18 October Friday
പൊതുമേഖലയെ സംരക്ഷിക്കുക

വൈദ്യുതി ജീവനക്കാർ ഹെഡ്പോസ്റ്റ്‌ഓഫീസ് മാർച്ച് നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2019

ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ കൊല്ലം ഹെഡ്പോസ്റ്റ് ഓഫീസിലേക്ക്‌ നടത്തിയ മാർച്ച്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യുന്നു

കൊല്ലം
പൊതുമേഖലയെ സംരക്ഷിക്കുക, തൊഴിലാളികളെ രക്ഷിക്കുക, കർഷകരെയും രാജ്യത്തെയും രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വൈദ്യുതി ജീവനക്കാരും ഓഫീസർമാരും കരാർത്തൊഴിലാളികളും കൊല്ലം ഹെഡ്പോസ്റ്റ് ഓഫീസിലേക്ക്‌ മാർച്ചും ധർണയും നടത്തി. ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഇഇഎഫ്ഐ), കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു), കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ (സിഐടിയു), കെഎസ്ഇബി കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. 
സിപിഐ എം സംസ്ഥാന സെക്രട്ടിറിയറ്റ് അംഗം കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്തു. മോഡി ഇന്ത്യൻ ജനതയെ പാപ്പരാക്കുകയാണെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു. തകർന്ന ഇന്ത്യൻ സാമ്പത്തികമേഖല അതിന്റെ ഉദാഹരണമാണ്‌.  റിസർവ് ബാങ്കിന്റെ കരുതൽപോലും കേന്ദ്രസർക്കാർ കൈയിട്ടെടുക്കുന്നു. വിത്തെടുത്ത് കുത്തുന്ന ഈ നടപടി അപകടകരമാണ്. ബാങ്കുകളുടെ ലയനംകൊണ്ട് രാജ്യം സാമ്പത്തിക പ്രതിസന്ധയിൽനിന്ന് കരകയറില്ലെന്നും ബാലഗോപാൽ പറഞ്ഞു.
 ഓഫീസേഴ്സ് അസോസിയേഷൻ കൺസ്യൂമർ ക്ലീനിക്ക് കൺവീനർ എ ശ്യാംകുമാർ അധ്യക്ഷനായി. വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഹരിലാൽ, എസ് സുനിൽകുമാർ, അനിൽകുമാർ എന്നിവർ സംസാരിച്ചു. സാബു സ്വാഗതവും ആന്റണി നന്ദിയും പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top