കൊല്ലം
കാളിദാസ കലാകേന്ദ്രത്തിൽ നാലുവർഷം കൊച്ചുപ്രേമനുണ്ടായിരുന്നു. വിവിധ നാടകങ്ങളിൽ വേഷമിട്ടു. കാളിദാസ കലാകേന്ദ്രം കാളിദാസനെക്കുറിച്ച് ഒരു നാടകമെടുത്തിരുന്നു. അതിൽ കൊച്ചുപ്രേമനും ഭാര്യ ഗിരിജയും അഭിനയിച്ചു. കെ ടി മുഹമ്മദിന്റെ ‘സ്വന്തംലേഖകൻ’ നാടകം വീണ്ടും അവതരിപ്പിച്ചപ്പോൾ അതിൽ കോമഡി റോളിൽ മത്സരിച്ചുള്ള അഭിനയ മുഹൂർത്തങ്ങളാണ് അമ്മയും കൊച്ചുപ്രേമനും കാഴ്ചവച്ചത്. ദൂരദർശനു വേണ്ടിയെടുത്ത നാടകത്തിലും അഭിനയിച്ചു. നാലുവർഷം കഴിഞ്ഞ് പതുക്കെ സീരിയലിലേക്കും പിന്നീട് സിനിമയിലേക്കും കൊച്ചുപ്രേമൻ ചുവടുമാറി.
ഹാസ്യം കൈകാര്യംചെയ്യുന്നതിൽ വ്യത്യസ്തമായ ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. സാധാരണ പെട്ടെന്ന് ഡയലോഗ് പറയുന്നതും അതിന്റെ ടൈമിങ്ങുമൊക്കെയാണ് ഹാസ്യം വിജയിപ്പിക്കുന്നത്. എന്നാൽ, വളരെ സാവകാശം പ്രത്യേക ട്യൂണിലാണ് കൊച്ചുപ്രേമന്റെ ഹാസ്യാവതരണം. അത് മിമിക്രിക്കാർ ഏറ്റെടുത്തു. ആ ട്യൂൺ കേട്ടാൽ തന്നെ കേരളത്തിലെ എല്ലാവർക്കും അത് കൊച്ചുപ്രേമനാണെന്ന് തിരിച്ചറിയാനാകും.
ഹാസ്യതാരമായി തിളങ്ങിനിൽക്കെ ദുബായ് പശ്ചാത്തലമായി ഒരുങ്ങിയ ‘പേർഷ്യക്കാരൻ’ സിനിമയിൽ കൊച്ചുപ്രേമൻ അഭിനയിച്ചു. അതിൽ ഞാനുമുണ്ട്. എല്ലാവരെയും ഞെട്ടിച്ച് ഗൗരവമുള്ള റോളാണ് അദ്ദേഹം ചെയ്തത്. ഈ പടം വിജയിക്കുകയാണെങ്കിൽ നിങ്ങളുടെ തലവര മാറുമെന്ന് അന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഒരു നാടകനടന്‍, ഒരു കൊമേഡിയന്‍ ഏതുറോളും വഴങ്ങും എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഈ റോൾ'. എല്ലാവരെയും അത്ഭുതപ്പെടുത്തിയ പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്.
ഹാസ്യതാരമായതുകൊണ്ട് ഒരുപാട് വിദേശ സ്റ്റാർ ഷോകൾക്ക് പോകുമായിരുന്നു. അങ്ങനെ ഒരു അമേരിക്കൻ പരിപാടിക്ക് പോയപ്പോൾ അസുഖബാധിതനായി. കൊച്ചുപ്രേമൻ മരിച്ചുവെന്ന് തന്നെ ന്യൂസ് വന്നു. എന്നാൽ, അവിടെ കുറേനാളത്തെ വിദഗ്ധ ചികിത്സയിലൂടെ അദ്ദേഹം തിരിച്ചുവന്നു. ഇനി കൃത്യനിഷ്ഠയോടെയുള്ള ജീവിതമാണ് നയിക്കുകയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പിന്നീട് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലാതെ വളരെ ആരോഗ്യവാനായാണ് ജീവിച്ചത്. ഒരു കുടുംബാംഗത്തെപോലെയായിരുന്നു എനിക്ക് കൊച്ചുപ്രേമൻ. വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ സ്ഥാനം നേടിയെടുക്കാനായി. നാടകലോകത്തിനും ടിവി ലോകത്തിനും സിനിമ ലോകത്തിനും വലിയ നഷ്ടമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..