ചവറ
തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ചികിത്സയിലായിരുന്ന എൽഡിഎഫ് സ്ഥാനാർഥി മരിച്ചു. പന്മന പഞ്ചായത്ത് 13–-ാം വാർഡായ ചോലയിലെ രാസ്കയിൽ (ശ്യാം നിവാസ്) രാജു രാസ്ക (55)യാണ് മരിച്ചത്. ചവറ കെഎംഎംഎല്ലിൽ ഡിസിഡബ്ല്യു തൊഴിലാളിയായിരുന്ന രാജു ജോലി രാജിവച്ചാണ് സ്ഥാനാർഥിയായത്. സിപിഐ എം വടുതല ബ്രാഞ്ച്അംഗമാണ്. ഭാര്യ: ശുഭ. മക്കൾ: ശ്യാംരാജ്, അമൽരാജ്.
നവംബർ 24ന് വീടുകയറിയുള്ള പ്രചാരണത്തിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രാജുവിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിൽ അർബുദം സ്ഥിഥീകരിച്ചു. ശനിയാഴ്ച രാവിലെ ആറരയോടെയാണ് മരിച്ചത്. മൃതദേഹത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, ഏരിയ സെക്രട്ടറി ടി മനോഹരൻ, ജില്ലാകമ്മിറ്റി അംഗങ്ങളായ രാജമ്മ ഭാസ്കരൻ, അഡ്വ. ജി മുരളീധരൻ, ജില്ലാപഞ്ചായത്ത് ചവറ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി എം ശ്യാം എന്നിവരും വിവിധ രാഷ്ട്രീയപാർടി നേതാക്കളും അന്ത്യോപചാരമർപ്പിച്ചു. വൈകിട്ടോടെ സംസ്കരിച്ചു.
നവംബർ 21ന് പന്മന പഞ്ചായത്ത് അഞ്ചാം വാർഡിലെ എൻഡിഎ സ്ഥാനാർഥി പന്മന വടക്കുംതല നെല്ലിപ്പറമ്പില്‍ വീട്ടില്‍ വിശ്വനാഥനും (60) നിര്യാതനായിരുന്നു. ഈ വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..