20 August Tuesday
സ‌്കൂ‌ളിലേക്ക‌് പോയവർക്കിടയിലേക്ക‌് കാർ പാഞ്ഞുകയറി

3 കുട്ടികൾക്കും 2 അമ്മമാർക്കും പരിക്ക‌്

സ്വന്തം ലേഖകന്‍Updated: Friday Jun 7, 2019

പരിക്കേറ്റ അൻസി ആശുപത്രിയിൽ

 

 
അഞ്ചൽ 
ആദ്യദിനം സ‌്കൂളിലേക്ക‌് പുറപ്പെട്ട വിദ്യാർഥികൾക്കിടയിലേക്ക‌് കാർ പാഞ്ഞുകയറി മൂന്നു കുട്ടികൾക്കും രണ്ട‌് അമ്മമാർക്കും പരിക്കേറ്റു. അഞ്ചൽ ഏറം ഗവ. എൽപി സ‌്കൂളിലേക്ക‌് പോകുകയായിരുന്ന  ഏറം മൈലോട്ടുകോണം വാർഡിൽ ഇടുകയിൽ പുത്തൻവീട്ടിൽ ഷീബ (33), മക്ക‌ളായ അഞ്ചുവയസ്സുള്ള ബിസ്മി,  ഒന്നരവയസ്സുള്ള സുമയ്യ, ഇവരുടെ അയൽവാസിയായ ഏറം പുലയിറക്കത്ത് വീട്ടിൽ  അൻസി (28), മകൾ നൂർജഹാൻ (അഞ്ച‌്) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻതന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന‌് കുട്ടികളെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കും  അമ്മമാരെ മെഡിക്കൽകോളേജ് ആശുപത്രിയിലേക്കും മാറ്റി. വ്യാഴാഴ‌്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം.   
അയൽക്കാരായ  ഷീബയും അൻസിയും മക്കളെ ഒന്നാം ക്ലാസിലാക്കാൻ  ഏറം ഗവ. എൽപി സ‌്കൂളിലേക്ക‌് നടന്നുപോകുകയായിരുന്നു.  ഇവർ നടന്നിരുന്ന അതേ ദിശയിൽ വന്ന കാർ ഓട്ടോയിൽ ഇടിച്ച് നിയന്ത്രണംവിട്ട് വഴിയാത്രക്കാരെ ഇടിക്കുകയായിരുന്നു. വയലിൽ തൃക്കോവിൽ ക്ഷേത്ര മതിലിലിടിച്ചാണ‌് കാർ നിന്നത‌്.  ഓട്ടോ സ്റ്റാൻഡിലുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ചേർന്ന‌് കാറിനടിയിൽപെട്ടവരെ കാർ ഉയർത്തി പുറത്തെടുത്തു. പരിക്കേറ്റവർക്ക‌് തിരുവനന്തപുരത്ത‌് അടിയന്തര ചികിത്സ നൽകാൻ വിദ്യാഭ്യാസം, വനം മന്ത്രിമാരുടെ ഓഫീസ‌് ഇടപെട്ടതിനാൽ ആശുപത്രികളിൽ ആവശ്യമായ സജ്ജീകരണം ഏർപ്പെടുത്തിയിരുന്നു.  തിരുവനന്തപുരത്തേക്ക് പോകുന്ന വഴി വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ സുമയ്യ, ബിസ്മി എന്നീ കുട്ടികൾക്ക് അടിയന്തര ചികിത്സ നടത്തുകയും തലയ‌്ക്കു പരിക്കേറ്റ ബിസ്മിയെ സ‌്കാനിങ്ങിന‌് വിധേയമാക്കുകയുംചെയ‌്തിരുന്നു.  അഞ്ചൽ കുരുവിക്കോണം സ്വദേശിയായ റിട്ട. അധ്യാപികയാണ് കാർ ഓടിച്ചിരുന്നത്.  
നിയുക്ത എംപി എൻ കെ പ്രേമചന്ദ്രൻ, കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ,  വിദ്യാഭ്യാസ സംരക്ഷണ യഞ്ജം കോ–-ഓർഡിനേറ്റർ റെനി ആന്റണി, കെഎസ്ടിഎ ജില്ലാസെക്രട്ടറി  ജി കെ ഹരികുമാർ എന്നിവർ പരിക്കേറ്റവരെ സന്ദർശിച്ചു.
പ്രധാന വാർത്തകൾ
 Top