26 September Saturday
സുഭിക്ഷ കേരളത്തിൽ പച്ചയണിയുന്നത്‌ 5568.27 ഹെക്ടർ

പത്തായം നിറയൂലോ

സ്വന്തം ലേഖകന്‍Updated: Thursday Aug 6, 2020
കൊല്ലം
സുഭിക്ഷ കേരളം പദ്ധതിയിൽ ജില്ലയിൽ പച്ചയണിയുന്നത്‌ 5568.27 ഹെക്ടർ. ഇതിൽ 1909.36 ഹെക്ടർ തരിശിൽ ആദ്യഘട്ടം കൃഷിയിറക്കും. 1871.52 ഹെക്ടറിൽ കൃഷി ആരംഭിക്കുന്ന 313 പദ്ധതികൾക്ക്‌ അംഗീകാരം നൽകി. 7.17 കോടി രൂപ ഇതിനായി അനുവദിച്ചു‌‌. തരിശിലല്ലാതെയുള്ള കൃഷി‌ക്കായി 410 പദ്ധതികൾക്കും‌ ഇതിനകം അനുമതി നൽകി‌. 13.46 കോടി രൂപയാണ് ഇതിനായി‌ അനുവദിച്ചത്‌.  
ഒന്നാംഘട്ടം ആരംഭിച്ചതിൽ നെൽക്കൃഷിയാണ്‌ മുന്നിൽ. 620 ഹെക്ടറിൽ നെൽക്കൃഷി തുടങ്ങി. 669 ഹെക്ടറിൽ വൈകാതെ കൃഷിയിറക്കും. 314 ഹെക്ടർ വാഴ, 209 ഹെക്ടർ പച്ചക്കറി എന്നിവയും തുടങ്ങി. കിഴങ്ങുവിളകൾ, പയർവർഗങ്ങൾ, കുരുമുളക്‌, ഇഞ്ചി എന്നിവ ഉൾപ്പെടെ മറ്റു‌ വിളകൾക്കും സുഭിക്ഷ കേരളത്തിൽ പ്രാധാന്യംനൽകുന്നു.   
വിവിധ ബാങ്കുകളുടെ വായ്‌പകളും തൊഴിലുറപ്പു‌ തൊഴിലാളികളുടെ സേവനവും സുഭിക്ഷ കേരളത്തിന്‌ വേഗം കൂട്ടുന്നുണ്ട്‌. ഗ്രാമീൺ ബാങ്ക്‌, മറ്റു ദേശസാൽക്കൃത ബാങ്ക്‌ എന്നിവ വഴി 956 പേർക്ക്‌‌ വായ്‌പ അനുവദിച്ചു‌. അധികമായി വരുന്ന ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി ജില്ലയിൽ 28 ആഴ്‌ചച്ചന്തകളും 36 ഇക്കോഷോപ്പും  24 എ ഗ്രേഡ്‌ ക്ലസ്റ്റർ വിപണികളും സജ്ജമാക്കുന്നുണ്ട്‌. കാളിയംചന്തയിലെ ജില്ലാതലമാർക്കറ്റും ബിഎൽഎഫ്‌ഒ വഴി മൂന്നു‌ മാർക്കറ്റും എട്ട്‌ എഫ്‌ആർഒ മാർക്കറ്റും വിളകളുടെ വിപണനത്തിന്‌ സജ്ജം. കൂടാതെ ഓൺലൈനിലും നേരിട്ടും രജിസ്റ്റർ ചെയ്‌ത യുവകർഷകർക്കും എൻആർഐ, മറ്റു കർഷകർ എന്നിവർക്കായി മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ വ്യവസായവകുപ്പുമായി ചേർന്ന്‌ 22 പദ്ധതികളും രൂപകൽപ്പന ചെയ്‌തിട്ടുണ്ട്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top