കരുനാഗപ്പള്ളി
കാട്ടിൽകടവ് പാലം നിർമാണത്തിന് വസ്തു എറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി. റവന്യൂ, സർവേ , പിഡബ്ലിയുഡി വകുപ്പുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പദ്ധതിക്കായി നേരത്തെ അതിർത്തി നിർണയിച്ച് കല്ലിട്ടിരുന്നു. ഇതനുസരിച്ച് ഏറ്റെടുക്കാൻ തീരുമാനിച്ച വസ്തു സംബന്ധിച്ചും വസ്തു ഉടമകളെക്കുറിച്ചുമാണ് പരിശോധന നടത്തിയത്. പരിശോധനാ റിപ്പോർട്ട് ഉടൻ കലക്ടർക്ക് സമർപ്പിക്കുമെന്ന് ലാന്‍ഡ് അക്വിസേഷൻ വിഭാഗം തഹസിൽദാർ എം പി പ്രേംലാൽ പറഞ്ഞു.
അടുത്ത ആഴ്ചതന്നെ സർവേ വിഭാഗം ഏറ്റെടുക്കുന്നതിനായി വസ്തു അളന്ന് തിട്ടപ്പെടുത്തും. തുടർന്ന് സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച വിജ്ഞാപനം ഇറക്കും. ഉടമകളിൽ നിന്ന് നെഗോഷ്യബിൾ സിസ്റ്റത്തിൽ സ്ഥലം ഏറ്റെടുക്കൽ നടപടി തുടങ്ങും. ആലപ്പാട് -കുലശേഖരപുരം പഞ്ചായത്തുകളെ ടി എസ് കനാലിന് കുറുകെ നിർമിക്കുന്ന പാലം യാഥാർഥ്യമാകുന്നതോടെ എൽഡിഎഫ് സർക്കാരിന്റെ മറ്റൊരു വാഗ്ദാനം കൂടിയാണ് യാഥാർഥ്യമാകുന്നതെന്ന് ആർ രാമചന്ദ്രൻ എംഎൽഎ പറഞ്ഞു.
പാലം നിർമാണം, വസ്തു ഏറ്റെടുക്കൽ എന്നിവയ്ക്കായി 20 കോടി രൂപ കിഫ്ബിയിൽ നിന്നും മാറ്റിവച്ചിട്ടുണ്ട്. 300 മീറ്റർ നീളമാണ് അപ്രോച്ച് റോഡ് ഉൾപ്പെടെ പാലത്തിനുള്ളത്. പടിഞ്ഞാറുഭാഗത്ത് ആലപ്പാട് പഞ്ചായത്ത് ഓഫീസിനു വടക്കുഭാഗത്തുകൂടി ആലപ്പാട് സുബ്രഹ്മണ്യ ക്ഷേത്ര സമീപത്തുകൂടി പ്രധാന റോഡുമായി അപ്രോച്ച് റോഡ് ബന്ധിപ്പിക്കും. ഇതിനായി 175 മീറ്റർ നീളമാണ് പടിഞ്ഞാറുഭാഗത്ത് ഉണ്ടാവുക. കിഴക്ക് ഭാഗത്ത് 145 മീറ്ററാണ് നീളം. ഇരുഭാഗത്ത് നിന്നുമായി 70 സെന്റ് വസ്തു പാലത്തിനായി ഏറ്റെടുക്കേണ്ടിവരും. പിഡബ്ലിയുഡി റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് വിഭാഗമാണ് സാധ്യതാപഠനം നടത്തിയത്. കേരള റോഡ് ഫണ്ട് ബോർഡാണ് പാലത്തിന്റെ നിർമാണം നടത്തുക. കാട്ടിൽക്കടവ് പാലം യാഥാർഥ്യമാകുന്നതോടെ തീരദേശത്തെ മലയോര മേഖലയുമായി ബന്ധിപ്പിക്കുന്നതിനും വഴിയൊരുങ്ങുകയാണ്. കാട്ടിൽകടവ്–- - ചക്കുവള്ളി റോഡും അധുനിക രീതിയിൽ വികസിപ്പിക്കുന്നതിന് 17 കോടി രൂപയുടെ പദ്ധതി ഉടൻ നടപ്പാക്കും. ഇതുവഴി എം സി റോഡുമായും തേനി ദേശീയപാതയുമായും ബന്ധിപ്പിക്കുന്നതിനും കഴിയും. ഇതോടെ മലയോര മേഖലയിൽ നിന്നും തീരമേഖലയിലേക്ക് എത്തുന്നതിന് കഴിയും. ആലപ്പാട് പഞ്ചായത്തിൽ നിന്നും വേറിട്ട തുരുത്തായി നിലനിൽക്കുന്ന കാക്കത്തുരുത്ത് എന്ന പ്രദേശത്തിന് പാലം വഴി തീരമേഖലയുമായി വളരെ പെട്ടെന്ന് ബന്ധപ്പെടാൻ കഴിയും.
സംയുക്തപരിശോധനയിൽ കുലശേഖരപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ കൃഷ്ണകുമാർ, ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് പി സെലീന, ബ്ലോക്ക് പഞ്ചായത്ത്അംഗം ഷെർളി ശ്രീകുമാർ, പഞ്ചായത്ത് അംഗം ജയകുമാർ, പിഡബ്ലിയുഡി റോഡ്സ് ആൻഡ് ബ്രിഡ്ജസ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എം എസ് ശ്രീജ, വസ്തു ഏറ്റെടുക്കൽ വിഭാഗം തഹസിൽദാർ എം പി പ്രേംലാൽ തുടങ്ങിയവർ പങ്കെടുത്തു.