25 August Sunday

ജെ സി ഡാനിയേല്‍ പുരസ‌്കാരം ഷീലയ്ക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 5, 2019
തിരുവനന്തപുരം 
മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2018 ലെ ജെ സി ഡാനിയേൽ പുരസ്കാരം നടി ഷീലയ‌്ക്ക‌്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ‌്  പുരസ്‌കാരം.  ജൂലൈ 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണച്ചടങ്ങിൽ പുരസ‌്കാരം സമ്മാനിക്കുമെന്ന‌് മന്ത്രി എ കെ ബാലൻ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ പരമോന്നത  ചലച്ചിത്രപുരസ്കാരമാണ് ജെ സി ഡാനിയേൽ അവാർഡ്.
പ്രശസ്ത സംവിധായകൻ കെഎസ് സേതുമാധവൻ ചെയർമാനും നടൻ നെടുമുടി വേണു, തിരക്കഥാകൃത്ത് ജോൺ പോൾ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരജേതാവിനെ തെരഞ്ഞെടുത്തത്. ഒരുലക്ഷം രൂപയായിരുന്ന സമ്മാനത്തുക എൽഡിഎഫ‌് സർക്കാർ അധികാരത്തിൽ വന്നശേഷം അഞ്ചുലക്ഷമായി ഉയർത്തിയിരുന്നു. 2016ൽ അടൂർ ഗോപാലകൃഷ്ണനും 2017ൽ ശ്രീകുമാരൻതമ്പിക്കുമാണ് ജെ സി ഡാനിയേൽ പുരസ്കാരം ലഭിച്ചത്.
 
പ്രധാന വാർത്തകൾ
 Top