07 July Tuesday
ജില്ലയിൽ 2 പേർക്കുകൂടി കോവിഡ്

ആശങ്ക അകലാതെ

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020

 കൊല്ലം

ജില്ലയിൽ രണ്ടു‌ വനിതകൾക്ക്‌ വെള്ളിയാഴ്‌ച കോവിഡ്  സ്ഥിരീകരിച്ചു. മുംബൈയിൽ സ്റ്റാഫ് നേഴ്സായ  ഉമ്മന്നൂർ സ്വദേശിനിക്കും താജിക്കിസ്ഥാനിൽ മെഡിക്കൽ വിദ്യാർഥിനിയായ പത്തൊമ്പതുകാരിക്കുമാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. ഉമ്മന്നൂർ സ്വദേശിനി  കഴിഞ്ഞ 28ന് മുംബൈയിൽനിന്ന്‌ എയർ ഏഷ്യ 1532 വിമാനത്തിലാണ്‌ (സീറ്റ് നമ്പർ 8ബി) കൊച്ചിയിൽ എത്തിയത്‌. അവിടെനിന്നു സ്വകാര്യ കാറിൽ വീട്ടിലെത്തി. ജൂൺ രണ്ടിന് കൊട്ടാരക്കര താലൂക്കാ ശുപത്രിയിൽ സാമ്പിൾ ശേഖരിച്ചു. രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന്  നാലിന് പാരിപ്പള്ളി മെഡിക്കൽകോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്‌ച  പോസിറ്റീവ് ആയി.  
താജിക്കിസ്ഥാനിൽ മെഡിക്കൽ വിദ്യാർഥിനിയായ പുനലൂർ ആരംപുന്ന സ്വദേശി കഴിഞ്ഞ 27ന് എയർ ഇന്ത്യ വിമാനത്തിൽ (എഐ 1984, സീറ്റ് നമ്പർ 19ഇ) കണ്ണൂരിലാണ്‌ എത്തിയത്‌. അവിടെനിന്ന്‌ കെഎസ്ആർടിസി പ്രത്യേക സർവീസിൽ തിരുവനന്തപുരത്ത് എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവപരിശോധനയിൽ  പോസിറ്റീവ്  സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽകോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 
പഴുതടച്ച പ്രതിരോധം
മരിച്ച കാവനാട്‌ സ്വദേശിക്ക്‌ ‌ കോവിഡ്‌ സ്ഥിരീകരിക്കുകയും രോഗബാധിതരുടെ എണ്ണം കൂടുകയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ലയിൽ  പഴുതടച്ച പ്രതിരോധവുമായി അധികൃതർ‌. കാവനാട്‌ സ്വദേശി സേവ്യർ ലോറൻസിന്റെ ഭാര്യ മേരി മത്സ്യവിൽപ്പനയ്‌ക്കായി എത്തിയിരുന്ന ശക്തികുളങ്ങര ഹാർബർ സുരക്ഷാ നടപടികളുടെ ഭാഗമായി വ്യാഴാഴ്‌ച അടച്ചു. 
നഗരസഭയിലെ മരുത്തടി, ശക്തികുളങ്ങര, മീനത്തുചേരി, കാവനാട്, വള്ളിക്കീഴ്, ആലാട്ടുകാവ് ഡിവിഷനുകൾ കണ്ടെയിൻമെന്റ്‌ സോണായി പ്രഖ്യാപിച്ചു.സേവ്യറിന്റെ വീട്ടിലേക്കു‌ പോകുന്ന റോഡ് ഉൾപ്പെടെയുള്ള ഇടറോഡുകളെല്ലാം പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് അടച്ചു. പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊലീസ്‌ പിക്കറ്റിങ്‌ ഏർപ്പെടുത്തി. നാട്ടുകാർ സ്വീകരിക്കേണ്ട സുരക്ഷാ നടപടികളെക്കുറിച്ച് പൊലീസ് മൈക്ക് അനൗൺസ്‌മെന്റ്‌  നടത്തി.  ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ബോധവൽക്കരണവും തുടരുന്നു. 
പള്ളിമുക്ക്‌‌ പഴയാറ്റിൻകുഴി ചകിരിക്കട സ്വദേശിക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചതോടെ നഗരസഭയിലെ 34 മുതൽ 41 വരെയുള്ള ഡിവിഷനും കണ്ടെയിൻമെന്റ്‌ സോണാക്കി.
പ്രധാന വാർത്തകൾ
 Top