13 September Friday

എ ഗ്രൂപ്പും ചെന്നിത്തല വിഭാഗവും നിസ്സഹകരണത്തിൽ

സ്വന്തം ലേഖകൻUpdated: Wednesday Jun 7, 2023
കൊല്ലം
ജില്ലയിൽ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിക്കാൻ ചൊവ്വാഴ്ച ചേരാനിരുന്ന പുനഃസംഘടനാസമിതി യോഗം എ ഗ്രൂപ്പിന്റെയും ചെന്നിത്തല വിഭാഗത്തിന്റെയും നിസ്സഹകരണം കാരണം നടന്നില്ല. ഡിസിസി ഓഫീസിൽ ചേരാനിരുന്ന യോഗം ബഹിഷ്‌ക്കരിക്കുമെന്ന്‌ എ ഗ്രൂപ്പ്‌ മുന്നറിയിപ്പ്‌ നൽകിയിരുന്നു. ബ്ലോക്ക്‌ പ്രസിഡന്റുമാരെ കെ സി വേണുഗോപാൽ–-കെ സുധാകരൻ–- വി ഡി സതീശൻ അച്ചുതണ്ട്‌ ഏകപക്ഷീയമായി തീരുമാനിച്ച്‌ പ്രഖ്യാപിക്കുകയായിരുന്നു. ഇതിനെതിരെ ഉയർന്ന ആക്ഷേപങ്ങളും പരാതികളും പരിഹരിക്കാതെ ഇനിയൊരു കൂടിയാലോചനയ്ക്കും ഇല്ലെന്ന നിലപാടിലാണ്‌ എ ഗ്രൂപ്പ്‌. ബ്ലോക്ക്‌ പ്രസിഡന്റുമാരുടെ പുനഃസംഘടനയിൽ ജില്ലയിൽ എ ഗ്രൂപ്പിന്‌ കാര്യമായ പ്രാതിനിധ്യം ലഭിച്ചില്ല. ഈ പരാതിയാണ് ഐ ഗ്രൂപ്പിലെ ചെന്നിത്തല വിഭാഗത്തിനുമുള്ളത്.  ചെന്നിത്തലയ്‌ക്കൊപ്പം നിന്നവരെ കെ സി വിഭാഗം അരിഞ്ഞുവീഴ്‌ത്തുകയായിരുന്നു. 
നേരത്തെ പത്ത് ബ്ലോക്ക്‌ പ്രസിഡന്റുമാർ ഉണ്ടായിരുന്ന എ ഗ്രൂപ്പിന്‌  പുനഃസംഘടനയിൽ ഇത് ഏഴായിച്ചുരുങ്ങി.  വടക്കേവിള, ഓച്ചിറ, എഴുകോൺ  ബ്ലോക്കുകളാണ്‌  എ ​ഗ്രൂപ്പിന് നഷ്ടമായത്.  വടക്കേവിളയിലും എഴുകോണിലും കെ സുധാകരന്റെ നോമിനികളാണ്‌ പ്രസിഡന്റുമാരായത്,  ഓച്ചിറയിൽ കെ സി വേണുഗോപാലിന്റെ അനുയായിയും. ചെന്നിത്തല വിഭാഗത്തിനും പുനഃസംഘടനയിൽ കനത്ത പ്രഹരമേറ്റു. സ്വന്തമെന്ന്‌ പറയാൻ ബ്ലോക്ക്‌ പ്രസിഡന്റുമാർ ഇല്ലാത്ത അവസ്ഥയാണ് ​ഗ്രൂപ്പിനുള്ളത്.  ഉറപ്പായും ലഭിക്കുമെന്ന്‌ കരുതിയ കുന്നത്തൂർ ബ്ലോക്കും കെ സി വിഭാഗം തട്ടിയെടുത്തു. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ്‌ ആർ ചന്ദ്രശേഖരന്റെ ജന്മസ്ഥലവും പ്രവർത്തന കേന്ദ്രവുമാണ്‌ കുന്നത്തൂർ. ഇവിടെ ചെന്നിത്തലയും  ചന്ദ്രശേഖരനും നിർദേശിച്ച വി വേണുഗോപാലക്കുറുപ്പിനെ സതീശൻ  വെട്ടുകയായിരുന്നു. കാരയ്‌ക്കാട്ട്‌ അനിലാണ്‌ പ്രസിഡന്റായത്. പ്രധാന ​ഗ്രൂപ്പുകളുടെ തർക്കത്തിൽ ഒന്നുംചെയ്യാനാകാത്ത അവസ്ഥയിലാണ്  കൊടിക്കുന്നിൽ സുരേഷിനൊപ്പമുള്ള ഡിസിസി പ്രസിഡന്റ്‌ പി രാജേന്ദ്രപ്രസാദ്‌.
 
 
കരുനാ​ഗപ്പള്ളിയിലും 
ഐ ഗ്രൂപ്പിന്റെ രഹസ്യയോ​ഗം
കരുനാഗപ്പള്ളി 
യൂത്ത് കോൺ​ഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കരുനാ​ഗപ്പള്ളിയിലും ഐ ​ഗ്രൂപ്പിന്റെ രഹസ്യയോ​ഗം. കെ സി വേണുഗോപാൽ, വി ഡി സതീശൻ, കെ സുധാകരൻ എന്നിവർ ചേർന്ന് തീരുമാനിക്കുന്ന നേതാക്കളെ വിജയിപ്പിക്കാൻ ഐ ഗ്രൂപ്പ് നേതാവ് പ്രസന്നൻ ഉണ്ണിത്താന്റെ കല്ലേലിഭാഗത്തെ വീട്ടിൽ ചേർന്ന യോ​ഗം തീരുമാനിച്ചു. കരുനാഗപ്പള്ളി എംഎൽഎസി ആർ മഹേഷ് നേതൃത്വം നൽകുന്ന ചെന്നിത്തല വിഭാഗത്തിനെ പരാജയപ്പെടുത്താനും യോ​ഗത്തിൽ തീരുമാനമെടുത്തു. 
കോൺഗ്രസ്‌ കരുനാഗപ്പള്ളി ബ്ലോക്ക് മുൻ പ്രസിഡന്റ് എൻ അജയകുമാർ, കെപിസിസി സെക്രട്ടറിമാരായ ആർ രാജശേഖരൻ, ബിന്ദു ജയൻ കെപിസിസി എക്സിക്യൂട്ടീവ് അം​ഗം എം അൻസാർ, കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളായ ഷിബു എസ് തൊടിയൂർ, പാവുമ്പ അനിൽകുമാർ, രാജപ്രിയൻ, നിയാസ് ഇബ്രാഹിം, ക്ലാപ്പന ശ്രീകുമാർ, ഷീബാ ബാബു, ജീവൻ, കെഎസ്‍യു നേതാക്കളായ സുബിൻഷാ, ജെയ്സൺ എന്നിവർ യോ​ഗത്തിൽ പങ്കെടുത്തതായാണ് വിവരം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top