15 October Tuesday

മീരയുടെ കൃഷി സിംപിളാണ്‌, പവർഫുള്ളും

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2019
കൊല്ലം
ചീര മുതൽ സൂര്യകാന്തി പൂക്കൾ വരെയുള്ള വീട്ടുമുറ്റും കാണണോ? ചാത്തന്നൂർ എംസി പുരത്തുള്ള രാജേന്ദ്ര മനയിലേക്ക്‌ വന്നാൽ മതി. കൃഷിയിടത്തിൽ വൈവിധ്യം തീർക്കുന്നത്‌ മീരാബായി എന്ന വീട്ടമ്മയാണ്‌. 
ജൈവകൃഷി രീതികൾ പിന്തുടർന്ന്‌ സമ്മിശ്ര കൃഷിയിൽ സമ്പൂർണ വിജയം കൊയ്യുകയാണിവർ. വീടിനോട് ചേർന്ന ഒന്നരയേക്കറിൽ  നാട്ടിലെ കാലവസ്ഥയ്ക്ക് ചേരില്ലെന്ന് കരുതപ്പെട്ടിരുന്ന ബീറ്റ്‌റൂട്ടും ക്യാരറ്റും കോളിഫ്‌ളവറും ക്യാബേജും ബീൻസും എല്ലാമുണ്ട്. പാഷൻ ഫ്രൂട്ട്, റെഡ് ലേഡി പപ്പായ, മുസംബി തുടങ്ങി വിവിധ പഴവർഗങ്ങളും വിളഞ്ഞുനിൽക്കുന്നു. 
പഴം, പച്ചക്കറി കൃഷിക്ക് പുറമേ പശുക്കളും മീനും കോഴിയും മീരാബായിയുടെ കാർഷികലോകം വിപുലമാക്കുന്നു. വിവാഹ ശേഷം ഭർതൃഗൃഹത്തിൽ നിന്ന് കൊണ്ടുവന്ന ചീര വിത്തിൽ നിന്നാണ് മീരയുടെ കാർഷിക ജീവിതത്തിന്റേയും തുടക്കം. ഇന്നത് രണ്ടു ലക്ഷം രൂപവരെ വരുമാനം നൽകുന്നതായി. കാലവസ്ഥയ്‌ക്കനുസരിച്ച്‌ വിവിധ വിളകൾ മാറിമാറി കൃഷിയിറക്കും. 
പുതുപരീക്ഷണങ്ങൾക്കും മീര തയ്യാർ. സർക്കാർ സംഘടിപ്പിക്കുന്ന ക്ലാസുകളാണ് ഇതിന് പ്രചോദനം. ഫിഷറീസ് വകുപ്പിന്റെ  ക്ലാസിൽ നിന്നാണ്‌ മീൻകൃഷി തുടങ്ങിയത്‌. മീൻകുഞ്ഞുങ്ങളെ വകുപ്പ് സൗജന്യമായി നൽകി.  
കൃഷിഭവൻ മുൻകൈയെടുത്താണ് വിവിധ പദ്ധതികളിലേക്കുള്ള അറിവും അർഥവും പകർന്ന് നൽകിയത്. കൃഷിഭവനും ചാത്തന്നൂർ അഗ്രോ സർവീസ് സെന്ററും വഴിയാണ് വിത്തുകളും തൈകളും ലഭിച്ചത്. ഇക്കോഷോപ്പ് വഴി വിൽപ്പനയും തകൃതി. പ്രാദേശിക വിൽപ്പനയും ഉണ്ട്.  ഇതിലൂടെ മാത്രം 25,000 രൂപ മാസ വരുമാനമുണ്ട്‌.
സർക്കാർ സഹായം കൃഷി വകുപ്പ് വഴി ലഭിക്കുന്ന സാഹചര്യത്തിൽ കൃഷി കൂടുതൽ വിപുലീകരിക്കാനുള്ള തീരുമാനത്തിലുമാണ് മീര. പ്രവാസ ജീവിതം മതിയാക്കിയ ഭർത്താവ് രാജേന്ദ്രൻ പൂർണ പിന്തുണ നൽകുന്നു. മക്കളായ ഹരികൃഷ്ണനും ദുർഗാദത്തനും സഹായിക്കാൻ ഒപ്പം കൂടാറുണ്ട്. മികച്ച കർഷകയ്ക്കുള്ള  സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരത്തിനുള്ള അന്തിമപട്ടികയിൽ ഇടം നേടാനായത്‌ തനിക്കുന്ന അംഗീകാരമായി മീര കാണുന്നു. മറ്റ്‌ ഒട്ടേറെ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
പ്രധാന വാർത്തകൾ
 Top