11 July Saturday
ചുരുളി കോളനിയിൽ വെള്ളക്കെട്ട്‌

തടയണ നിറയെ ദുരിതം

സ്വന്തം ലേഖകന്‍Updated: Wednesday Nov 6, 2019
 
തഴവ 
പള്ളിക്കലാറ്റിൽ  അശാസ്‌ത്രീയമായി നിർമിച്ച തടയണ തഴവ  പാവുമ്പ ചുരുളി കോളനിക്കാരെ നട്ടംതിരിക്കുകയാണ്‌. തടയണ നിർമിച്ചതോടെ  പ്രദേശത്ത്‌ വെള്ളം കെട്ടിനിൽക്കാൻ തുടങ്ങിയത്‌ പകർച്ച വ്യാധികൾ വിളിച്ചുവരുത്തുമെന്ന്‌ നാട്ടുകാർ ഭയപ്പെടുന്നു. 
നിലവിൽ കോളനിയിലെ നാൽപ്പതോളം വീടുകൾ മാലിന്യത്താൽ വളയപ്പെട്ട അവസ്ഥയിലാണ്‌. ശുചിമുറി  മാലിന്യം മുതൽ ഓടവെള്ളം  വരെയാണ്‌ വീടുകളിൽ.  കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന കിണറുകളും  മാലിന്യകേന്ദ്രങ്ങളായി. കൊതുക്‌ സാന്നിധ്യവും പെരുകി.  കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ എലിപ്പനിയും മഞ്ഞപ്പിത്തവും പ്രദേശത്ത്‌  പടർന്നുപിടിച്ചിരുന്നു. ലാബ് റിപ്പോർട്ടിലും ഇക്കാര്യം സ്ഥിരീകരിച്ചതാണ്. 
കുട്ടികൾക്ക്‌ സ്കൂളിൽ പോകാനോ കശുവണ്ടിത്തൊഴിലാളികൾക്ക്‌ ഫാക്ടറിയിൽ പോകാനോ കഴിയാത്ത വിധം  തൊടിയൂർ –പാവുമ്പ റോഡും വെള്ളത്തിലാണ്.  കോളനിയോട്‌ ചേർന്ന മണ്ണിട്ട ഡാം, മറുതാകുറ്റി, പാവുമ്പ തെക്ക് വള്ളക്കടവുഭാഗം, ചിറയ്ക്കൽ അമ്പലം, കച്ചിക്കാല വയൽ എന്നിവിടങ്ങളാകെ വെള്ളക്കെടുതിയിലാണ്. 
വെള്ളം ഒഴുകിപ്പോകാൻ മാർഗങ്ങളില്ല. വട്ടക്കായലിനോട് ചേർന്നാണ് ചുരുളി കോളനി. വെള്ളം തങ്ങിനിന്ന് മണ്ണ് ഇരുത്തിയതാണ് ശുചിമുറി  ടാങ്കുകൾ പൊട്ടാൻ കാരണം.  ഉയരം കുറഞ്ഞ കിണറുകളിലേക്കും മലിനജലം എത്തിയതിനെ തുടർന്ന് കുടിവെള്ളവും ഉപയോഗിക്കാൻ പറ്റാതായി. കിണറുകളിൽ ചെളിയും മണ്ണും മൂടിയിട്ടുണ്ട്. ദുർഗന്ധവും രൂക്ഷമാണ്‌. മൂക്കുപൊത്തിവേണം വീടിനുള്ളിലും കഴിയാൻ.  തടയണ നിർമിച്ചതോടെ  ഡാമിൽ വെള്ളം കെട്ടിനിൽക്കുകയും വട്ടക്കായലിലേക്ക് ഒഴുകുകയുമാണ്. മഴവെള്ളത്തിനുപുറമെ പള്ളിക്കലാറ്റിലൂടെ കിഴക്കൻ മേഖലയിൽനിന്ന് ഒഴുകിവരുന്ന വെള്ളവും പ്രദേശത്തേക്ക് കയറുന്ന സ്ഥിതിയാണ്‌  . തൊടിയൂർ പാലത്തിനും കണിയാങ്കടവിനും മധ്യേയാണ് ചെക്ക് ഡാം നിർമിച്ചത്. 
ഷർട്ടർ ഇല്ലാത്താണ് പ്രശ്നം. ഷർട്ടറിന് പകരമുള്ള കോൺക്രീറ്റ് ഹോളിന് വ്യാസം കുറവുമാണ്. ഇത് വെള്ളം ഒഴുക്കിന് ഉപകരിക്കുന്നില്ല. പോരുവഴി, ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, തഴവ പഞ്ചായത്ത് പ്രദേശങ്ങളിലൂടെയാണ് പള്ളിക്കലാർ ഒഴുകുന്നത്. 
നടപടിയെടുക്കും: 
ഡെപ്യൂട്ടി ഡിഎംഒ 
പാവുമ്പ ചുരുളി കോളനിയിൽ പകർച്ചവ്യാധികൾ പടരാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി ഡിഎംഒ ആർ സന്ധ്യ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ ടീം അവിടം സന്ദർശിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. തഴവ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽനിന്ന്‌ ആരോഗ്യപ്രവർത്തകൾ അവിടെയെത്തി പ്രതിരോധ പ്രവർത്തനങ്ങൾ ഏറ്റെടുക്കും.
25 ഏക്കർ നെൽക്കൃഷിയും നശിച്ചു
ചുരുളി പാടശേഖരത്തിലെ 25 ഏക്കറോളം നെൽക്കൃഷിയും വെള്ളക്കെട്ടിൽ മുങ്ങി. സംസ്ഥാന ഹരിതമിഷന്റെ സഹായത്താൽ തരിശുകിടന്ന ഏലായിൽ കർഷകർ ഇറക്കിയ കൃഷിയാണ് നശിച്ചത്. വട്ടക്കായലിൽ അടുത്ത നെൽക്കൃഷിക്കും തടസ്സമായി വെള്ളക്കെട്ട് മാറിയിരിക്കുകയാണ്. വെള്ളംവറ്റിക്കാനും കഴിയുന്നില്ല. മോട്ടോർപ്പുരകളും വെള്ളത്തിലാണ്. 
ദുരിതമേറ്റ് കന്നുകാലികളും
പാടത്തെ വൈക്കോലും പറമ്പിലെ പുല്ലും നശിച്ചുപോയതിനാൽ ക്ഷീരകർഷകരും കെടുതിയിലായി. എന്തിനേറെ കന്നുകാലികളെ മേയ്ക്കുന്ന സ്ഥലവും വെള്ളക്കെട്ടിലാണ്. ഇതോടെ പാൽ ഉൽപ്പാദനവും കുറഞ്ഞു. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ പാവുമ്പ ക്ഷീരസംഘം വൈക്കോലും കാലിത്തീറ്റയും സൗജന്യമായി നൽകിയിരുന്നു.
പ്രധാന വാർത്തകൾ
 Top