കൊട്ടിയം
പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളുടെ ക്ഷേമവും സംരക്ഷണവും സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് -സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു പറഞ്ഞു. പാസ്പോർട്ട്, വിസാ കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടരുന്നവർ, ശിക്ഷ കഴിഞ്ഞോ പരോളിലോ ജയിൽമോചിതരാകുന്ന വിദേശികൾ എന്നിവരെ പാർപ്പിക്കുന്നതിന് കൊട്ടിയത്ത് ആരംഭിച്ച ട്രാൻസിറ്റ് ഹോം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.
പാർശ്വവൽക്കരിക്കപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിച്ച് സാമ്പത്തികവും സാംസ്കാരികവുമായ ഉന്നമനത്തിന് പ്രാപ്തരാക്കുന്ന വിവിധ പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ചുവരുന്നത്. സംസ്ഥാനത്തെ ആദ്യ ട്രാൻസിറ്റ് ഹോമാണ് കൊട്ടിയത്തേത്. മറ്റൊരു ട്രാൻസിറ്റ് ഹോംകൂടി നിർമിക്കുന്നതിനുള്ള പ്രവർത്തനം നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.
എം നൗഷാദ് എംഎൽഎ അധ്യക്ഷനായി. ആർആർ ഡെപ്യൂട്ടി കലക്ടർ ജി നിർമൽകുമാർ, ജില്ലാ പൊലീസ് അഡീഷണൽ എസ്പി സോണി ഉമ്മൻകോശി, പഞ്ചായത്ത് പ്രസിഡന്റ് ജെ ഷാഹിദ, ജില്ലാ പഞ്ചായത്ത് അംഗം എസ് സെൽവി, പഞ്ചായത്ത് അംഗം വി സോണി, സാമൂഹ്യനീതി വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അജയകുമാർ, ജില്ലാ സാമൂഹ്യനീതി ഓഫീസർ ജോസ് ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.
20 പേർക്കു താമസിക്കാം
ട്രാൻസിറ്റ് ഹോമിനായി 5000 ചതുരശ്രയടിയിൽ അഞ്ചുമുറിയുള്ള ഇരുനിലക്കെട്ടിടമാണ് സജ്ജീകരിച്ചത്. പ്രധാന കെട്ടിടത്തിനു പുറത്ത് 500 ചതുരശ്ര അടിയിൽ ഔട്ട്ഹൗസ്, ഭക്ഷണശാല എന്നിവയുമുണ്ട്. 20 പേർക്ക് ഇവിടെ തങ്ങാനാകും. എസ്ഐ ഉൾപ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ, സുരക്ഷാ ജീവനക്കാർ, കെയർ ടേക്കർമാർ, രണ്ട് ഗേറ്റ് കീപ്പർ, ക്ലർക്ക്, ഹോം മാനേജർ, പാചകക്കാർ ഉൾപ്പെടെയുള്ള കരാർ ജീവനക്കാർ എന്നിവർ സെന്ററിലുണ്ടാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..