കൊച്ചി
വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പലരിൽനിന്നായി 12 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തയാളെ പൊലീസ് അറസ്റ്റ്ചെയ്തു.
എറണാകുളം എസ്ആർഎം റോഡിൽ സ്കൈലൈൻ ട്രാവൽസ് ആൻഡ് ജോബ് കൺസൾട്ടൻസി എന്ന സ്ഥാപനം നടത്തിയിരുന്ന ആലപ്പുഴ പൂങ്കാവ് വലിയവീട്ടിൽ ആന്റണി ഫെലിക്സിനെയാണ് (33) എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലം കടയ്ക്കൽ സ്വദേശി ഫിറോസിന് ദോഹ ഇന്റർനാഷണൽ സ്കൂളിൽ ഹെൽത്ത് നേഴ്സ് ജോലി വാഗ്ദാനംചെയ്ത് രണ്ടുലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. പണം വാങ്ങി എട്ടുമാസമായിട്ടും ജോലി ലഭിക്കാതെവന്നതോടെ ഫിറോസ് അന്വേഷിച്ചെത്തിയെങ്കിലും ഓഫീസ് പൂട്ടിയിരുന്നു. തുടർന്ന് നോർത്ത് സ്റ്റേഷനിൽ പരാതി നൽകി. ഇതിനിടെ, എസ്ആർഎം റോഡിലെ ഓഫീസ് നിർത്തിയ ആന്റണി പാലാരിവട്ടത്ത് റെനോ റേഷ്യോ എന്ന പേരിൽ പുതിയ ഓഫീസ് തുടങ്ങിയതായി പൊലീസ് കണ്ടെത്തി.
കൊല്ലം പാരിപ്പള്ളി സ്വദേശിക്കും ഭാര്യക്കും ഖത്തർ എംഇഎസ് ഇന്ത്യൻ സ്കൂളിൽ ജോലിയും അവരുടെ കുട്ടികൾക്ക് അവിടെ പ്രവേശനവും ഉറപ്പുനൽകി അഞ്ചുലക്ഷം രൂപയും തട്ടിയെടുത്തിരുന്നു.
ഇതുൾപ്പെടെ 12 ലക്ഷത്തിലധികം രൂപ പലരിൽനിന്നും തട്ടിയെടുത്തതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഓഫീസ് പൂട്ടി ഒളിവിൽ പോയ ആന്റണിയെ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിൽ കണ്ണൂരിൽനിന്നാണ് അറസ്റ്റ്ചെയ്തത്. നോർത്ത് എസ്എച്ച്ഒ സിബി ടോമും സംഘവും അറസ്റ്റ്ചെയ്ത് കോടതിയിൽ ഹാജരാക്കിയ ആന്റണിയെ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..