09 November Saturday
മുക്കുപണ്ടം പണയംവച്ച കേസ്‌

മുഖ്യപ്രതി ഉൾപ്പെടെ 2 പേർ 
പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024

 

കൊല്ലം
മുക്കുപണ്ടം പണയംവച്ച കേസിൽ രണ്ടു വ്യത്യസ്ത സംഭവങ്ങളിൽ മുഖ്യപ്രതികൾ ഉൾപ്പെടെ രണ്ടുപേർ കൊല്ലത്ത് അറസ്റ്റിലായി. ഇരവിപുരം സ്റ്റേഷനിൽ രജിസ്റ്റർചെയ്ത നാലു കേസുമായി ബന്ധപ്പെട്ട് ടികെഎം കോളേജ് പോസ്റ്റ് ഓഫീസിൽ കോളേജ് നഗർ 112 കൂട്ടത്തുവിള വീട്ടിൽ അൽത്താഫ് മൻസിൽ അൽത്താഫ് (27), ശക്തികുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർചെയ്ത രണ്ടു കേസുകളുമായി ബന്ധപ്പെട്ട് ശക്തികുളങ്ങര പഴമ്പിള്ളി മഠത്തിൽ തുളസീധരൻ (52)എന്നിവരാണ് അറസ്റ്റിലായത്. പുന്തലത്താഴത്തുള്ള നാലു സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയംവച്ച കേസിലാണ് അല്‍ത്താഫ് അറസ്റ്റിലായത്. 
മെയ്‌ 21ന്‌ 12.3 ഗ്രാം പണയംവച്ച് 55,000 രൂപ തട്ടിയ കേസിൽ സഞ്ജൂചന്ദ്രൻ എന്നയാളെയും മെയ്‌ 17ന്‌ രണ്ടു സംഭവങ്ങളിലായി 10ഗ്രാം വീതം യഥാക്രമം 50000, 41000 രൂപയും തട്ടിയ കേസിൽ രതീഷ് എന്നയാളെയും ആഗസ്ത് 30ന്‌ 13ഗ്രാം പണയം വയ്ക്കാൻ ശ്രമിച്ച കേസിൽ ഗീത, ഗിരിജ എന്നിവരെയും ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടന്ന് നടന്ന അന്വേഷണത്തിലാണ് ഇരവിപുരത്തും ശക്തികുളങ്ങരയിലും അറസ്റ്റ് നടന്നത്. പുന്തലത്താഴത്ത് മുക്കുപണ്ടം പണയംവച്ച കേസുമായി ബന്ധപ്പെട്ട് ഇടുക്കി സ്വദേശിയായ സുധീഷിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇയാളെ ചോദ്യംചെയ്തതിൽ പുന്തലത്താഴത്തെ എല്ലാ കേസുകളിലും പ്രതികൾക്ക് പണയം വയ്ക്കുന്നതിനായി മുക്കുപണ്ടം നൽകിയത് സുധീഷാണെന്ന് സമ്മതിച്ചിരുന്നു. ഒരുലക്ഷം രൂപയ്ക്ക് 25000 രൂപ കമീഷൻ എന്ന നിലയിലായിരുന്നു ഇയാൾ നൽകിയിരുന്നത്. സംശയം തോന്നാതിരിക്കുന്നതിനായി സാമ്പത്തിക ബുദ്ധിമുട്ടുള്ള പ്രദേശവാസികളെ തിരഞ്ഞുപിടിച്ച് പരിചയം ഉണ്ടാക്കി പണയം വയ്പിക്കുകയായിരുന്നു. സുധീഷ് ഉൾപ്പെടെയുള്ള ഇത്തരം വിതരണക്കാർക്ക് മുക്കുപണ്ടം മൊത്തമായി എത്തിച്ചു നൽകുന്നത് അൽത്താഫാണെന്ന് നേരത്തെ പൊലീസിന് വിവരം ലഭിച്ചിരുന്നു. വളരെ നാളായി നിരീക്ഷണത്തിലായിരുന്ന ഇയാൾ ശനിയാഴ്ച പുലർച്ചെ തഴുത്തലയിലെ ഭാര്യ വീട്ടിൽ എത്തിയപ്പോഴാണ് പിടിയിലായത്. ഇപ്പോൾ വിചാരണ നടക്കുന്ന എംഡിഎംഎ കേസിൽ ഉൾപ്പെടെ ആറു കേസുകളിൽ പ്രതിയാണ് അല്‍ത്താഫ്. 
കാവനാട് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ഏപ്രിൽ 29ന്‌ 10ഗ്രാം പണയംവച്ച് 40,500രൂപ തട്ടിയ കേസിലാണ് തുളസീധരൻ അറസ്റ്റിലായത്. ഇയാളെ ചോദ്യംചെയ്തതിൽ കാവനാട്, ശക്തികുളങ്ങര, രാമൻകുളങ്ങര എന്നീ സ്ഥലങ്ങളിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ പണയംവച്ചതായി വെളിവായിട്ടുണ്ട്. കൊല്ലം അസിസ്റ്റന്റ്‌ കമീഷണർ എസ് ഷെരീഫ്, പ്രത്യേക അന്വേഷക സംഘത്തിൽ ഇരവിപുരം ഇൻസ്പെക്ടർ ആർ രാജീവ്, ശക്തികുളങ്ങര ഇൻസ്പെക്ടർ ആർ രതീഷ്,  ഇരവിപുരം എസ്ഐ ജയേഷ്, ജിഎസ്ഐ അജിത്, സിപിഒമാരായ സുമേഷ്, അനീഷ്, അനൂപ് എന്നിവരും ശക്തികുളങ്ങര ജിഎസ്ഐ പ്രദീപ്, ജിഎസ്ഐ ഗോപാലകൃഷ്ണൻ, എസ് സിപിഒ മനു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top