14 May Friday
പ്രതികരിക്കുമെന്ന്‌ ബിഡിജെഎസ്‌

ചാത്തന്നൂരിൽ ജയിക്കാൻ ബിജെപി അഞ്ചിടത്ത്‌ കോൺഗ്രസിന്‌ വോട്ടുമറിച്ചു

സ്വന്തം ലേഖകൻUpdated: Wednesday May 5, 2021

 കൊല്ലം

ബിജെപി ജില്ലാ പ്രസിഡന്റിന്‌ ചാത്തന്നൂരിൽ ജയിക്കാൻ മറ്റു മണ്ഡലങ്ങളിൽ കോൺഗ്രസുമായി രഹസ്യധാരണ ഉണ്ടാക്കിയതായി എൻഡിഎയിൽ വിമർശനം.  ജില്ലയിൽ  ചാത്തന്നൂരിൽ മാത്രം എൻഡിഎക്ക്‌ വോട്ട്‌ കാര്യമായി വർധിച്ചപ്പോൾ കുണ്ടറ, കരുനാഗപ്പള്ളി  തുടങ്ങിയിടങ്ങളിൽ വൻതോതിൽ  കുറഞ്ഞു.  
ബിജെപി ജില്ലാ പ്രസിഡന്റ്‌ ബി ബി ഗോപകുമാർ ആയിരുന്നു ചാത്തന്നൂരിൽ എൻഡിഎ സ്ഥാനാർഥി. ഇവിടെ എൻഡിഎക്ക്‌ 10,000 വോട്ടാണ്‌ കൂടിയത്‌. എന്നാൽ കുണ്ടറയിൽ 2016 ൽ ലഭിച്ചതിന്റെ മൂന്നിലൊന്നിലും താഴെയായി. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി താമസിക്കുന്ന വാർഡിലെ ഒന്നാം ബൂത്തിൽ 15 വോട്ടു മാത്രമാണ്‌ ലഭിച്ചത്‌. പഞ്ചായത്ത്‌  തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ച വാർഡാണിത്‌. ഇവിടെ യുഡിഎഫ്‌ സ്ഥാനാർഥിക്കാണ്‌ ബിജെപി വോട്ടുകൾ പോയത്‌. കുണ്ടറയിൽ ബിജെപി ചതിച്ചെങ്കിൽ ശക്തമായി പ്രതികരിക്കുമെന്ന്‌ ബിഡിജെഎസ്‌ ജില്ലാ ജനറൽ സെക്രട്ടറി സാജു മണപ്പള്ളി പറഞ്ഞു. 
ബിജെപിക്കുള്ളിലും കാര്യങ്ങൾ പൊട്ടിത്തെറിയിലേക്കാണ്‌ നീങ്ങുന്നത്‌. ചാത്തന്നൂരിൽ സഹായിക്കണമെന്ന ധാരണയിൽ അഞ്ചിടങ്ങളിൽ കോൺഗ്രസുമായി ബിജെപി ജില്ലാ നേതൃത്വം രഹസ്യകരാർ ഉറപ്പിച്ചുവെന്നാണ്‌ ബിജെപിക്കുള്ളിലും എൻഡിഎക്കുള്ളിലും ആക്ഷേപം. കുണ്ടറ, കരുനാഗപ്പള്ളി, കൊട്ടാരക്കര, ഇരവിപുരം, കൊല്ലം  മണ്ഡലങ്ങളിലായിരുന്നു കരാർ. ഇവിടങ്ങളിൽ യുഡിഎഫിനും എൻഡിഎക്കും ലഭിച്ച വോട്ടുകളുടെ കണക്ക്‌ ഇത്‌ വ്യക്തമാക്കുന്നു. കുണ്ടറയിലും കരുനാഗപ്പള്ളിയിലുമാണ്‌ വലിയ വോട്ടുകച്ചവടം നടന്നത്‌. ഇതിന്റെ നേട്ടമാണ്‌ ചാത്തന്നൂരിൽ  എൻഡിഎ സ്ഥാനാർഥി ബി ബി ഗോപകുമാറിന്‌ ലഭിച്ചത്‌. ജയിക്കാനുള്ള ഡീലായിരുന്നെങ്കിലും  കഴിഞ്ഞ തെരഞ്ഞെടുപ്പിലേതുപോലെ രണ്ടാംസ്ഥാനത്തുതന്നെയായി. യുഡിഎഫ്‌ സ്ഥാനാർഥിയായ കോൺഗ്രസിന്റെ മുതിർന്ന നേതാവ്‌ എൻ പീതാംബരക്കുറുപ്പിന്‌ ലഭിക്കേണ്ട  പതിനായിരത്തോളം വോട്ടുകളാണ്‌ ബിജെപിക്ക്‌ കൊടുത്തത്‌.  ധാരണ പ്രകാരം കുണ്ടറയിൽ യുഡിഎഫ്‌ സ്ഥാനാർഥി പി സി വിഷ്‌ണുനാഥിന്‌ ബിജെപിയുടെ 14000 ത്തോളം വോട്ട്‌  ലഭിച്ചു.  
കരുനാഗപ്പള്ളിയിലും ബിജെപി, ആർഎസ്‌എസ്‌ വോട്ട്‌ യുഡിഎഫ്‌ സ്ഥാനാർഥി സി ആർ മഹേഷിന്‌ ലഭിച്ചു. മുൻ ജില്ലാ പ്രസിഡന്റ്‌ എം സുനിൽ മത്സരിച്ച കൊല്ലം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ബിജെപി നേതൃത്വം വേണ്ടത്ര തിരിഞ്ഞുനോക്കിയില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്‌. കൊല്ലത്ത്‌ യുഡിഎഫ്‌ സ്ഥാനാർഥി ബിന്ദുകൃഷ്‌ണയ്‌ക്ക്‌ ധാരാളം ബിജെപി വോട്ടുകൾ കിട്ടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top