14 November Thursday
മാലിന്യമുക്ത നവകേരളത്തിന്

നാടുണർന്നു

സ്വന്തം ലേഖകൻUpdated: Thursday Oct 3, 2024

മാലിന്യമുക്ത നവകേരളം പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സാദസ്സിനെ അഭിവാദ്യം ചെയ്യുന്നു. മന്ത്രി കെ എൻ ബാലഗോപാൽ സമീപം

കൊല്ലം
മാലിന്യമുക്ത നവകേരള ക്യാമ്പയിന്‌ ഗാന്ധിജയന്തി ദിനത്തിൽ ജില്ലയിൽ തുടക്കം. ജനങ്ങളും ജനപ്രതിനിധികളും കുടുംബശ്രീയും സന്നദ്ധസംഘടനകളും ഗ്രന്ഥശാലകളും ഒന്നിച്ച്‌ കൈകോർക്കുന്ന ക്യാമ്പയിൻ അന്താരാഷ്ട്ര ശൂന്യമാലിന്യ ദിനമായ മാർച്ച്‌ 30ന്‌ സമാപിക്കും. വീടും പരിസരവും, സ്ഥാപനങ്ങൾ, പൊതുഇടങ്ങൾ, മാർക്കറ്റുകൾ, ആശുപത്രികളും പരിസരവും, പുഴകൾ, തോടുകൾ തുടങ്ങി ഖരമാലിന്യം അടിഞ്ഞുകൂടാൻ സാധ്യതയുള്ള സർവ ഇടങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ തുടർച്ചയായി നടക്കും. ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്‌ഘാടനം കൊട്ടാരക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയനും ജില്ലാതല ഉദ്‌ഘാടനം കൊല്ലം ആശ്രാമം ചേക്കോട്ടുകടവിൽ മന്ത്രി എം ബി രാജേഷും നിർവഹിച്ചു. 
കൊട്ടാരക്കര പുലമൺതോടിനരികെ എൽഐസി അങ്കണത്തിൽ ചേർന്ന സംസ്ഥാനതല ചടങ്ങിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനായി. ഹരിതകർമസേനാംഗങ്ങൾക്ക്‌ സുരക്ഷാക്കിറ്റ്‌ നൽകൽ, എംസിഎഫിൽ കൺവെയർബെൽറ്റ്‌, സോർട്ടിങ്‌ ടേബിൾ, ഡി ഡസ്റ്റർ എന്നിവ മന്ത്രി എംബി രാജേഷ്‌ ഉദ്‌ഘാടനം ചെയ്‌തു. ഹരിതടൂറിസം കൈപ്പുസ്‌തകം മന്ത്രി കെ ബി ഗണേഷ്‌കുമാർ പ്രകാശിപ്പിച്ചു. ശുചിത്വത്തിന്റെ കുഞ്ഞുഹീറോസ്‌ കോഫി ടേബിൾബുക്ക്‌, എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം  പുസ്‌തകം മന്ത്രി ജെ ചിഞ്ചുറാണി പ്രകാശിപ്പിച്ചു. കോവൂർ കുഞ്ഞുമോൻ എംഎൽഎ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഗോപൻ എന്നിവർ സംസാരിച്ചു. നവകേരളം കോ–-ഓർഡിനേറ്റർ ടിഎൻ സീമ റിപ്പോർട്ട്‌ അവതരിപ്പിച്ചു. കൊട്ടരക്കര മുനിസിപ്പൽ ചെയർമാൻ എസ്‌ ആർ രമേശ്‌ സ്വാഗതം പറഞ്ഞു. കൊടിക്കുന്നിൽ സുരേഷ്‌ എംപി മുഖ്യപ്രഭാഷണം നടത്തി. ഹരിതസ്ഥാപനങ്ങൾക്ക്‌ സർട്ടിഫിക്കറ്റ്‌ വിതരണം ചീഫ്‌ സെക്രട്ടറി ശാരദ മുരളീധരൻ നടത്തി. തദ്ദേശ സ്‌പെഷ്യൽ സെക്രട്ടറി ടിവി അനുപമ ജനകീയ ക്യാമ്പ യിൻ പ്രതിഞ്ജ ചൊല്ലി. നവകേരളം കർമപദ്ധതി ജില്ലാ കോ–-ഓർഡിനേറ്റർ എസ്‌ ഐസക്‌ നന്ദി പറഞ്ഞു. 
ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലും ക്യാമ്പയിന്‌ തുടക്കമായി. ജീവനാണ്‌ അഷ്ടമുടി, ജീവിക്കണം അഷ്ടമുടി എന്ന ക്യാമ്പയിൻ കൊല്ലം കോർപറേഷന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്‌. ഇതിന്റെ ഭാഗമായി അഷ്ടമുടിക്കായലിന്റെ വിവിധ ഭാഗങ്ങളിലുള്ള 50 കടവ്‌ നവീകരിക്കും. നവീകരിച്ച 30 കടവ്‌ മന്ത്രി എം ബി രാജേഷ്‌ ബുധനാഴ്‌ച നാടിന്‌ സമർപ്പിച്ചു. ഗാന്ധിജയന്തി ദിനത്തിൽ വിവിധ ഇടങ്ങളിൽ ശുചീകരണം നടന്നു. തൊഴിലുറപ്പ്‌ തൊഴിലാളികളും ശുചീകരണത്തിന്റെ ഭാഗമായി. യുവജന വിദ്യാർഥി മഹിളാ സംഘടനകളും വിവിധ ട്രേഡ്‌ യൂണിയനുകളും മാലിന്യമുക്‌ത നവകേരള ക്യാമ്പയിന്റെ ഭാഗമാകും. 
തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും സഹകരണത്തോടെ ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ, കുടുംബശ്രീമിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്‌, കേരള സോളിഡ്‌ വേസ്‌റ്റ്‌ മാനേജ്‌മെന്റ്‌ പ്രോജക്‌ട്‌, ക്ലീൻ കേരള കമ്പനി തുടങ്ങിയവ ക്യാമ്പയിന്റെ ഏകോപനം നിർവഹിക്കും 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top