22 October Tuesday

തരിഗാമിയെ ഉടൻ എയിംസിലേക്ക്‌ മാറ്റണം: സുപ്രീംകോടതി

സ്വന്തം ലേഖകൻUpdated: Friday Sep 6, 2019
 
ന്യൂഡൽഹി 
ശ്രീനഗറിൽ വീട്ടുതടങ്കലിൽ കഴിയുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ്‌ യൂസഫ്‌ തരിഗാമിയെ വിദഗ്‌ധചികിത്സയ്‌ക്കായി ഡൽഹിയിൽ എത്തിക്കണമെന്ന്‌ സുപ്രീംകോടതി. ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഒഫ് മെഡിക്കൽ സയൻസസിലേക്ക്‌ മാറ്റാൻ ഉടൻ നടപടി സ്വീകരിക്കാൻ ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ അധ്യക്ഷനായ ബെഞ്ച്‌ ഉത്തരവിട്ടു. കോടതി അനുമതിയേടെ കശ്‌മീരിലെത്തി തരിഗാമിയെ സന്ദർശിച്ച സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമർപ്പിച്ച  സത്യവാങ്‌മൂലം പരിഗണിച്ചാണ്‌ കോടതി ഇടപെടൽ. 
തരിഗാമിയെ എപ്പോൾ, എങ്ങനെ എത്തിക്കണമെന്നത്‌ ഷേർ ഇ കശ്‌മീർ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസിലെ (എസ്‌കെഐഎംഎസ്‌) ഡോക്ടർമാരുമായി ആലോചിച്ച്‌ സംസ്ഥാന സർക്കാർ തീരുമാനിക്കണം. അദ്ദേഹത്തെ അനുഗമിക്കാൻ കുടുംബത്തിലെ ഒരംഗത്തിന്‌  അവസരം ഒരുക്കണമെന്നും ജസ്റ്റിസുമാരായ എസ്‌ എ ബോബ്‌ഡെ, എസ്‌ അബ്ദുൾ നസീർ എന്നിവർ ഉൾപ്പെട്ട ബെഞ്ച്‌ ഉത്തരവിട്ടു. കോടതി നിർദേശിച്ചതിന്‌ അപ്പുറമുള്ള ചില കാര്യങ്ങൾകൂടി സത്യവാങ്‌മൂലത്തിൽ ഉണ്ടെന്നും  അതിന്‌ മറുപടി നൽകേണ്ടത്‌ സർക്കാരാണെന്നും ചീഫ്‌ ജസ്റ്റിസ്‌ നിരീക്ഷിച്ചു. ഒരാഴ്‌ചയ്‌ക്കുള്ളിൽ മറുപടി നൽകാൻ നിർദേശിച്ച്‌ സർക്കാരിന്‌ നോട്ടീസ്‌ അയച്ചു. 
സുപ്രീംകോടതി അനുമതിയോടെ ആഗസ്‌ത്‌ 29ന്‌ ശ്രീനഗറിൽ എത്തിയ യെച്ചൂരി തരിഗാമിയെ സന്ദർശിക്കുകയും ഒരുദിവസം അവിടെ തങ്ങിയിരുന്നു. ഡൽഹിയിൽ എത്തി തരിഗാമിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും കശ്‌മീരിലെ പൊതുസാഹചര്യങ്ങളെക്കുറിച്ചും കോടതിയിൽ സത്യവാങ്‌മൂലം സമർപ്പിച്ചു. തരിഗാമി അന്യായമായ തടങ്കലിൽ തുടരുന്ന സാഹചര്യത്തിൽ ഹേബിയസ്‌ കോർപസ്‌ പെറ്റീഷനിലെ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ യെച്ചൂരിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജു രാമചന്ദ്രൻ കോടതിയെ അറിയിച്ചു. അതേസമയം, പ്രത്യേക പദവി റദ്ദാക്കിയതിനെത്തുടർന്ന്‌ താഴ്‌വരയിൽ ഏർപ്പെടുത്തിയ മാധ്യമനിയന്ത്രണങ്ങൾക്കെതിരെ കശ്‌മീർ ടൈംസ്‌ എഡിറ്റർ അനുരാധാ ഭാസിൻ സമർപ്പിച്ച ഹർജിയിൽ വാദംകേൾക്കൽ ഈ മാസം 16ലേക്ക്‌ മാറ്റി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top