16 September Monday

കരയെത്തുന്നില്ല മീൻ

സ്വന്തം ലേഖകൻUpdated: Saturday Aug 3, 2019

നീണ്ടകര ഹാർബറിൽ ബോട്ടിൽ കൊണ്ടുവന്ന ചെമ്മീൻ

ചവറ
രണ്ടാം ദിവസവും കടലമ്മ കനിഞ്ഞില്ല. ട്രോളിങ്‌ നിരോധനം കഴിഞ്ഞ്‌ ബുധനാഴ്‌ച മത്സ്യബന്ധനത്തിനുപോയ പല ബോട്ടുകളും പ്രതീക്ഷിച്ച മീൻ കിട്ടാത്തതിനാൽ വെള്ളിയാഴ്‌ചയും തീരത്തെത്തിയില്ല. 
എന്നാൽ, ശക്തികുളങ്ങര, നീണ്ടകര, അഴീക്കൽ ഹാർബറുകളിൽനിന്നുപോയ ചെറുബോട്ടുകളും വള്ളങ്ങളും കരയിലെത്തി. പ്രധാനമായും കരിക്കാടി, കഴന്തൻ, നാരൻ, പൂവാലൻ തുടങ്ങിയ മീനുകളാണ്‌ ഇവർക്കു ലഭിച്ചത്‌. ട്രോളിങ്‌ നിരോധനത്തിനുശേഷം ഏതാണ്ട് പകുതിയോളം ബോട്ടുകളും രാത്രിതന്നെ മത്സ്യബന്ധനത്തിനു പോയിരുന്നു. ബാക്കിയുള്ളവ വ്യാഴാഴ്‌ച പുലര്‍ച്ചെയാണ്‌ പുറപ്പെട്ടത്‌. ഇതിൽ പലതും ഹാർബറുകളിൽ എത്തി തുടങ്ങിയെങ്കിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് മത്സ്യം കുറവാണ്‌.  ഇവർക്കും കരിക്കാടി, കഴുന്തൻ, നാരൻ, പൂവാലൻ, ഓലമാന്തൽ, കണവ എന്നിവയാണ്‌ കിട്ടിയത്‌.   
ഇത്തവണ കിളിമീനിൽ വൻ കുറവുണ്ടായി. മീൻ പ്രതീക്ഷിച്ച രീതിയിൽ വരാത്തതിനാൽ വെള്ളിയാഴ്‌ച കരിക്കാടി കിലോയ്ക്ക് 110 വരെയും കഴന്തൻ 220 മുതൽ 250, ഓല മാന്തൻ 90 വരെയും വില വന്നു. കണവയ്ക്ക് കിലോ 210 മുതൽ 270 വരെയാണ്‌ വില. മഴ കൃത്യമായി ലഭിക്കാതിരുന്നതും കടലിളകാതിരുന്നതും മത്സ്യലഭ്യതയിൽ കുറവ് വരാൻ കാരണമായതായി തൊഴിലാളികൾ പറയുന്നു. 
കഴിഞ്ഞ വർഷങ്ങളിൽ ബോട്ടുകൾക്ക് 50 കുട്ടയ്‌ക്കു മുകളിൽ മീൻ കിട്ടിയിരുന്നെങ്കിൽ ഇന്നത്‌ പത്തിൽ താഴെയായതായും തൊഴിലാളികൾ പറയുന്നു. പുറംകടലിൽ മീൻപിടിക്കുന്ന വലിയ ബോട്ടുകൾ പൂർണമായി മടങ്ങിയെത്തുന്നതോടെ കൂടുതൽ മത്സ്യം കരയിലെത്തുമെന്നാണ്‌ പ്രതീക്ഷ. 

 

പ്രധാന വാർത്തകൾ
 Top