21 August Wednesday

ഓർമകളുടെ പാളത്തിൽ ആവി എൻജിന്റെ മിനിയേച്ചർ

സ്വന്തം ലേഖകന്‍Updated: Wednesday Jun 5, 2019
കൊല്ലം
ചൂളംവിളിച്ചു പായുന്ന പഴയ ട്രെയിനുകളുടെ ഓർമ ഉണർത്തി കൊല്ലം റെയിൽവേ ബ്രിഡ്ജ് ഓഫീസിൽ ആവി എൻജിന്റെ മിനിയേച്ചർ രൂപം. 
കാലത്തിന്റെ മുന്നോട്ടുള്ള കുതിപ്പിൽ കൽക്കരി, ആവി എൻജിനുകളെ പിൻതള്ളി ഇലക്ട്രിക് ട്രെയിനുകൾ പാളം കീഴടക്കിയപ്പോൾ  പുതുതലമുറയ്ക്കായി ആവി എൻജിൻ കാണാൻ അവസരമൊരുക്കുകയാണ‌് ബ്രിഡ്ജ് ഓഫീസിലെ വെൽഡറും ചന്ദനത്തോപ്പ് സ്വദേശിയുമായ മധുസൂദനൻ. പഴയ പ്രതാപകാലത്തെ ഓർമിപ്പിച്ച് ചെന്നൈ, തൃശിനാപള്ളി സ്റ്റേഷനുകളിൽ ആവി എൻജിനുകൾ പ്രദർശിപ്പിക്കുമ്പോൾ തിരുവനന്തപുരം ഡിവിഷനിൽ ഇങ്ങനെയൊന്നില്ലാത്തതിന‌് പരിഹാരമാവുകയാണ‌് മിനിയേച്ചർ എൻജിൻ നിർമാണത്തിലൂടെ.
റെയിൽവേ ടെക്നിക്കൽ മേഖലയിലെ തൊഴിലാളിയായ മധുസൂദനൻ നാലുവർഷത്തെ കഠിനശ്രമത്തിലാണ‌് മിനിയേച്ചർ എൻജിൻ നിർമിച്ചത‌്. 13 അടി നീളവും ഒരടി പൊക്കവുമുള്ള ഇരുമ്പ് പാലത്തിന് മുകളിൽ അത്രതന്നെ നീളവും പൊക്കവും ഉള്ള എൻജിനാണ് മധുസൂദനൻ രൂപംനൽകിയത്. തിരുവനന്തപുരം ബോഗി മെയിന്റനൻസ് വർക‌്ഷോപ്പിൽ സ്ഥാപിച്ചിട്ടുള്ള ബോഗിയുടെ മിനിയേച്ചറാണ് എൻജിന്റെ മിനിയേച്ചർ നിർമാണത്തിൽ മധുസൂദനന‌് പ്രചോദനമായത്. 
പാലം നിർമാണത്തിനായി ഉപയോഗിക്കുന്ന ഇരുമ്പിന്റെ ഉപയോഗശൂന്യമായ ഭാഗങ്ങളും റെയിൽവേയിലെതന്നെ മറ്റു പാഴ് വസ്തുക്കളും ഉപയോഗിച്ചായിരുന്നു നിർമാണം. സർവീസിൽനിന്ന് വിരമിച്ച മെയ് 31ന് മുമ്പ‌് നിർമ്മാണം പൂർത്തിയാക്കണമെന്നായിരുന്നു ആഗ്രഹം. സർവീസിനൊപ്പം ചരിത്രത്തിന്റെ ഓർമപ്പെടുത്തലായി പൂർത്തിയാക്കിയ ആവി എൻജിന്റെ മിനിയേച്ചർ രൂപം ബ്രിഡ്ജ് ഇൻസ്‌പെക്ടർ റിയാസ് ഖാൻ കഴിഞ്ഞ ഒന്നിന‌് റെയിൽവേയ്ക്ക് സമർപ്പിച്ചു.
പ്രധാന വാർത്തകൾ
 Top