29 November Tuesday

ആത്മബന്ധത്തിന്റെ തുടക്കം എസ്‌എഫ്‌ഐ നേതാവായിരിക്കെ

എം അനിൽUpdated: Monday Oct 3, 2022

സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ കോടിയേരി ബാലകൃഷ്ണന് അന്ത്യാഭിവാദ്യംഅർപ്പിക്കുന്നു

കൊല്ലം
എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെ തുടങ്ങിയതാണ്‌ കൊല്ലവുമായി കോടിയേരിക്കുള്ള ആത്മബന്ധം. പിന്നീട്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം, കേന്ദ്രകമ്മിറ്റി അംഗം, പ്രതിപക്ഷ ഉപനേതാവ്‌, പൊളിറ്റ്‌ ബ്യൂറോ അംഗം, പാർടി സംസ്ഥാന സെക്രട്ടറി, ആഭ്യന്തര–- ടൂറിസം മന്ത്രി എന്നിങ്ങനെ വിവിധ തലങ്ങളിൽ പ്രവർത്തിച്ചപ്പോഴും ആ ബന്ധം തുടർന്നു. കൊല്ലത്തിന്റെ മനസ്സിലും വികസനത്തിലും  കൈയൊപ്പ്‌ ചാർത്തിയ കോടിയേരിയുടെ അകാല വേർപാടിൽ നാടാകെ ദുഃഖത്തിലാണ്‌. 
സി പി കരുണാകരൻപിള്ള,  എം കെ ഭാസ്‌കരൻ, എൻ പത്മലോചനൻ, എൻ ശ്രീധരൻ, പി കെ ഗുരുദാസൻ തുടങ്ങിയ ജില്ലയിലെ ആദ്യകാല സിപിഐ എം നേതാക്കളുമായി നല്ലബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. ആ ബന്ധം പിന്നീട്‌ സംഘടനാരംഗത്ത്‌ വളർന്നുവന്ന മറ്റു നേതാക്കളുമായും തുടർന്നു. എം എ ബേബിയുമായുള്ള സൗഹൃദത്തിന്‌ ആഴമേറെയാണ്‌. രാഷ്ട്രീയരംഗത്ത്‌ എല്ലാ ഉപദേശ നിർദേശങ്ങളും കോടിയേരി നൽകിയിരുന്നുവെന്ന്‌ മന്ത്രി കെ എൻ ബാലഗോപാൽ അനുസ്‌മരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയായിരുന്ന കെ രാജഗോപാൽ, നിലവിലെ സെക്രട്ടറി എസ്‌ സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എന്നിവരുമായുള്ളതും സ്‌നേഹോഷ്‌മളമായ ബന്ധം. 
വികസനത്തിൽ കൈയൊപ്പ്‌ ചാർത്തി...
ആഭ്യന്തര–- ടൂറിസം മന്ത്രിയായിരിക്കെ വികസന ഭൂപടത്തിൽ അദ്ദേഹത്തിന്റെ  അടയാളപ്പെടുത്തൽ  എന്നും തിളങ്ങുന്നതാണ്‌. പുനലൂർ തൂക്കുപാലം പുരാവസ്‌തു വകുപ്പിനെക്കൊണ്ട്‌ ഏറ്റെടുപ്പിക്കാനും പുതുക്കിപ്പണിയാനും നടപടിയെടുത്തു. തെന്മല ഇക്കോ ടൂറിസത്തിൽ കോലാലമ്പൂർ മാതൃകയിൽ ചിത്രശലഭ പാർക്ക്‌ തുടങ്ങിയതും കോടിയേരിയുടെ ഇടപെടലിൽ. നീണ്ടകരയിൽ തീരദേശ പൊലീസ് സ്റ്റേഷൻ തുടങ്ങുന്നതും തീരം വഴിയുള്ള തീവ്രവാദികളുടെ നുഴഞ്ഞുകയറ്റത്തിന് തടയിടാൻ തീരദേശജനതയെ അംഗങ്ങളാക്കി ജാഗ്രതാസമിതി രൂപീകരിച്ചതും കോടിയേരി ആഭ്യന്തര മന്ത്രി ആയിരിക്കെയാണ്‌. ജടായുപ്പാറ ടൂറിസം പദ്ധതിയെ ഇന്നത്തെ നിലയിലേക്ക്‌ വികസിപ്പിച്ചതിനും കോടിയേരിയുടെ ദീർഘവീക്ഷണം സഹായമായി. 
പോരാട്ട വീഥിയിൽ...
1984-ലെ പുനലൂർ  ഉപതെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങൾക്കും അദ്ദേഹം ചുക്കാൻപിടിച്ചു. 1986ൽ ഡിഎക്കുവേണ്ടി കശുവണ്ടിത്തൊഴിലാളികൾ നടത്തിയ സമരത്തിലും ആവേശം പകർന്ന്‌ കോടിയേരി എത്തി. 2002 ജൂലൈ 18-ന് അഞ്ചൽ തടിക്കാട്ട്‌ എം എ അഷ്‌റഫിനെ എൻഡിഎഫുകാർ കൊലപ്പെടുത്തിയപ്പോൾ കോടിയേരി സ്ഥലത്തെത്തുകയും പ്രവർത്തകർക്ക് ആത്മധൈര്യം പകരുകയും ചെയ്‌തു.  ഏറ്റവും അവസാനം അദ്ദേഹം പങ്കെടുത്ത പാർടി പരിപാടി 2021 ഡിസംബർ ഒന്നുമുതൽ 2022 ജനുവരി മൂന്നുവരെ കൊട്ടാരക്കരയിൽ നടന്ന ജില്ലാ സമ്മേളനമാണ്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top