21 October Monday

കൊല്ലം ടു- എറണാകുളം ജങ്‌ഷൻ

സ്വന്തം ലേഖകൻUpdated: Wednesday Sep 4, 2019

ത്രി ഫെയ്‌സ്‌ എൻജിൻ സംവിധാനമുള്ള ആദ്യ മെമു ട്രെയിൻ കൊല്ലം ജങ്‌ഷനിൽനിന്ന്‌ എറണാകുളത്തേക്ക്‌ പുറപ്പെടുന്നു

കൊല്ലം
ചൊവ്വാഴ്ച പകൽ 12.40. കൊല്ലം ജങ്‌ഷനിലെ ഒന്നാംനമ്പർ എ പ്ലാറ്റ്‌ഫോം. ബലൂണും പൂക്കളുംകൊണ്ട് അലങ്കരിച്ച എൻജിനും  കംപാർട്ട്മെന്റുകളും. സൈറൺ മുഴങ്ങി. ഗാർഡിന്റെ ക്യാബിനിൽനിന്ന്‌ ആർ എൽ മീണ  സിഗ്‌നൽ നൽകി. ലോക്കോപൈലറ്റ്‌ എ എൻ വത്സൻ പച്ചക്കൊടി വീശി. ആ മനോഹര ട്രെയിൻ പതുക്കെ ചലിച്ചുതുടങ്ങി. എൻജിന്റെ മുന്നിലെ  ബോർഡിലെ അക്ഷരങ്ങൾ: ‘എറാണാകുളം ജങ്‌ഷൻ’. ഏറ്റവും പുതിയ സാങ്കേതിക വിദ്യയിൽ ത്രീ ഫെയ്സ്‌ വൈദ്യുതി സംവിധാനമുള്ള മെമു ട്രെയിനിന്റെ എറണാകുളത്തേക്കുള്ള ആദ്യ യാത്രയുടെ തുടക്കം.  
പകൽ 12.40ന് എറണാകുളത്തേക്ക് സർവീസ് നടത്തിയിരുന്ന 66308–ാം നമ്പർ മെമുവിനു പകരമാണ്‌ ആധുനിക സംവിധാനമുള്ള വണ്ടി 
എത്തിയത്‌. 
കൂടുതൽ സീറ്റുകൾ, ലോക്കോ പൈലറ്റിനും ഗാർഡിനും എസി ക്യാബിൻ, ബയോടോയ്ലറ്റ് സംവിധാനം, യാത്രക്കാർക്കായി അനൗൺസ്മെന്റ് തുടങ്ങിയവ പുതിയ റേക്കിന്റെ പ്രത്യേകതയാണ്. നേരത്തെയുണ്ടായിരുന്ന മെമുവിന് 1700 സീറ്റാണുണ്ടായിരുന്നത്. ത്രീ ഫെയ്സ് എൻജിൻ മെമുവിൽ ഇത് 2400 ആണ്. പുതിയ വണ്ടിയിൽ എട്ട് കാറുകളാണ് (കംപാർട്ട്മെന്റ്) ഉള്ളത്. രണ്ട് ഫസ്റ്റ് ക്ലാസ് കാറും ഒരു ലേഡി കാറുമുണ്ട്. ലോക്കോ പൈലറ്റിനും ഗാർഡിനും എസിയുള്ള ക്യാബിൻ മെമുവിൽ ആദ്യമാണ്. തിരുവനന്തപുരം ഡിവിഷനിൽ ത്രീഫേസ്‌ സംവിധാനമുള്ള ആദ്യ മെമു സർവീസാണിത്‌. 
 പകൽ 12.40ന് പുറപ്പെടുന്ന മെമു കോട്ടയം വഴി വൈകിട്ട് 5.40ന് എറണാകുളത്ത് എത്തുമെന്ന്‌ റെയിൽവേ സ്റ്റേഷൻ മാനേജർ അജയകുമാർ പറഞ്ഞു.  ആലപ്പുഴ വഴി രാത്രി 11.30ന് കൊല്ലത്ത് തിരിച്ചെത്തും.  21 സ്റ്റോപ്പുകളാണുള്ളത്‌. ഏറ്റവും പുതിയ സാങ്കേതിക വിദ്യയിൽ സിസിടിവി ക്യാമറയുള്ള മെമു ഈ വർഷാവസാനത്തോടെ പുറത്തിറക്കുമെന്നാണ് സൂചന.
 
പ്രധാന വാർത്തകൾ
 Top