21 October Monday
കശുവണ്ടി

പൂട്ടിക്കിടക്കുന്ന ഫാക്ടറികളിലെ തൊഴിലാളികൾക്ക്‌ 2000 രൂപ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2019

 കൊല്ലം

പൂട്ടിക്കിടക്കുന്ന കശുവണ്ടിഫാക്ടറികളിലെ തൊഴിലാളികൾക്ക് 2000 രൂപയും 10 കിലോ അരിയും ഓണം സഹായമായി നൽകാൻ സർക്കാർ ഏഴുകോടി രൂപ അനുവദിച്ചു. കഴിഞ്ഞ ഓണത്തിനുശേഷം ഒരു വർഷമായി പൂട്ടിക്കിടക്കുന്ന ഫാക്ടറികളിലെ തൊഴിലാളികൾക്കാണ് ആനുകൂല്യം. 
അർഹരായ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അഞ്ചു മുതൽ തുക നിക്ഷേപിക്കും. സൗജന്യ അരിക്കൂപ്പണുകൾ വിവിധ സെന്ററുകളിൽ വിതരണംചെയ്യും. ഈ കൂപ്പണുകൾ വഴി കൺസ്യൂമർഫെഡിന്റെ വിവിധ ഓണച്ചന്തകളിൽനിന്നു സൗജന്യമായി അരി വാങ്ങാം. വിതരണോദ്‌ഘാടനം അഞ്ചിനു രാവിലെ 10ന്‌ അയത്തിൽ കെഎസ്‌സിഡിസി ഫാക്ടറി അങ്കണത്തിൽ എം നൗഷാദ് എംഎൽഎ നിർവഹിക്കും. 
ഇതിനോടൊപ്പം 2018–-19  വർഷം എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ 143 വിദ്യാർഥികൾക്ക് ക്യാഷ് അവാർഡ് വിതരണംചെയ്യും. ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിന് ക്ഷേമനിധി കാർഡ് ഹാജരാക്കണം. കാർഡ് ഉടമ നേരിട്ടുതന്നെ ഹാജരാകണം. 
ആനുകൂല്യങ്ങൾ കൈപ്പറ്റി പിരിഞ്ഞവർക്കും പെൻഷൻ പറ്റിയവർക്കും കഴിഞ്ഞ ഓണത്തിനുശേഷം തുറന്ന ഫാക്ടറികളിലെ തൊഴിലാളികൾക്കും ആനുകൂല്യത്തിന് അർഹതയില്ല.കൂപ്പൺ കൈപ്പറ്റാത്തവർക്ക് അതത് ഇൻസ്പെക്ടർ ഓഫീസിൽ തൊട്ടടുത്ത ദിവസവും തുടർന്നും ആനുകൂല്യ വിതരണംചെയ്യും.  കൂടുതൽ വിവരങ്ങൾ ഇൻസ്പെക്ടർ ഓഫീസുകളിൽനിന്നു ലഭിക്കും.
പ്രധാന വാർത്തകൾ
 Top