11 August Thursday

കൊല്ലം സ്റ്റേഷൻ രണ്ടാംഘട്ടത്തിൽ

സ്വന്തം ലേഖകൻUpdated: Sunday Dec 5, 2021
കൊല്ലം
കൊല്ലം റെയിൽവേ സ്റ്റേഷനെ വിൽപ്പനയ്‌ക്ക്‌ ഉൾപ്പെടുത്തിയിരിക്കുന്നത്‌ സ്വകാര്യവൽക്കരണത്തിന്റെ രണ്ടാംഘട്ട പട്ടികയിൽ. സ്വകാര്യവൽക്കരണ നടപടികളുടെ ഭാഗമായി ഭൂമിയുടെ കണക്ക്‌, ലൊക്കേഷൻ, സ്റ്റേഷൻ വരുമാനം, കച്ചവട സാധ്യത എന്നിവ സംബന്ധിച്ച റിപ്പോർട്ട്‌ തയ്യാറായി. തിരുവനന്തപുരം ഡിവിഷൻ അധികൃതർ കൊല്ലം സ്റ്റേഷനിൽനിന്ന്‌ വിവരങ്ങൾ ശേഖരിച്ചിരുന്നു. 
സംസ്ഥാനത്ത്‌ നഗരമധ്യത്തിൽ കൂടുതൽ ഭൂമി കൈവശമുള്ള റെയിൽവേ സ്റ്റേഷനുകളിലൊന്നാണ്‌ കൊല്ലം. കർബല മുതൽ എസ്‌എംപി, മേൽപ്പാലം, ചിന്നക്കട, ഉപാസന തുടങ്ങി ശങ്കേഴ്‌സ്‌ ആശുപത്രി വരെ നഗരംചുറ്റി 20 ഏക്കറോളമാണ്‌ സ്വകാര്യ ഏജൻസികൾ കണ്ണുവയ്‌ക്കുന്നത്‌. ഇവിടെ റസ്റ്റോറന്റ്‌, പാർക്കിങ്‌ സൗകര്യം, വാണിജ്യ സമുച്ചയം, ഗുഡ്‌ഷെഡ്‌ എന്നിവയാണ്‌ സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായി വരുന്നത്‌.  സ്റ്റേഷനുകളും വസ്‌തുവും പാട്ടത്തിന്‌ കൈമാറും. എല്ലാ സേവനങ്ങൾക്കും യൂസേഴ്‌സ്‌ ഫീ ഈടാക്കും. 100 വർഷത്തേക്കാണ്‌ കരാർ. 
റെയിൽവേ നാഷണൽ സ്റ്റാൻഡേർഡ്‌ പ്രകാരം കൊല്ലം സ്റ്റേഷന്റെ ക്ലാസിഫിക്കേഷൻ മൂന്ന്‌ ആണ്‌. കോവിഡിനു മുമ്പ്‌ ടിക്കറ്റ്‌ വിൽപ്പന, റിസർവേഷൻ, ചരക്കുകടത്ത്‌ തുടങ്ങിയവയിൽ ദിവസവരുമാനം 12 ലക്ഷം രൂപയായിരുന്നു. വാർഷിക വരുമാനം ഏകദേശം 60 കോടി രൂപയും. സ്വകാര്യവൽക്കരണ നടപടി ഇപ്പോൾ ഡിവിഷൻ മാനേജരുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്‌. നേരത്തെ സ്റ്റേഷൻ ഡെവലപ്‌മെന്റ്‌ കോർപറേഷനും ഭൂമി കൈമാറ്റത്തിന്‌ ലാൻഡ്‌ ഡെവലപ്‌മെന്റ്‌ അതോറിറ്റിക്കും രൂപം നൽകിയിരുന്നു. 
ഒന്നാംഘട്ടത്തിൽ 
തൃശൂരും ചെങ്ങന്നൂരും 
സ്വകാര്യവൽക്കരണത്തിന്റെ ഒന്നാംഘട്ട പട്ടികയിൽ തൃശൂർ, ചെങ്ങന്നൂർ സ്റ്റേഷനുകളെയാണ്‌ ഉൾപ്പെടുത്തിയിട്ടുള്ളത്‌. തൃശൂരിൽ നടപടി ഏറെ മുന്നിലാണ്‌. രണ്ടാംഘട്ട പട്ടികയിൽ കൊല്ലത്തിന്‌ പുറമെ തിരുവനന്തപുരവും കന്യാകുമാരിയുമുണ്ട്‌. സ്ഥിരം ജീവനക്കാർക്ക്‌ പകരം 7000 രൂപ ശമ്പളത്തിന്‌ താൽക്കാലികക്കാരെ നിയമിക്കുന്നതും തുടരുന്നു. ജീവനക്കാർക്കുള്ള യാത്രാസൗജന്യവും വെട്ടിക്കുറച്ചു. മുതിർന്ന പൗരന്മാരിൽ 60 വയസ് കഴിഞ്ഞ പുരുഷന്മാർക്കുള്ള 40 ശതമാനം, 58 കഴിഞ്ഞ സ്‌ത്രീകൾക്കുള്ള 50 ശതമാനം ഇളവും നിലച്ചു. 
കൊല്ലം സ്റ്റേഷനെ ലോകോത്തര നിലവാരത്തിലേക്ക്‌ ഉയർത്തുമെന്ന എൻ കെ പ്രേമചന്ദ്രൻ എംപിയുടെ അടിക്കടിയുള്ള പ്രഖ്യാപനം സ്വകാര്യവൽക്കരണ നടപടി മറച്ചുവച്ചാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്‌. കൊല്ലം സ്റ്റേഷനും സ്വകാര്യവൽക്കരിക്കുമെന്ന്‌ ‘ദേശാഭിമാനി’ നേരത്തെ റിപ്പോർട്ട്‌ ചെയ്‌തിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top