15 September Sunday

പാറ ക്വാറിയിൽ എസ്ഐക്കും ഹോം ഗാർഡിനും മർദനം

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2019
എഴുകോൺ
പാറക്വാറിയിലുണ്ടായ സംഘർഷത്തിൽ എസ്ഐക്കും ഹോം ഗാർഡിനും മർദനമേറ്റു. വെളിയം പരുത്തിയറ തുലവിള പാറ ക്വാറിയിൽ പൂയപ്പള്ളി എസ്ഐ ടി രാജേഷ്കുമാർ, ഹോംഗാർഡ് രാജശേഖരൻ എന്നിവർക്കാണ് മർദനമേറ്റത്‌. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ക്വാറിയിലേക്കുള്ള റോഡ് രാത്രിയിൽ കോൺക്രീറ്റ് ചെയ്യുന്നത് സംബന്ധിച്ച്‌ നാട്ടുകാർ രണ്ടുവിഭാഗമായി തിരിഞ്ഞ് തർക്കവും സംഘർഷവും ഉണ്ടായി.
 സംഭവമറിഞ്ഞ് എസ്ഐ ടി രാജേഷ്കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. സംഘർഷം പരിഹരിക്കാൻ ശ്രമിച്ച പൊലീസുകാരെ കോൺക്രീറ്റിങ്ങിനെയും ക്വാറിയേയും അനുകൂലിക്കുന്നവർ അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നു. തുടർന്ന്‌ കൂടുതൽ പൊലീസുകാർ എത്തിയതോടെ അക്രമികൾ ഓടി രക്ഷപ്പെട്ടു. പൊലീസുകാരെ മർദിച്ചതിനും ക്രമസമാധാനവും കൃത്യനിർവഹണവും തടസ്സപ്പെടുത്തിയതിനും ആർട്ടിസ്റ്റ് ബാബു, തക്കുട് കുട്ടൻ എന്നറിയപ്പെടുന്ന ശ്രീരാജ്, സജിത്, അനു, രഞ്ജിത് എന്നിവരും കണ്ടാലറിയാവുന്ന രണ്ടു പേർക്കെതിരെയും കേസെടുത്തു. മർദനത്തിൽ പരിക്കേറ്റ എസ്ഐയും ഹോം ഗാർഡും കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിത്സതേടി.
പ്രധാന വാർത്തകൾ
 Top