേക്കും മരുന്നു ലഭിക്കും. റഫർ ചെയ്യുകയാണെങ്കിൽ രോഗിയുടെ ചികിത്സാവിവരങ്ങൾ മറ്റ് ആശുപത്രികളിൽ ലഭ്യമാകുന്ന കേന്ദ്രീകൃത സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതുവഴി ഒരു നിമിഷംപോലും പാഴാക്കാതെ ചികിത്സ ലഭ്യമാക്കാനാകും. പ്രാഥമികാരോഗ്യകേന്ദ്രം മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ആശുപത്രികളിൽ ഇത്തരം സംവിധാനം ഒരുക്കിയിട്ടുണ്ട്.
ജില്ലയിൽ 74 ആശുപത്രിയാണ് ഇ ഹെൽത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. 57പിഎച്ച്‌സി, 16 സിഎച്ച്‌സി, ഒമ്പത് താലൂക്കാശുപത്രി, ജില്ലാ ആശുപത്രി, കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് ഈ സൗകര്യമുള്ളത്. ആശുപത്രിയെക്കുറിച്ചുള്ള വിവരങ്ങൾ, സേവനങ്ങൾ, ചികിത്സയ്‌ക്ക് എത്തേണ്ട സമയം തുടങ്ങിയ വിവരങ്ങളും ഇ ഹെൽത്തിൽ ലഭിക്കും.
ehealth.kerala.gov.in പോർട്ടലിൽ രജിസ്‌ട്രേഷൻ നടത്താം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..