15 December Sunday

മയക്കുഗുളികകളുമായി യുവാവ‌് അറസ‌്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Jun 7, 2019
തിരുവനന്തപുരം
സ്കൂൾ കോളേജ് വിദ്യാർഥികൾക്ക് മയക്ക് ഗുളിക വിതരണം ചെയ‌്തുവന്ന  യുവാവിനെ സിറ്റി ഷാഡോ പൊലീസ് പിടികൂടി. വലിയ വേളി തൈവിളാകം വീട്ടിൽ  വിജയന്റെ മകൻ ബിജീഷ് (22) ആണ് പിടിയിലായത്. മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നഗരത്തിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് മയക്ക് ഗുളിക വിൽക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന‌് നടത്തിയ അന്വേഷണത്തിലാണ‌് ഇയാൾ പിടിയിലായത്. ഇയാളിൽനിന്ന‌് നൂറ്റമ്പതോളം മയക്ക് ഗുളികകളും വ്യാജ കുറിപ്പടികളും കണ്ടെടുത്തിട്ടുണ്ട്. 
മാനസിക വിഭ്രാന്തിയുള്ളവർക്ക് രോഗശമനത്തിന് നൽകുന്ന ഗുളികകളാണിത്. വിദ്യാർഥികൾക്കിടയിൽ  മിഠായി, പടയപ്പ, പടം എന്നീ പേരുകളിലാണ‌് അറിയപ്പെടുന്നത‌്.
പത്തെണ്ണത്തിന് മുപ്പത് രൂപ മാത്രം വിലയുള്ള ഈ ഗുളികയ്ക്ക് ഏകദേശം 500 മുതൽ 700 രൂപ വരെ വിലയ്ക്കാണ് ഇയാൾ വിദ്യാർഥികൾക്ക് വിൽക്കുന്നത്. മരുന്നുകളുടെ വിപണനത്തിന് ശക്തമായ നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ദുരുപയോഗം ഒഴിവാക്കാൻ ഡോക്ടറുടെ പഴക്കമില്ലാത്ത ‘കുറിപ്പടി’കൂടിയേ തീരൂ. മാത്രമല്ല ഇതിന്റെ ഫോട്ടോ സ്റ്റാറ്റ് കോപ്പി മെഡിക്കൽ  ഷോപ്പിൽ  സൂക്ഷിക്കുകയും വേണം. എന്നാൽ   മരുന്ന് കുറിപ്പടികൾ വ്യാജമായി നിർമിച്ചാണ് ഇയാൾ ഗുളികകൾ വാങ്ങി ആവശ്യക്കാർക്ക് വിറ്റിരുന്നത്. 
കുട്ടികൾക്ക് ലഹരി വസ്തുക്കൾ എത്തുന്നത് തടയുന്നതിനായി തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ രൂപീകരിച്ച പ്രത്യേക ഷാഡോ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  കമീഷണർ  സഞ്ജയ് കുമാർ ഗുരുഡിന്റെ നിർദേശ പ്രകാരം സ്പെഷ്യൽ  ബ്രാഞ്ച് അസി. കമീഷണർ പ്രമോദ് കുമാറിന്റെ മേൽനോട്ടത്തിൽ മ്യൂസിയം  എസ‌്എച്ച‌്ഒ  സുനിൽ, എസ്ഐ ഹരിലാൽ  ഷാഡോ എഎസ്ഐമാരായ യശോധരൻ, ഗോപകുമാർ, ഷാഡോ ടീമംഗങ്ങൾ എന്നിവർ അറസ്റ്റിന‌് നേതൃത്വം നൽകി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top