06 December Friday

ഹെൽമെറ്റ്‌ പരിശോധന 42 പേർക്കെതിരെ കേസ്‌; 27,500 രൂപ പിഴ

സ്വന്തം ലേഖകൻUpdated: Tuesday Dec 3, 2019

 

കൊല്ലം
ഹെൽമെറ്റില്ലാതെ പിൻസീറ്റിൽ യാത്രചെയ്ത് കഴിഞ്ഞദിവസം ജില്ലയിൽ പണിവാങ്ങിയത്‌ 17 പേർ. ഹെൽമെറ്റില്ലാതെ ഇരുചക്ര വാഹനമോടിച്ച  94 പേരെ പിടികൂടി. ഇതിൽ 25 പേർക്കെതിരെ കേസെടുത്തു. ബാക്കിയുള്ളവർ പിഴയടച്ചു. ആകെ 27,500 രൂപയാണ്‌ പിഴയായി ഈടാക്കിയത്‌. 
മോട്ടോർ വാഹന വകുപ്പിന്റെ ഹെൽമെറ്റ്‌ പരിശോധന തിങ്കളാഴ്‌ച ജില്ലയിൽ വ്യാപകമായിരുന്നു. ഞായറാഴ്ച മുതലാണ്‌ ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റിലും ഹെൽമെറ്റ്‌ നടപ്പാക്കിയത്‌. ബോധവൽക്കരണത്തിനാണ്‌ രണ്ടുദിവസം മോട്ടോർ വാഹന വകുപ്പും പൊലീസുംകൂടുതലും  ശ്രമിച്ചത്‌. സ്റ്റോപ് സിഗ്‌നൽ കൊടുത്താണ്‌ വണ്ടി നിർത്തിക്കുന്നതെന്നും പരമാവധി യാത്രക്കാർ സഹകരിക്കുന്നുവെന്നും ആർടിഒ വി സജിത് പറഞ്ഞു.  
പൊലീസിന്റെ വാഹനപരിശോധന എസ്‌ഐയുടെ നേതൃത്വത്തിൽ വേണമെന്നാണ്‌ ഡിജിപി ഉത്തരവിറക്കിയിട്ടുള്ളത്‌. നിർത്തിയില്ലെങ്കിൽ പിന്തുടർന്ന്‌ വാഹനങ്ങൾ പിടിക്കേണ്ടായെന്നും ലാത്തി ഉപയോഗിക്കരുതെന്നും ദേഹപരിശോധന പാടില്ലെന്നും ഉത്തരവിലുണ്ട്‌. ക്യാമറയിൽ പകർത്തിയാണ്‌ പൊലീസിന്റെ വാഹന പരിശോധന. 
റോഡിൽ കയറി കൈ കാണിക്കരുതെന്നും വളവിലും തിരുവിലും പരിശോധന പാടില്ലെന്നും  നിർദേശമുണ്ട്‌. ഹെൽമെറ്റില്ലാതെയും സീറ്റ് ബെൽറ്റില്ലാതെയും യാത്ര ചെയ്യുന്നവർക്ക് 500 രൂപയാണ് പിഴയായി 
ഈടാക്കുന്നത്‌.
 
പ്രധാന വാർത്തകൾ
 Top