10 August Monday

കൊട്ടാരക്കര താലൂക്കാശുപത്രിയിൽ അർബുദ ശസ്ത്രക്രിയ വിജയം

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019

 

കൊട്ടാരക്കര  
കൊട്ടാരക്കര താലൂക്കാശുപത്രിയിൽ അപൂർവ ശസ്‌ത്രക്രിയയിലൂടെ വയോധികയ്ക്ക്‌ പുതുജീവൻ. മേലില സ്വദേശിയായ 86 വയസ്സുള്ള സ്ത്രീയുടെ കുടലിലെ അർബുദത്തിനുള്ള  ശസ്ത്രക്രിയയാണ്‌ വിജയകരമായി ചെയ്‌തത്‌. 
വൻകുടലിന്റെ അടിഭാഗത്തുണ്ടായ വളർച്ച മൂലം അതീവ ഗുരുതരാവസ്ഥയിലായിരുന്ന രോഗിക്ക് മലശോധന തടസ്സപ്പെടുകയും അടിക്കടി  അമിത രക്തസ്രാവം ഉണ്ടാകുകയായിരുന്നു. ഹൃദയ സംബന്ധമായ പ്രശ്നങ്ങളും ഉയർന്ന പ്രമേഹം, പ്രായം എന്നിവയും കാരണം മറ്റു ആശുപത്രികൾ  ശസ്ത്രക്രിയ നിരുത്സാഹപ്പെടുത്തി. 
കൊട്ടാരക്കര താലൂക്കാശുപത്രിയിലെ കൺസൽട്ടന്റ്‌ സർജൻ ജി വിനുവിന്റെ  നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയ ഏഴു മണിക്കൂർ നീണ്ടു. വൻകുടലിന്റെ വലിയ ഭാഗം, ഗർഭാശയം, ഗർഭനാളം, അണ്ഡാശയം എന്നിവ പൂർണമായും നീക്കം ചെയ്യുകയും പകരം കൊളോസ്റ്റമി സംവിധാനം പിടിപ്പിക്കുകയും ചെയ്‌തു. പൂർണസുഖം പ്രാപിച്ച രോഗിയെ  ഉടൻ ഡിസ്ചാർജ് ചെയ്യുമെന്നും  പതോളജി പരിശോധനകൾക്ക് ശേഷം തുടർ ചികിത്സ സാധ്യമാക്കുമെന്നും ഡോ. വിനു അറിയിച്ചു. ശസ്ത്രക്രിയയിൽ സർജൻ ഡോ. സുബി, ഗൈനക്കോളജിസ്റ്റ് ഡോ. റീന,  അനസ്തെറ്റിസ്റ്റുമാരായ ഡോ.  മനുരാജ്, ഡോ. രാജീവ്, ലിസിയമ്മ, ജെസി, റീജ, പ്രീത, അഞ്ജന എന്നിവരും 
പങ്കെടത്തു. 
സ്വകാര്യ ആശുപത്രിയിൽ ലക്ഷങ്ങൾ ചെലവു വരുന്ന ശസ്‌ത്രക്രിയയാണ്‌ ചുരുങ്ങിയ ചെലവിൽ താലൂക്കാശുപത്രിയിൽ സാധ്യമാക്കിയത്. ജില്ലയിലെ സർക്കാർ ആശുപത്രിയിൽ ആദ്യമായാണ് ഇത്തരമൊരു ശസ്‌ത്രകിയ നടന്നതെന്നു സൂപ്രണ്ട് ഡോ. സുനിൽകുമാർ പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top