14 May Friday
കോവിഡ്‌ വ്യാപനം തടയാൻ ശക്തമായ നടപടി

ലോക്കിട്ട്‌ ജില്ല

സ്വന്തം ലേഖകൻUpdated: Wednesday May 5, 2021

ഡബിൾ സ്ട്രോങ് ആകണം... കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതിന്റെ ഭാഗമായുള്ള പരിശോധനക്കിടെ വഴിയാത്രക്കാർക്ക് നിർദേശം നൽകുന്ന പൊലീസ്. ചിന്നക്കടയിൽ നിന്നുള്ള ദൃശ്യം

കൊല്ലം
കോവിഡ്‌ വ്യാപനം തടയാനായി ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണത്തിൽ ജില്ല നിശ്ചലമായി. വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. ആറുദിവത്തേക്കാണ്‌ കടുത്ത നിയന്ത്രണം. അവശ്യസർവീസായ പലചരക്ക്‌, പഴം, പച്ചക്കറി, പാൽ, പാലുൽപ്പന്നങ്ങൾ, റേഷൻസാധനങ്ങൾ എന്നിവ ലഭ്യമാക്കുന്ന കടകളും സിവിൽ സപ്ലൈസ്‌ സ്റ്റോറുകളും മാത്രമാണ്‌‌ ചൊവ്വാഴ്‌ച തുറന്നത്‌.
 കൊല്ലം ഉൾപ്പെടെ ജില്ലയിലെ ഒമ്പതു കെഎസ്‌ആർടിസി ഡിപ്പോയിൽനിന്നും കുറച്ചു ബസുകൾ മാത്രമാണ്‌ ഓടിയത്‌.  കൊല്ലത്തുനിന്ന്‌‌ വിവിധ സ്ഥലങ്ങളിലേക്ക് 24 സർവീസ്‌ ഓപ്പറേറ്റ്‌ ചെയ്‌തു. എന്നാൽ, യാത്രക്കാർ തീരെകുറവായിരുന്നു.  സ്വകാര്യ ബസുകളും കുറഞ്ഞു. ഗ്രാമീണ റോഡുകളിൽ സ്വകാര്യവാഹനങ്ങൾ കുറവായിരുന്നെങ്കിലും ദേശീയപാതയിൽ വാഹനങ്ങൾ ഓടി‌. എന്നാൽ അതീവ ജാഗ്രത വേണ്ടുന്ന സമയത്തും ചിലർ നിയന്ത്രണം ലംഘിക്കുന്നത്‌ പൊലീസിനെയും ആരോഗ്യ പ്രവർത്തകരെയും കുഴയ്‌ക്കുന്നു. ഒരു കാര്യവുമില്ലാതെ വാഹനങ്ങളിൽ കറങ്ങാൻ ഇറങ്ങുന്ന നിരവധി പേരെ‌യാണ്‌ പിടികൂടിയതെന്ന്‌ സിറ്റി, റൂറൽ പൊലീസ്‌ ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നു. കോവിഡ്‌ പ്രതിരോധവും നിയന്ത്രണങ്ങളും ലംഘിക്കുന്നവരും കുറവല്ല.  ദേശീയപാതയിൽ ഉൾപ്പെടെ പൊലീസിന്റെ കർശന പരിശോധനയുണ്ട്‌.
 
കോവിഡ് 2429, സമ്പർക്കം 2415
വീണ്ടും രണ്ടായിരം കടന്നു
കൊല്ലം
ജില്ലയിൽ ചൊവ്വാഴ്‌ച 2429 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1557 പേർ രോഗമുക്തിനേടി. വിദേശത്തുനിന്ന് എത്തിയ മൂന്നുപേർക്കും ഇതരസംസ്ഥാനത്തുനിന്ന് എത്തിയ രണ്ടുപേർക്കും സമ്പർക്കം വഴി 2415 പേർക്കും ഒമ്പത് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 
കൊല്ലം കോർപറേഷനിൽ 603 പേർക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളിൽ പുനലൂർ- 73, കൊട്ടാരക്കര- 60, കരുനാഗപ്പള്ളി -43, പരവൂർ- 26 എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്. പഞ്ചായത്തുകളിൽ മയ്യനാട് 90, ഇട്ടിവ, കുളക്കട എന്നിവിടങ്ങളിൽ 60 വീതവും അഞ്ചൽ -56, പത്തനാപുരം -47, മൈനാഗപ്പള്ളി, വിളക്കുടി, ഓച്ചിറ, തഴവ പ്രദേശങ്ങളിൽ 44 വീതവും പൂതക്കുളം -39, പെരിനാട്- 37, പൂയപ്പള്ളി, ശാസ്താംകോട്ട എന്നിവിടങ്ങളിൽ 35 വീതവും കുലശേഖരപുരം- 33, ഇളമാട്, കരവാളൂർ, തലവൂർ ഭാഗങ്ങളിൽ 32 വീതവും അലയമൺ, എഴുകോൺ പ്രദേശങ്ങളിൽ 31 വീതവും രോഗബാധിതരുണ്ട്‌. കടയ്ക്കൽ, തൃക്കോവിൽവട്ടം, പനയം, പിറവന്തൂർ എന്നിവിടങ്ങളിൽ 30 വീതവും ആലപ്പാട്, ചവറ ഭാഗങ്ങളിൽ 29 വീതവും കരീപ്ര- 28, ചിതറ, പന്മന പ്രദേശങ്ങളിൽ 27 വീതവും ചാത്തന്നൂർ, തൊടിയൂർ പ്രദേശങ്ങളിൽ 26 വീതവും തെന്മല- 25, കുണ്ടറ, കൊറ്റങ്കര എന്നിവിടങ്ങളിൽ 24 വീതവും കല്ലുവാതുക്കൽ -20, നെടുവത്തൂർ -19, ഇടമുളയ്ക്കൽ, ചിറക്കര, വെളിനല്ലൂർ ഭാഗങ്ങളിൽ 18 വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളിൽ 17 അതിൽ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
 
8866 പേര്‍ക്കുകൂടി വാക്‌സിന്‍ നല്‍കി
കൊല്ലം
ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ജില്ലയിൽ ചൊവ്വാഴ്‌ച 8866 പേർക്ക് കോവിഡ് പ്രതിരോധ വാക്‌സിൻ നൽകി. ആറ് ആരോഗ്യപ്രവർത്തകരും 25 മുന്നണിപ്പോരാളികളും രണ്ട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും 45നും 59നും ഇടയിലുള്ള 635 പേരും 60ന് മുകളിലുള്ള 511 പേരും ആദ്യ ഡോസ് സ്വീകരിച്ചു. 176 ആരോഗ്യപ്രവർത്തകർക്കും 161 മുന്നണിപ്പോരാളികൾക്കും 155 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും 45നും 50നും ഇടയിലുള്ള 748 പേർക്കും 60ന് മുകളിലുള്ള 6447 പേർക്കും രണ്ടാമത്തെ ഡോസ് നൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top