27 January Monday

ഇക്കൊല്ലവും കുതിച്ചുയരാൻ കുഴിമതിക്കാട് സ്കൂൾ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 4, 2019

 

എഴുകോൺ
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പദ്ധതി പകർന്നു നൽകിയ ആവേശത്താൽ  പുതിയ അധ്യായന വർഷത്തിലേക്ക് കുതിക്കുകയാണ് കുഴിമതിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ. ഒരു നൂറ്റാണ്ടിലധികമായി കരീപ്ര, കുണ്ടറ, നെടുമ്പന, എഴുകോൺ പഞ്ചായത്തുകളിലെ വിദ്യാർഥികളുടെ  മാർഗദീപമാണ‌് ഈ സർക്കാർ വിദ്യാലയം. 
1915ൽ ആണ് കുഴിമതിക്കാട് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്.  കുഴിമതിക്കാട് കടുത്താനത്ത് വലിയമഠം ആണ് വിവിധ ഘട്ടങ്ങളിൽ സ്കൂളിനാവശ്യമായ ഭൂമി വിട്ടുനൽകിയത്. ആദ്യഘട്ടത്തിൽ പ്രൈമറി സ്കൂളായി തുടങ്ങി എലിമെന്ററി സ്കൂളായും കാലക്രമേണ ഏഴാം ക്ലാസ് വരെയുള്ള മിഡിൽ ‍ സ്കൂളായും വളർന്നു. 1950ൽ ഹൈസ്കൂളായി ഉയർത്തി. 1976ൽ സ്കൂൾ സിൽവർ ജൂബിലി ആഘോഷിച്ചു.  1990ൽ ഹയർ സെക്കൻഡറി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യമായി ആരംഭിച്ച 16 സയൻസ് ബാച്ച് സ്കൂളുകളിൽ ജില്ലയിലെ ഏക സ്കൂളാണിത്. അതിനാൽ തന്നെ സംസ്ഥാനത്ത് നിലവിൽവന്ന ആദ്യ ഹയർ സെക്കൻഡറി സ്കൂളുകളിൽ ഒന്നാണ് കുഴിമതിക്കാട് ഗവ. സ്കൂൾ.
ഇന്ന് ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാണിത്. ഈ അധ്യയന വർഷം 150 വിദ്യാർഥികളാണ് സ്കൂളിലേക്ക് പുതിയതായി എത്തുന്നത്. അഡ്മിഷൻ ഇപ്പോഴും പുരോഗമിക്കുകയാണ്. ഇക്കൊല്ലം എസ്എസ്എൽസി പരീക്ഷ എഴുതിയ 157 വിദ്യാർഥികളെയും ഉപരിപഠനത്തിന് അർഹരാക്കി സ്കൂൾ നൂറുമേനി കൊയ്തെടുത്തു. 46 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. പ്ലസ് ടു പരീക്ഷ എഴുതിയ 179 പേരിൽ 159 പേരും വിജയികളായി. 22 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. മൊത്തം മാർക്കും നേടി കശുവണ്ടിത്തൊഴിലാളിയുടെ മകൾ എൽ അഖിലയും രണ്ടാം വർഷ പരീക്ഷയിൽ മൊത്തം മാർക്കും നേടി എട്ടുപേരും സ്കൂളിന്റെ അഭിമാനമായി. 
ചിട്ടയായ പഠനത്തിനു പുറമെ എൻസിസി, എൻഎസ്എസ്, ജൂനിയർ റെഡ് ക്രോസ് എന്നിവയും കുട്ടികൾക്ക് കരുത്തേകുന്നു. കുട്ടി ഡോക്ടർ പദ്ധതിയും സ്കൂളിന്റെ പ്രത്യേകതയാണ്. പ്രത്യേക പരിശീലനം ലഭിച്ച് യൂണിഫോമണിഞ്ഞ 40 വിദ്യാർഥികൾ സ്കൂളിൽ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നു. ലിറ്റിൽ കൈറ്റ്സ്, ഭൂമിമിത്രാ സേനാ ക്ലബ് എന്നിവ ഉൾപ്പെടെ എല്ലാ വിഷയങ്ങളുടെയും ക്ലബ്ബുകളും സ്കൂളിൽ സജീവമാണ്. എൻഎസ്എസ് നേതൃത്വത്തിൽ വിദ്യാർഥികൾ പാട്ടുപുരയ്ക്കൽ ഏലായിൽ നെൽക്കൃഷിയും ചെയ്യുന്നു. 
വിദ്യാർഥികളുടെ കായികക്ഷമത മെച്ചപ്പെടുത്താനുതകുന്ന സമീപ പ്രദേശങ്ങളിലെ ഏറ്റവും വലിയ മൈതാനവും സ്കൂളിനുണ്ട്.പഠന നിലവാരം ഉയർത്തുന്നതിനാവശ്യമായ എല്ലാ ഭൗതിക സൗകര്യങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. പി അയിഷാപോറ്റി എംഎൽഎ അനുവദിച്ച 2.09 കോടി രൂപ ചെലവിൽ ഹയർ സെക്കൻഡറിക്ക‌് പുതിയ ബ്ലോക്ക് നിർമിച്ചു.  തുടർന്ന് ഓഡിറ്റോറിയം, മൂന്നുനില കെട്ടിടം എന്നിവ നിർമിക്കുന്നതിന് കിഫ്ബി വഴി മൂന്നുകോടി രൂപ അനുവദിക്കുന്നതിന്റെയും സ്കൂൾ ബസ് അനുവദിക്കുന്നതിന്റെയും നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു. ജില്ലാ പഞ്ചായത്ത‌്അംഗം കെ ജഗദമ്മയുടെ ഫണ്ടിൽനിന്നുള്ള 10 ലക്ഷം രൂപ ചെലവിൽ സ്കൂൾ അറ്റകുറ്റപ്പണികൾ നടത്തി. ജില്ലാ പഞ്ചായത്ത് ഫണ്ടിൽ സ്കൂൾ കമാനവും നിർമിച്ചു.പ്രിൻസിപ്പൽ  എസ് ആർ ഷീജയും വൈസ് പ്രിൻസിപ്പൽ ടി ആലീസും ഉൾപ്പെടുന്ന അധ്യാപക സംഘം അർപ്പണബോധത്തോടെ പ്രവർത്തിക്കുന്നു. ആർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പിടിഎയും  അനിതയുടെ നേതൃത്വത്തിലുള്ള എംപിടിഎയും സമദിന്റെ നേതൃത്വത്തിലുള്ള എസ്എംസിയും പൂർവ വിദ്യാർഥികളും സ്കൂളിന്റെ ശക്തിയാണ്.
പ്രധാന വാർത്തകൾ
 Top