19 September Thursday

ഡിപ്പോ ബസുകൾ നിർത്തി; എംഎൽഎമാർ ഓടിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2019
കരുനാഗപ്പള്ളി 
കരുനാഗപ്പള്ളി ഡിപ്പോയിൽനിന്നുള്ള  ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ പകുതിയായി കുറയ്ക്കാനുള്ള കെഎസ്ആർടിസി തീരുമാനം പൊളിച്ച്‌  എംഎൽഎമാർ.  
  പ്രതിഷേധം കനത്തതോടെ  മലനട, തെക്കുംഭാഗം, കോട്ടയം എന്നീ മൂന്നു സർവീസ്‌ പുനഃസ്ഥാപിച്ചു.  എംഎൽഎമാരായ ആർ രാമചന്ദ്രൻ, എൻ വിജയൻപിള്ള, കോവൂർ കുഞ്ഞുമോൻ എന്നിവരാണ്‌ നിർത്തിയ ബസുകൾ വീണ്ടും ഓടിച്ചത്‌. 
 ഡിപ്പോയിൽനിന്ന്‌ ഓപ്പറേറ്റ്‌ ചെയ്യുന്ന 13 ഫാസ്റ്റ്‌ പാസഞ്ചറുകൾ ഞായറാഴ്‌ച മുതൽ  ഏഴായി ചുരുക്കിയിരുന്നു.  ഏഴു സർവീസാകട്ടെ കൊല്ലം –-ആലപ്പുഴ റൂട്ടിൽ ചെയിൻ സർവീസ് മാത്രമാകും നടത്തുക. ഇതോടെ ഗ്രാമീണ ജനതയ്‌ക്ക്‌ ബസില്ലാത്ത അവസ്ഥയായിരുന്നു. 
നിർത്തലാക്കാൻ തീരുമാനിച്ച പല സർവീസുകളും വർഷങ്ങൾക്കു മുമ്പേ തുടങ്ങിയതാണ്‌. മികച്ച കലക്‌ഷൻ ലഭിക്കുന്ന ഈ റൂട്ടുകളിൽനിന്ന്‌ കെ എസ്‌ആർടിസി പിൻവാങ്ങുന്നതിനെതിരെ വൻ പ്രതിഷേധമാണ്‌ യാത്രക്കാർ ഉയർത്തിയത്‌. സർവീസുകൾ നിർത്തിയാൽ ഗ്രാമീണജനത വലയുമെന്ന്‌ തിരിച്ചറിഞ്ഞ എംഎൽഎമാർ സംഭവം അറിഞ്ഞയുടൻ തന്നെ ഇടപെട്ടതിനാലാണ്‌ മൂന്നു സർവീസ്‌ പുനഃസ്ഥാപിക്കാനായത്‌.  
പരിഷ്കരണ പദ്ധതികളുടെ ഭാഗമായാണ് സർവീസ്‌ നിർത്തിയതെന്നാണ്‌  ഡിപ്പോയുടെ വിശദീകരണം. 
  ജനങ്ങൾ മെഡിക്കൽ കോളേജ്‌, ആർസിസി, ശ്രീചിത്ര  തുടങ്ങിയ ആശുപത്രികളിലേക്ക് പോകുന്നതിനായി ആശ്രയിക്കുന്ന ഓച്ചിറയിൽനിന്നുള്ള  പ്രയാർ, വള്ളിക്കാവ്, ആലുംകടവ് വഴി തിരുവനന്തപുരത്തേക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചർ ബസ്‌ ഉൾപ്പെടെ ഉടൻ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രധാന വാർത്തകൾ
 Top