08 July Wednesday

തൊഴിൽസംരംഭങ്ങളുമായി സുഭിക്ഷ കേരളം

വെബ് ഡെസ്‌ക്‌Updated: Friday Jun 5, 2020

ചിറയിൻകീഴ് 

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്‌ "സുഭിക്ഷ കേരളം" പദ്ധതിയുടെ ഭാഗമായി മൂന്ന് കോടി രൂപയുടെ പ്രവർത്തനങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാകും. പകൽ 10.30ന്‌ നടക്കുന്ന ചടങ്ങിൽ പരിസ്ഥിതി ദിനാചരണവും ഫലവൃക്ഷത്തൈ വിതരണവും ഡെപ്യൂട്ടി സ്പീക്കർ വി ശശി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ്‌ ആർ സുഭാഷ് അധ്യക്ഷനാകും. ജെഎൽജി ഗ്രൂപ്പുകൾക്ക് റിവോൾവിങ്‌ ഫണ്ട് വായ്പ വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷൈലജാബീഗവും ജൈവ വൈവിധ്യപാർക്ക് നിർമാണോദ്ഘാടനം ഗ്രാമവികസന വകുപ്പ് കമീഷണർ എൻ പദ്മകുമാറും നിർവഹിക്കും. പരിസ്ഥിതി ദിനത്തിൽ ഓരോ പഞ്ചായത്ത് വാർഡിലും 100 തൈകൾ വീതം നടും. 100 ജെഎൽജി ഗ്രൂപ്പുകൾ രൂപീകരിച്ച് ഓരോ ഗ്രൂപ്പിനും 25000 രൂപ റിവോൾവിങ് ഫണ്ടായി നൽകും. കാർഷിക, മൃഗസംരക്ഷണ, ക്ഷീര വികസന മേഖലകളിൽ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനാണ് ഈ ഫണ്ട്‌. മുട്ടക്കോഴി വളർത്തൽ ആരംഭിക്കാൻ യൂണിറ്റിന് 50,000 രൂപ സബ്‌സിഡിയുണ്ട്‌. 13 യൂണിറ്റുകൾക്ക് സഹായം നൽകും. അഞ്ച് പേർ വീതമുള്ള യൂണിറ്റിന് മൂന്ന് ആടിനെ വീതം വളർത്താനായി 3,75,000 രൂപ വായ്പയും സബ്‌സിഡിയുമായി നൽകും. പശു വളർത്തൽ പദ്ധതി പ്രകാരം ക്ഷീര വികസന മേഖലയിൽ തീറ്റ-പ്പുൽ കൃഷി, പാലിന് സബ്‌സിഡി, കാലിത്തീറ്റയ്ക്ക് സബ്‌സിഡി, തൊഴുത്ത് നിർമാണം, വളക്കുഴി തുടങ്ങിയവയ്ക്കായി 60 ലക്ഷം രൂപയുമുണ്ട്‌. തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്ന് പിഎംകെഎസ്‌വൈ ഫണ്ട്‌ ഉപയോഗിച്ച് 10,000 ഫല വൃക്ഷത്തൈകൾ  നട്ട് പരിപാലിക്കും.

പ്രധാന വാർത്തകൾ
 Top