06 August Thursday
പൂര്‍ത്തീകരണ പ്രഖ്യാപനം ജനുവരിയില്‍

സ്‌കൂളെല്ലാം ഹൈടെക്‌

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019

പട്ടത്താനം ഗവ. എസ്‌എൻഡിപി യുപി സ്‌കൂളിലെ ഹൈടെക്‌ ക്ലാസ്‌ മുറി

സ്വന്തം ലേഖകന്‍
കൊല്ലം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കി വരുന്ന ഹൈടെക് സ്കൂൾ, -ഹൈടെക് ലാബ് പദ്ധതികൾ പൂർത്തീകരണത്തിലേക്ക്. പദ്ധതിയിൽ ജില്ലയിലെ 384 സ്കൂളുകൾ (169 സർക്കാർ, 215 എയ്ഡഡ് ) പൂർണമായും ഹൈടെക്കാക്കി. ജില്ലയിലെ 730 സ്കൂളുകളിലും (371 സർക്കാർ, 359 എയ്ഡഡ്) ഉപകരണ വിതരണം പൂർത്തിയായി. 
പദ്ധതിയുടെ ഭാഗമായി ഒന്നു മുതൽ പന്ത്രണ്ടുവരെയുള്ള സർക്കാർ -എയ്ഡഡ് സ്കൂളുകളിൽ ഇതുവരെ വിന്യസിച്ചത് 8591 ലാപ്‍ടോപ്പും 7159 യുഎസ്ബി സ്പീക്കറും 5175 പ്രൊജക്ടറും 3362 മൗണ്ടിങ് കിറ്റും 1814 സ്ക്രീനുമാണ്. ഇതിനു പുറമെ 383 എൽഇഡി ടെലിവിഷൻ‍ (43), 384 മൾട്ടിഫങ്ഷൻ പ്രിന്ററുകൾ, 384 ഡിഎസ്എൽആർ ക്യാമറ, 384 എച്ച്ഡി വെബ് ക്യാം എന്നിവ സ്കൂളുകളിൽ വിന്യസിച്ചു കഴിഞ്ഞു. കിഫ്ബിയിൽനിന്ന് 43.59 കോടിയാണ്‌ ജില്ലയിൽ ഇതുവരെ ചെലവഴിച്ചത്. ഹൈടെക് പദ്ധതിയുടെ ഭാഗമായി എല്ലാ അധ്യാപകർക്കും പ്രത്യേക പരിശീലനം നൽകി. എല്ലാ ഉപകരണങ്ങൾക്കും അഞ്ചുവർഷ വാറന്റിയും ഇൻഷുറൻസ് പരിരക്ഷയും പരാതി പരിഹാരത്തിന് പ്രത്യേക കോൾ സെന്ററും വെബ് പോർട്ടലും കൈറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. 
ജനുവരിയിൽ പ്രത്യേക ഐടി ഓഡിറ്റ് പൂർത്തിയാക്കാനും ജില്ലാ - സംസ്ഥാനതല ഹൈടെക് പൂർത്തീകരണ പ്രഖ്യാപനങ്ങൾ നടത്താനും ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്ന് കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ അൻവർ സാദത്ത് അറിയിച്ചു.
 ഒരു ഡിവിഷനിൽ ഏഴു കുട്ടികളിൽ താഴെയുണ്ടായിരുന്ന ജില്ലയിലെ 83 സ്കൂളുകൾക്കും ഉപകരണങ്ങളെത്തിക്കാൻ സർക്കാർ ഭരണാനുമതി നൽകിയതായി  മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു. 
സ്കൂൾ, തദ്ദേശ സ്വയംഭരണ സ്ഥാപനം, അസംബ്ലി-പാർലമെന്റ്, മണ്ഡലങ്ങൾ, ജില്ല എന്നിങ്ങനെ ഹൈടെക് ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുള്ള സ്കൂളുകളുടെ എല്ലാ വിശദാംശങ്ങളും സമേതം പോർട്ടലിൽ (www.sametham.kite.kerala.gov.in)  ലഭ്യമാക്കിയിട്ടുണ്ട്.
 

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top