18 October Friday

‘ഇത്ര ടോപ്പായിരുന്നോ ട്രോളൻ മാഷ്‌’

എ അഭിലാഷ്‌Updated: Thursday Sep 5, 2019

ഷിനു വി രാജ് ക്ലാസ്സ്‌മുറിയിൽ

 

എഴുകോൺ
‘പർവതാരോഹകർ ഓക്‌സിജൻ സിലണ്ടർ ഒപ്പം കരുതുന്നത്‌ എന്തിനാണ്‌?’–- സൗബിൻ സാഹിറിന്റെ ചോദ്യം ഫഹദ്‌ ഫാസിലിനോടാണ്‌. ‘ഉയരം കൂടുന്നതിനനുസരിച്ച്‌ ശ്വാസവായു അളവിൽ കുറവുണ്ടാകും. സിലണ്ടർ ഒപ്പം കരുതിയില്ലേൽ പണി കിട്ടും’–- ഫഹദിന്റെ മറുപടി. ഇതൊരു ചലച്ചിത്രത്തിലെ സംഭാഷണമല്ല. മഹേഷിന്റെ കൊലപാതകം എന്ന സിനിമയിലെ രംഗം ചേർത്തുവെച്ച ചിത്രങ്ങൾ കണ്ടാൽ ട്രോൾ എന്നേ തോന്നൂ. എന്നാൽ അതുമല്ല. ട്രോൾ കണ്ട്‌ ചിരിക്കുന്ന കുട്ടികൾക്കു മുന്നിൽ ഒരു അധ്യാപകൻ ശാസ്‌ത്രം പഠിപ്പിക്കുകയാണ്‌. ഈ അധ്യാപകന്റെ പേര്‌: ഷിനു വി രാജ്‌.  വിദ്യാലയം: നെടുവത്തൂർ ഈശ്വര വിലാസം ഹയർ സെക്കൻഡറി. 
എന്തിനും ഏതിനും ട്രോളിറങ്ങുന്ന കാലമാണിത്‌.  അപ്പോൾ പിന്നെ അതുപയോഗിച്ച്‌ കുട്ടികളെ പഠിപ്പിച്ചാലോ. ഷിനു മാഷ്‌ പിന്നെ പാതിരാത്രി കുത്തിയിരുന്ന്‌ ചറപറാ ട്രോളുണ്ടാക്കി ക്ലാസിൽ കൊണ്ടുപോയി പിള്ളാരെ പഠിപ്പിച്ചു. സഹാറാ മരുഭൂമിയിൽനിന്ന്‌ പടിഞ്ഞാറൻ ആഫ്രിക്കയിലേക്ക്‌ വീശുന്ന പ്രാദേശിക വാതത്തിന്റെ പേരായ  ഹെർമാറ്റൻ കുട്ടികളെ പഠിപ്പിച്ചതും ട്രോളിത്തന്നെ.  ഇപ്പോൾ മാഷ്‌  മറന്നാലും ഹെർമാറ്റിനെ പിള്ളാര്‌ മറക്കില്ല സാമൂഹ്യശാസ്ത്ര അധ്യാപകനാണ് ഷിനു വി രാജ്. പ്രയാസമേറിയ  പാഠഭാഗങ്ങൾ  കഥാപാത്രങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും ട്രോളുകളാക്കി വിദ്യാർഥികൾക്ക് മുന്നിലെത്തിക്കലാണ്‌ ഷിനുവിന്റെ ടെക്‌നിക്‌. ഒറ്റ പഠിപ്പിക്കലിൽ തന്നെ കുട്ടികൾക്ക്‌ മനസ്സിലാകുന്നതിനാൽ വൈകിട്ടത്തെ പഠിപ്പിക്കൽ വീട്ടിൽ ആവശ്യമില്ലെന്ന്‌ രക്ഷിതാക്കളും പറയുന്നു. 
കേരളത്തിലെ സാമൂഹ്യശാസ്ത്ര അധ്യാപകരുടെയും വിദ്യാർഥികളുടെയും ഇ-–-ലേണിങ് പഠനസഹായിയായ എസ്എസ് ബ്ലോഗിലും ട്രോളുകൾ ലഭിക്കും. പത്താം ക്ലാസ് വിദ്യാർഥികളുടെ സാമൂഹ്യശാസ്ത്ര പഠനം എളുപ്പമാക്കാനായി കെഎസ്ടിഎ ജില്ലാ അക്കാദമിക് കൗൺസിലും കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലാ സാമൂഹ്യശാസ്ത്ര ക്ലബ്ബും തയ്യാറാക്കിയ വിഭവ സിഡികൾ രൂപകൽപ്പന ചെയ്തതും ഷിനുവാണ്. പ്രളയത്തെ തുടർന്ന് അധ്യയനവും പാഠപുസ്തകവും നഷ്ടപ്പെട്ടവർക്കു പഠിക്കാനായി ഓൺലൈൻ പോർട്ടൽ ഷിനു ആരംഭിച്ചിരുന്നു. എസ്‌സിഇആർടി, എസ്ഐഇടി  സ്ഥാപനങ്ങൾ നടപ്പിലാക്കിവരുന്ന സമഗ്ര, പാഠപുസ്തകത്തിലെ ക്യൂ ആർ കോഡ് എന്നിവയിലും  സജീവ പങ്കാളിയാണ്. കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ സാമൂഹ്യപാഠം, ഐടി വിഷയങ്ങളിൽ റിസോഴ്സ് പേഴ്സണും കെഎസ്ടിഎ നെടുവത്തൂർ ബ്രാഞ്ച് സെക്രട്ടറിയുമാണ് ഷിനു വി രാജ്. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top