24 February Sunday
കെപിസിസി വിലക്കു ലംഘിച്ച് പട്ടിക ഇറങ്ങിയത് രാത്രി

ഡിസിസി പ്രസിഡന്റ‌് നിയമിച്ച മണ്ഡലം പ്രസിഡന്റുമാരുടെ പട്ടിക വീണ്ടും റദ്ദാക്കി

ജയൻ ഇടയ്ക്കാട്Updated: Monday Sep 3, 2018
കൊല്ലം
പ്രളയ ദുരന്തത്തിന്റെ  മറവിൽ വിലക്ക‌് ലംഘിച്ച് മണ്ഡലം ഭാരവാഹികളെ നിശ്ചയിച്ച ഡിസിസി പ്രസിഡന്റിന്റെ നീക്കത്തിന് തിരിച്ചടി.  31 നു രാത്രി പുറത്തിറക്കിയ പത്തനാപുരം, കൊട്ടാരക്കര നിയോജക മണ്ഡലങ്ങളിലെ മണ്ഡലം പ്രസിഡന്റുമാരുടെ  പട്ടിക കെപിസിസി മരവിപ്പിച്ചു. സംഘടനാ ചുമതലയുള്ള കെപിസിസി ജനറൽസെക്രട്ടറി  തമ്പാനൂർ രവി  കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച ഫാക്‌സ് സന്ദേശം ഡിസിസി പ്രസിഡന്റിന് നൽകി. കൊടിക്കുന്നിൽ  സുരഷ് എംപി എഐസിസി നേതൃത്വത്തിന് നൽകിയ പരാതിയെത്തുടർന്നാണ് നടപടി. മണ്ഡലവുമായി യാതൊരു ബന്ധമില്ലാത്തവരും പുറത്തുള്ളവരും  റദ്ദാക്കിയ പ്രസിഡന്റുമാരുടെ പട്ടികയിൽ ഉൾപ്പെടുന്നു. 
കഴിഞ്ഞ മേയിൽ  ആരംഭിച്ച മണ്ഡലം പ്രസിഡന്റുമാരുടെ നിയമനം ജില്ലയിൽ ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഗ്രൂപ്പ് അടിസ്ഥാനത്തിൽ മണ്ഡലം പ്രസിഡന്റുമാരെ വീതം വയ്ക്കുന്നതിൽ ധാരണയാകാത്തതാണ് കാരണം. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ അഭിപ്രായം  പരിഗണിക്കാതെയാണ് ആദ്യം പ്രസിഡന്റുമാരുടെ നിയമനം  നടന്നത്.  ഇതിനെതിരെ എഐസിസിക്ക് നൽകിയ പരാതിയെത്തുടർന്ന്  സമവായമുണ്ടാക്കുകയും പത്തനാപുരം , കൊട്ടാരക്കര നിയോജകമണ്ഡലങ്ങളിലെ ഭാരവാഹി പ്രഖ്യാപനം കൊടിക്കുന്നിലുമായി ആലോചിച്ച് നടത്തിയാൽ മതിയെന്നും  കെപിസിസി ആവശ്യപ്പെട്ടു.  എന്നാൽ പ്രളയദുരന്തം മറയാക്കി കഴിഞ്ഞ ദിവസം രാത്രി ഡിസിസി പ്രസിഡന്റ് വീണ്ടും ലിസ്റ്റ് ഇറക്കുകയായിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രഖ്യാപിച്ച പദ്ധതി ഏറ്റെടുക്കാൻ ആളുവേണമെന്ന ന്യായമാണ്  ഇതിന് ഡിസിസി പ്രസിഡന്റ് മുന്നോട്ടുവച്ചതെങ്കിലും കൊടിക്കുന്നിലിനെ വീണ്ടും നോക്കുകുത്തിയാക്കുക എന്ന ലക്ഷ്യമാണ് നടപടിക്ക് പിന്നിൽ എന്നതാണ് വസ്തുത. 
31 നു  പുറത്തിറക്കിയ പട്ടികയിൽ ഉള്ളവർക്ക് നിയമനക്കത്തു പിന്നീട് തപാലിൽ അയച്ചു. ഇതുമായി നെടുവത്തൂർ മണ്ഡലം പ്രസിഡന്റിനെത്തേടി പോസ്റ്റ്മാൻ എത്തിയപ്പോൾ   മേൽവിലാസക്കാരൻ ഇവിടെ താമസിക്കുന്നയാളല്ലെന്ന മറുപടിയാണ്  ലഭിച്ചത്. കൊട്ടാരക്കര വെസ്റ്റ്, മാവടി, കോട്ടാത്തല മണ്ഡലം പ്രസിഡന്റുമാരുടെ കാര്യത്തിലും ഇതുതന്നെയായിരുന്നു അവസ്ഥ. പത്തുവർഷം കഴിഞ്ഞ മണ്ഡലം പ്രസിഡന്റുമാരെ മാറ്റണമെന്ന നേതൃത്വത്തിന്റെ തീരുമാനവും ജില്ലയിൽ പലയിടത്തും ലംഘിച്ചു. ഡിസിസി പ്രസിഡന്റിന്റെ താൽപ്പര്യപ്രകാരം നാലു വർഷം മാത്രം കഴിഞ്ഞ ചിലർ പട്ടികയിൽനിന്ന് ഒഴിവായപ്പോൾ 14 വർഷമായി പ്രസിഡന്റു പദവി അലങ്കരിക്കുന്ന ചിലർ പുറത്താകാതെനിന്നു. ഡിസിസി പ്രസിഡന്റിന്റെ ഏകാധിപത്യ നിലപാടിനെതിരെ ഐ ഗ്രൂപ്പുകാർ  അഞ്ചാലുംമൂട്ടിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നു തുടർപ്രവർത്തനങ്ങൾ ആസുത്രണം ചെയ്തിട്ടുണ്ട്. വാട്‌സാപ്പ് സന്ദേശങ്ങളിലും നിർദേശങ്ങളിലുമായി  ചുരുങ്ങിയ ഡിസിസി പ്രവർത്തനം ഈ നിലയിൽ തുടർന്നാൽ സമീപ ഭാവിയിൽത്തന്നെ ജില്ലയിൽ കോൺഗ്രസ് ഇല്ലാതാകുമെന്നും തെരഞ്ഞെടുപ്പുകളിൽ തോറ്റുതുന്നം പാടുമെന്നും നേരത്തെ വിമർശനമുയർന്നിരുന്നു. സമൂഹ മാധ്യമങ്ങളിൽ പടമിടാൻ മാത്രം ശ്രദ്ധിക്കുന്ന ഡിസിസി പ്രസിഡന്റ‌് ബിന്ദുകൃഷ്ണ നരേന്ദ്രമോഡിക്ക് പഠിക്കുകയാണോ എന്നാണ് കഴിഞ്ഞ ദിവസം പാർടിക്കുള്ളിലെ സോഷ്യൽ മീഡിയ ഗ്രൂപ്പിൽ ഒരു പ്രവർത്തകൻ കമന്റിട്ടത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top