08 July Wednesday
3 പേർക്ക്‌ കോവിഡ്‌

ഉറവിടം കണ്ടെത്താനായില്ല; അതിജാഗ്രതയിൽ കടയ്‌ക്കൽ

വെബ് ഡെസ്‌ക്‌Updated: Friday Jun 5, 2020
കടയ്ക്കൽ 
കടയ്ക്കലിൽ രണ്ട് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പഞ്ചായത്തിൽ ഉടനീളം ജാഗ്രത. പൊലീസ് നിയന്ത്രണങ്ങൾ കർശനമാക്കി. അവശ്യസാധനങ്ങളുടെ വിൽപ്പനകേന്ദ്രങ്ങളൊഴികെ മറ്റെല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചു. വാഹന പരിശോധനയും ശക്തമാക്കി. ജാഗ്രത നിർദേശം സംബന്ധിച്ച് പൊലീസ് മൈക്ക് പ്രചാരണം നടത്തി. 
കടയ്ക്കൽ താലൂക്കാശുപത്രിയിലെ സ്റ്റാഫ് നേഴ്സ്, ലാബ് ടെക്നീഷ്യൻ, മിഷൻകുന്ന് സ്വദേശിയായ മർച്ചന്റ്‌  നേവി ഉദ്യോഗസ്ഥൻ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവർക്ക് രോഗം പിടിപെട്ടതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. 
ഡോക്ടർമാർ ഉൾപ്പെടെ താലൂക്കാശുപത്രിയിലെ 63 ജീവനക്കാർ നിരീക്ഷണത്തിൽ ആയതിനാൽ വ്യാഴാഴ്ചയും ആശുപത്രിയുടെ പ്രവർത്തനം ഭാഗികമായിരുന്നു. 
മറ്റിടങ്ങളിൽനിന്നു ജീവനക്കാരെ താൽക്കാലികമായി നിയമിച്ചാണ് ഇപ്പോൾ ആശുപത്രിയുടെ പ്രവർത്തനം. ഡയാലിസിസ് യൂണിറ്റ് പൂർണമായും പ്രവർത്തിച്ചെങ്കിലും അത്യാഹിത വിഭാഗത്തിന്റെയും ലാബോറട്ടറിയുടെയും  പ്രവർത്തനം ഭാഗികമായിരുന്നു. 
മെയ് 26 മുതൽ ജൂൺ ഒന്നുവരെ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലും മെയ് 23 മുതൽ ജൂൺ ഒന്നു വരെ ലബോറട്ടറിയിലും എത്തിയിട്ടുള്ളവർ ആരോഗ്യപ്രവർത്തകരുമായോ 7907062203, 9846091695 എന്നീ നമ്പരുകളിലോ ബന്ധപ്പെടണമെന്ന് താലൂക്കാ ശുപത്രി അധികൃതർ അറിയിച്ചു. 
അഞ്ചൽ, ഏരൂർ പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണം
അഞ്ചൽ 
അഞ്ചൽ,  ഏരൂർ  പഞ്ചായത്തുകളിൽ കണ്ടയിൻമെന്റ്‌ സോൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പഞ്ചായത്ത്‌ അതിർത്തികൾ പൂർണമായി അടച്ചു. വാഹനങ്ങൾ കടത്തിവിടുന്നില്ല. ബാങ്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ രാവിലെ തുറന്നെങ്കിലും പൊലീസ്‌ അടപ്പിച്ചു. എന്നാൽ, അവശ്യസർവീസുകൾക്ക്‌ തടസ്സമില്ല. പൊതുജനങ്ങൾ കോവിഡ്‌ പ്രതിരോധ നിർദേശങ്ങൾ പൂർണമായും പാലിക്കണമെന്ന്‌ അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റ് മിനിസുരേഷ് , ഏരൂർ പഞ്ചായത്ത് പ്രസിഡന്റ് സുഷാഷിബു, സിഐ സി എൽ സുധീർ, എസ്ഐ പുഷ്‌പകുമാർ എന്നിവർ ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
 Top