02 July Thursday

സേവ്യറിന്റെ മൃതദേഹം സംസ്‌ക‌രിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020

കോവിഡ്‌ ബാധിച്ച്‌ മരിച്ച സേവ്യർ ലോറൻസിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനായി മുളങ്കാടകം ശ്മശാനത്തിൽ എത്തിച്ചപ്പോൾ

സ്വന്തം ലേഖകന്‍
കൊല്ലം
കോവിഡ് ബാധിച്ചു മരിച്ച കാവനാട് മീനത്ത് ചേരിയിൽ കാളച്ചേഴത്ത് കിഴക്കതിൽ സേവ്യർ ലോറൻസ് (63)ന്റെ മൃതദേഹം സംസ്കരിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച്‌ മുളങ്കാടകം ശ്മശാനത്തിൽ വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംസ്കാരം. ആരോഗ്യ പ്രവർത്തകരെ കൂടാതെ അടുത്ത ബന്ധുക്കളായ മൂന്ന് യുവാക്കളും സുരക്ഷാ വസ്ത്രങ്ങളണിഞ്ഞ് പങ്കെടുത്തു. മരിച്ചയാളുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുള്ള മക്കൾ ഉൾപ്പെടെയുള്ളവരെ സംസ്കാര ചടങ്ങിൽനിന്ന് ഒഴിവാക്കി. സേവ്യർ ലോറൻസിന്റെ ഭാര്യ, മക്കൾ, മരുമക്കൾ, കൊച്ചുമക്കൾ, വീടുമായി അടുത്തിടപഴകിയ ബന്ധുക്കൾ എന്നിവരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചു. 
മരിച്ചയാളുടെ ഭാര്യ മേരി മത്സ്യവിൽപ്പനയ്ക്ക് എത്തിയിരുന്ന ശക്തികുളങ്ങര ഹാർബർ സുരക്ഷാ നടപടികളുടെ ഭാഗമായി കഴിഞ്ഞദിവസംതന്നെ അടച്ചിരുന്നു. കോർപറേഷനിലെ മരുത്തടി, ശക്തികുളങ്ങര, മീനത്ത് ചേരി, കാവനാട്, വള്ളിക്കീഴ്, ആലാട്ട്കാവ് ഡിവിഷനുകൾ കണ്ടെയ്ൻമെന്റ്‌ സോണായി പ്രഖ്യാപിച്ചു. 
സേവ്യറിന്റെ വീട്ടിലേക്കുപോകുന്ന റോഡ് ഉൾപ്പെടെയുള്ള ഇടറോഡുകളെല്ലാം പൊലിസ് ബാരിക്കേഡ് സ്ഥാപിച്ച് അടച്ചു. പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊലീസ് പിക്കറ്റിങ്‌ ഏർപ്പെടുത്തി. നാട്ടുകാർ സ്വീകരിക്കേണ്ട സുരക്ഷാ നടപടികളെക്കുറിച്ച് പൊലീസ് മൈക്ക് അനൗൺസ്‌മെന്റ്‌ നടത്തി.
പ്രധാന വാർത്തകൾ
 Top