06 December Friday

കാളക്കൂറ്റന്മാര്‍ ഇറങ്ങി; അടുക്കളമൂല ആവേശമൂലയായി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019

അടുക്കളമൂല പാടശേഖരത്തിൽ നടന്ന കാളപ്പൂട്ട്‌ മത്സരത്തിൽനിന്ന്‌

പുനലൂർ
അടുക്കള മൂലയിൽ ആവേശം വാനോളമുയർന്നു. കാളക്കൂറ്റന്മാരുടെ വേഗത കാണാൻ നാടാകെയുണ്ടായിരുന്നു. കരവാളൂർ പഞ്ചായത്തിന്റെയും മാത്രാ സഹകരണ ബാങ്ക് സമൃദ്ധി പാടശേഖരസമിതിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഞാറുനടീൽ ഉത്സവവും കന്നുപൂട്ട് മത്സരവുമാണ്‌ ആവേശപ്പൂത്തിരികത്തിച്ചത്‌. 
ഉത്സവാന്തരീക്ഷത്തിൽ അടുക്കളമൂല ഏലായിൽ നടന്ന മത്സരം കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ ഉദ്ഘാടനംചെയ്തു. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ രഞ്ജു സുരേഷ് മുഖ്യപ്രഭാഷണം നടത്തി. കരവാളൂർ പഞ്ചായത്ത് പ്രസിഡന്റ്‌ വി രാജൻ അധ്യക്ഷനായി. മാത്ര സഹകരണ ബാങ്ക് പ്രസിഡന്റ്‌ പ്രൊഫ. വി എസ് പ്രവീൺകുമാർ സ്വാഗതം പറഞ്ഞു. 
സംഘാടകസമിതി ജനറൽ കൺവീനർ ആശ്രാമത്ത് ഗോപാലകൃഷ്ണൻനായർ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ ജയലക്ഷ്മി, ജില്ലാ പഞ്ചായത്ത് അംഗം ബി സരോജദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആർ ശൈലജ, സി ശ്രീലക്ഷ്മി, സ്ഥിരംസമിതി ചെയർമാന്മാരായ എസ് ശരത്ചന്ദ്രൻ, ശ്രീലത സുന്ദർ തുടങ്ങിയവർ സംസാരിച്ചു. 
സീനിയർ, ജൂനിയർ, സബ്ജൂനിയർ വിഭാഗങ്ങളിലായി കയറിട്ട മത്സരം, വേഗത മത്സരം, സീനിയർ ചാമ്പ്യൻ, ജൂനിയർ ചാമ്പ്യൻ, സബ്ജൂനിയർ ചാമ്പ്യൻ, പ്രദർശന മത്സരം എന്നിങ്ങനെ വിവിധ മത്സരങ്ങൾ നടന്നു. വിജയികൾക്ക് വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ കരവാളൂർ പഞ്ചായത്ത് പ്രസിഡന്റ്‌ വി രാജൻ സമ്മാനദാനം നടത്തി.
പ്രധാന വാർത്തകൾ
 Top