15 May Saturday

ജനനേതാവിന് അന്ത്യാഞ്ജലി

സ്വന്തം ലേഖകന്‍Updated: Tuesday May 4, 2021

ആർ ബാലകൃഷ്ണപിള്ളയുടെ മൃതദേഹത്തിൽ പൊലീസ് ഔദ്യോഗിക ബഹുമതി അർപ്പിക്കുന്നു

കൊട്ടാരക്കര  
ഏഴു പതിറ്റാണ്ടിലേറെ കേരള രാഷ്ട്രീയത്തിലെ നിറസാന്നിധ്യമായിരുന്ന കേരള കോൺഗ്രസ്‌ ബി ചെയർമാനും മുന്നോക്ക ക്ഷേമ കോർപറേഷൻ ചെയർമാനുമായിരുന്ന ആർ ബാലകൃഷ്ണപിള്ളയ്ക്ക് ജന്മനാട് കണ്ണീരോടെ വിട നൽകി.  
തിങ്കളാഴ്‌ച പുലർച്ചെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ച  ബാലകൃഷ്ണപിള്ളയുടെ മൃതദേഹം കൊട്ടാരക്കരയിലെ വീട്ടിലും പത്തനാപുരം എൻഎസ്‌എസ്‌ താലൂക്ക്‌ യൂണിയൻ ഓഫീസിലും പൊതുദർശനത്തിനുവച്ച ശേഷം വൈകിട്ട്‌ അഞ്ചോടെ വാളകത്തെ തറവാട്ടുവീടായ കീഴൂട്ട്‌ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. മകൻ കെ ബി ഗണേശ്‌കുമാർ ചിതയ്‌ക്ക്‌ തീകൊളുത്തി.  
രാവിലെ ഏഴോടെ കൊട്ടാരക്കരയിലെ വീട്ടിലാണ്‌ ആദ്യം മൃതദേഹം എത്തിച്ചത്‌. തുടർന്ന്‌ ഒമ്പതരയോടെ വിലാപയാത്രയായി പുനലൂരിലെ എൻഎസ്എസ് പത്തനാപുരം താലൂക്ക് യൂണിയൻ ഓഫീസിലേക്ക്‌ കൊണ്ടുപോയി. അവിടെ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ ആദരാഞ്ജലി അർപ്പിച്ചു. പകൽ ഒന്നോടെ വാളകത്തെ കീഴൂട്ട് വീട്ടിൽ എത്തിച്ച മൃതദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യോപചാരം
അർപ്പിച്ചു. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, എംപിമാരായ എൻ കെ പ്രേമചന്ദ്രൻ, തോമസ് ചാഴിക്കാടൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, എംഎൽഎമാരായ പി അയിഷാപോറ്റി, മുല്ലക്കര രത്നാകരൻ, മാത്യു ടി തോമസ്, എം നൗഷാദ്, വീണാ ജോർജ്‌, സജി ചെറിയാൻ,  കോവൂർ കുഞ്ഞുമോൻ, കെ യു ജനീഷ്‌കുമാർ, ചിറ്റയം ഗോപകുമാർ, റോഷി അഗസ്റ്റിൻ, എൻ ജയരാജ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി ജെ ജോസഫ്, മോൻസ് ജോസഫ്, പി സി ജോർജ്‌ തുടങ്ങിയവരും എത്തിയിരുന്നു. ദേശാഭിമാനിക്കു വേണ്ടി ജനറൽ മാനേജർ കെ ജെ തോമസ്‌ റീത്ത് സമർപ്പിച്ചു. 
സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ  ഇ പി ജയരാജൻ, എം വി ഗോവിന്ദൻ, പി കെ ശ്രീമതി, കെ കെ ശൈലജ, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളായ ആനത്തലവട്ടം ആനന്ദൻ, ടി പി രാമകൃഷ്ണൻ, എം എം മണി, കെ എൻ ബാലഗോപാൽ, മുതിർന്ന സിപിഐ എം നേതാവ്‌ പി കെ ഗുരുദാസൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജെ മേഴ്സിക്കുട്ടിഅമ്മ, എം വിജയകുമാർ, കെ രാജഗോപാൽ, കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ, എൽഡിഎഫ് ജില്ലാ കൺവീനർ എൻ അനിരുദ്ധൻ, സിപിഐ നേതാക്കളായ കെ രാജു,  ജെ ചിഞ്ചുറാണി, ചെങ്ങറ സുരേന്ദ്രൻ, കേരള കോൺഗ്രസ്‌ എം ചെയർമാൻ ജോസ് കെ മാണി, കലക്ടർ ബി അബ്ദുൽ നാസർ,  ജോർജ്‌ മാത്യു, പി എ എബ്രഹാം, പി കെ ജോൺസൺ, കലഞ്ഞൂർ മധു, ജി തങ്കപ്പൻപിള്ള, കെ എസ് ഇന്ദുശേഖരൻനായർ, എ എസ് ഷാജി, നടൻ ദിലീപ് ഉൾപ്പെടെയുള്ളവർ അന്ത്യോപചാരം അർപ്പിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top