19 January Sunday
നിയന്ത്രിക്കാൻ ആളില്ല

പുള്ളിമാൻ ജങ്‌ഷനിൻ ചോര വീഴുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019
കരുനാഗപ്പള്ളി 
ദേശീയപാതയിൽ പുള്ളിമാൻ ജങ്‌ഷനിൽ അപകടങ്ങൾ പതിവാകുന്നു. നാലുഭാഗത്തേക്കും റോഡ് കടന്നുപോകുന്ന ഇവിടെ അപകടം പതിവായിട്ടും ഗതാഗതം നിയന്ത്രിക്കാൻ പോലും ആളെ നിയമിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.  കഴിഞ്ഞ 16ന് റിട്ട. ബാങ്ക് മാനേജർ അപകടത്തിൽ മരിച്ചത് പുള്ളിമാൻ ജങ്‌ഷനു സമീപമായിരുന്നു. 
റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്കുകൾ കൂട്ടിമുട്ടിയായിരുന്നു അപകടം. ചൊവ്വാഴ്ച വൈകിട്ട് 6.30ന്‌ കെഎസ്ആർടിസി ബസിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്കേറ്റിരുന്നു. ഇതും  റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു. ബുധനാഴ്ച രാവിലെ ഏഴിന് സ്കൂട്ടറും ഇന്നോവയും കൂട്ടിയിടിച്ച് ഇരുവാഹങ്ങളിലെയും യാത്രക്കാർക്ക് പരിക്കേറ്റു. 
കഴിഞ്ഞയാഴ്ച മാത്രം അഞ്ചോളം അപകടങ്ങൾ ഇവിടെ നടന്നു. സ്കൂട്ടർ റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് പോകുകയായിരുന്നു. പുള്ളിമാൻ ജങ്‌ഷനിൽനിന്നാണ് റെയിൽവേ സ്റ്റേഷൻ റോഡ് തിരിയുന്നത്. നിരവധി യാത്രക്കാർ പലപ്പോഴും ട്രെയിൻ സമയം നോക്കി വേഗത്തിൽ ഇതുവഴി ക്രോസ് ചെയ്യുന്നത് അപകടത്തിനു കാരണമാകുന്നുണ്ട്‌. 
അപകടം പെരുകിയിരുന്ന  കരുനാഗപ്പള്ളി പട്ടണത്തിൽ  ട്രാഫിക് നിയന്ത്രണസംവിധാനങ്ങളും സിഗ്നൽ ലൈറ്റുകളും സ്ഥാപിച്ചതോടെ അപകട നിരക്ക്  കുറഞ്ഞിട്ടുണ്ട്.
 ഇത്തരം സംവിധാനങ്ങൾ  പുള്ളിമാൻ ജങ്‌ഷനിലും സ്ഥാപിക്കണമെന്നാണ്‌  നാട്ടുകാരുടെ ആവശ്യം.  ട്രാഫിക് വാർഡനെ നിയമിക്കണമെന്ന് നിരന്തരം ജനമൈത്രി പൊലീസ് വഴി ആവശ്യപ്പെട്ടിട്ടും നടപടി ഇല്ലെന്ന് മുനിസിപ്പൽ കൗൺസിലർ നസീമും പറഞ്ഞു. വാർഡന്റെ വേതനം ഉൾപ്പെടെ നൽകാൻ വ്യക്തികൾ തയ്യാറായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
പ്രധാന വാർത്തകൾ
 Top