03 June Wednesday

തീയിലും വെള്ളത്തിലും മാത്രമല്ല; എവിടെയുമുണ്ട്‌ രക്ഷകർ

സ്വന്തം ലേഖകൻUpdated: Saturday Apr 4, 2020
കൊല്ലം
‘ഹലോ... പുനലൂർ ഫയർഫോഴ്‌സ്‌’. കഴിഞ്ഞദിവസം രാവിലെ പുനലൂർ അഗ്‌നിരക്ഷാ സേനയുടെ ഓഫീസിലെ 101 എന്ന ടോൾ ഫ്രീ നമ്പറിലേക്കു വന്ന കോൾ എടുത്ത ഉദ്യോഗസ്ഥനുമുന്നിൽ ഒരു ആവശ്യമെത്തി.  ‘സർ... ആശുപത്രിയിൽ കൊണ്ടുപോകാൻ ആരുമില്ല. സഹായിക്കാമോ?’.  
 കുളത്തൂപ്പുഴ അമ്പതേക്കറിലെ ഇട്ടിവിള കോളനിയിൽ എൺപത്തെട്ടുകാരനായ ലാസറിന്റേതായിരുന്നു അഭ്യർഥന. ലോക്ക്‌ ഡൗൺ കാരണം ആശുപത്രിയിൽ പേകാനാവാതെ മൂന്നുദിവസമായി വേദനയിൽ കഷ്ടപ്പെടുകയായിരുന്നു. ലാസറിന്റെ അഭ്യർഥന കേട്ടയുടൻ സ്റ്റേഷൻ ഓഫീസർ ആർ ഷിജുവിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ ആംബുലൻസുമായി പാഞ്ഞെത്തി. 
പുനലൂർ താലൂക്കാശുപത്രിയിൽ എത്തിച്ചു. ചികിത്സയും മരുന്നും ലഭ്യമാക്കി; തിരികെ വീട്ടിലെത്തിച്ചു. തീപിടിത്തവും അപകടങ്ങളും ഉണ്ടായാൽ മാത്രമല്ല, മഹാമാരിയുടെ കാലത്തും രക്ഷകരാവുകയാണ്‌ ഫയർ ഫോഴ്‌സ്‌. 
കൊറോണക്കാലത്ത്‌ എന്തിനും ഏതിനും ഇവർ മുന്നിലുണ്ട്‌. വീടിനു പുറത്തിറങ്ങാൻ കഴിയാത്തവർക്ക്‌ മരുന്നെത്തിച്ചുനൽകുക, വിശന്നുവലയുന്നവർക്ക്‌ അന്നം നൽകുക  തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങളും നടപ്പാക്കുന്നു. ജില്ലയിലെ 11 നിലയങ്ങളിലായി 200 ലധികം ബോധവൽക്കരണ ക്ലാസുകൾ, സ്വന്തം വാഹനത്തിൽ അനൗൺസ്‌മെന്റ്‌ തുടങ്ങിയ പ്രചാരണങ്ങളും സംഘടിപ്പിച്ചു. ജില്ലാ ഹെഡ്ക്വാർട്ടേഴ്സിൽ 40 ലിറ്റർ സാനിറ്റൈസർ, മാസ്ക് എന്നിവ നിർമിച്ചു നൽകി. 
സർക്കാർ ആശുപത്രികളും കോവിഡ് ബാധിതന്റെ തൃക്കരുവയിലുള്ള വാടകവീടും പരിസരവും റെയിൽവേ സ്റ്റേഷനുകൾ, ബസ്‌ സ്റ്റാൻഡുകൾ, കാത്തിരിപ്പ് കേന്ദ്രങ്ങൾ, സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, മാധ്യമ ഓഫീസുകൾ, ഹാർബറുകൾ, ബോട്ടുകൾ, പൊതുമാർക്കറ്റുകൾ തുടങ്ങിയ ഇടങ്ങൾ അണുവിമുക്തമാക്കി. കെ ഹരികുമാറാണ്‌ ഫയർഫോഴ്‌സ്‌ ജില്ലാ ഓഫീസർ.
പ്രധാന വാർത്തകൾ
 Top