06 December Sunday
കടൽക്കൊലക്കേസ്‌

ബിജെപി സര്‍ക്കാർനയം ക്രൂരത: എസ്‌ സുദേവൻ

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020
കൊല്ലം
മത്സ്യത്തൊഴിലാളികളെ കടലിൽ വെടിവെച്ച് കൊന്നവരെ വിചാരണചെയ്യാൻ ഇന്ത്യയ്ക്ക് അധികാരമില്ലെന്ന അന്താരാഷ്ട്ര ട്രൈബ്യൂണൽ വിധി അംഗീകരിച്ച ബിജെപി സർക്കാർനയം കൊടും ക്രൂരതയാണെ് സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ പ്രസ്താവനയിൽ പറഞ്ഞു. ട്രൈബ്യൂണൽ വിധി അംഗീകരിക്കുന്നതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരിക്കുകയാണ്‌. ഇറ്റാലിയൻ നാവികർക്കെതിരെ ഇന്ത്യയിലെ ക്രിമിനൽ നടപടി അവസാനിപ്പിക്കാൻ സുപ്രീംകോടതിയിലെ കേസ് തീർപ്പാക്കണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരിക്കുന്നു. കേസ് നടത്തിപ്പിൽ കേന്ദ്രത്തിനുണ്ടായ വീഴ്ചയാണ് ഇത്തരമൊരു വിധിക്ക്‌ കാരണം. നഷ്ടപരിഹാരത്തിന്റെ ന്യായത്തിൽ പ്രതികൾക്കെതിരെ ക്രിമിനൽ നടപടി അവസാനിപ്പിക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഇറ്റാലിയൻ നാവികർക്ക് ശിക്ഷ ഉറപ്പാക്കാൻ കേന്ദ്രസർക്കാരിന് 
ബാധ്യതയുണ്ട്. 
മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ടത്‌ കേന്ദ്രത്തിൽ യുപിഎയും കേരളത്തിൽ യുഡിഎഫും ഭരിക്കുമ്പോഴാണ്. സുപ്രീംകോടതിയിൽ ഇരു സർക്കാരുകളും ഉദാസീനത നിലപാടാണ് സ്വീകരിച്ചത്. ഇത് പ്രതികൾക്ക് ഇളവുകൾ ലഭിക്കാൻ ഇടയായി. രാജ്യമാകെ ചർച്ചചെയ്ത  സംഭവത്തിൽ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന്‌ ആവശ്യമുയർന്നിരുന്നു. സിപിഐ എമ്മും മത്സ്യത്തൊഴിലാളി യൂണിയനും(സിഐടിയു) ബഹുജനങ്ങളെ അണിനിരത്തി സമരം നടത്തി. കൊല്ലത്ത് എൽഡിഎഫ് നേതൃത്വത്തിൽ പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദൻ അടക്കം പങ്കെടുത്ത് മനുഷ്യമഹാസാഗരം ഉൾപ്പെടെ പ്രക്ഷോഭങ്ങൾ  നടന്നു. അന്നത്തെ മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും സ്വീകരിച്ച നിലപാടുകൾക്കെതിരെ എംഎൽഎയായിരുന്ന പി കെ ഗുരുദാസൻ നിയമസഭയിൽ രണ്ടു തവണ അടിയന്തര പ്രമേയം അവതരിപ്പിച്ചിരുന്നു. മുൻ എംപി കെ എൻ ബാലഗോപാൽ രാജ്യസഭയിലും വിഷയം ശക്തമായി ഉന്നയിച്ചു. 2014ൽ അധികാരത്തിൽ വന്ന ബിജെപി സർക്കാർ മുൻ സർക്കാരിന്റെ നയം തുടരുകയാണ് ചെയ്തത്. മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊലപ്പെടുത്തിയ ഇറ്റാലിയൻ നാവികരെ സംരക്ഷിക്കുന്നതിന് തുല്ല്യമാണിത്. തന്മൂലമുണ്ടായ വിധി പുനഃപരിശോധിക്കാൻ കേന്ദ്രസർക്കാർ ശക്തമായി ഇടപെടണമെന്നും  എസ് സുദേവൻ പ്രസ്താവനയിൽ 
ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top