24 October Thursday

ഇനി മഴ നനയണ്ട, തിരക്കും കൂട്ടണ്ടാ

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2019

 

കരുനാഗപ്പള്ളി
പരാധീനതകൾക്കു നടുവിൽനിന്ന്‌ അയണിവേലിക്കുളങ്ങര വില്ലേജ് ഓഫീസ്‌ ‘സ്‌മാർട്ട്’ ആകുകയാണ്‌. നിന്നുതിരിയാൻ ഇടമില്ലാതെ മഴ പെയ്‌താൽ ചോർന്നൊലിക്കുന്ന കെട്ടിടം ഇനി പഴങ്കഥ. പുതിയ വില്ലേജ്‌ ഓഫീസ്‌ കെട്ടിടം നിർമിക്കാൻ ഉത്തരവായി. നിലവിലുള്ള കെട്ടിടം ഉടൻ പൊളിച്ചുനീക്കും. ആർ രാമചന്ദ്രൻ എംഎൽഎയുടെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ്‌ എൽഡിഎഫ്‌ സർക്കാർ നടപടി എടുത്തത്‌. ഹൗസിങ്‌ ബോർഡിനാണ് സ്മാർട്ട്‌ വില്ലേജ്‌ ഓഫീസിന്റെ നിർമാണച്ചുമതല. പുതിയ കെട്ടിടം യാഥാർഥ്യമാകുന്നതോടെ അപേക്ഷകൾ പൂർണമായും ഓൺലൈനാകും. ഡോക്യൂമെന്റേഷനുകളും ഡിജിറ്റലാകും. സർട്ടിഫിക്കറ്റുകൾ ഓൺലൈനായി ലഭിക്കും. ഇ -പോസ് മെഷീൻ ഉൾപ്പെടെ സ്ഥാപിച്ച് പണമിടപാടുകളും ഓൺലൈനാക്കും. 
1985ലാണ് അയണിവേലിക്കുളങ്ങര വില്ലേജ് രൂപീകൃതമാകുന്നത്.തുടക്കത്തിൽ വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തനം.1993 ൽ ആലായിൽ പുത്തൻപുരയിൽ സുമതിക്കുട്ടിയമ്മ സൗജന്യമായി നൽകിയ ഭൂമിയിൽ ഇപ്പോഴത്തെ കെട്ടിടം നിർമിച്ചു. 30,000  തണ്ടപ്പേരുകളാണ് വില്ലേജ് അതിർത്തിയിൽ ഉള്ളത്. സുനാമി ദുരന്തത്തിനുശേഷം പത്തോളം സുനാമി കോളനികളും കൂടി വന്നതോടെ ജോലി ഭാരം ഇരട്ടിയായി. ഐആർഇ സെറ്റിൽമെന്റ് കോളനിയും വില്ലേജ് അതിർത്തിയിലാണ്. 
ആറു ജീവനക്കാരാണ് ഇവിടെയുള്ളത്. മഴപെയ്താൽ ചോർന്നൊലിച്ച് രേഖകൾപോലും നഷ്ടമാകുന്ന സ്ഥിതിയായിരുന്നു. പുതിയ കെട്ടിടത്തിന്‌ അനുമതിയായതോടെ വർഷങ്ങൾ പഴക്കമുള്ള നാട്ടുകാരുടെ ആവശ്യത്തിനാണ്‌ പരിഹാരമാകുന്നത്‌.
പ്രധാന വാർത്തകൾ
 Top