07 August Friday
പുനലൂർ, ആര്യങ്കാവ് ഡിപ്പോയിൽനിന്ന് ഇന്നു മുതൽ

കെഎസ്‌ആർടിസി സർവീസ്‌ പുനരാരംഭിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020
സ്വന്തം ലേഖകന്‍
പുനലൂർ 
കോവിഡിനെ തുടർന്ന് നിർത്തിവച്ചിരുന്ന കിഴക്കൻ മലയോര പ്രദേശങ്ങളിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിക്കാൻ കലക്ടർ ഉത്തരവിറക്കി. പുനലൂർ, ആര്യങ്കാവ് ഡിപ്പോകളിൽനിന്ന് വെള്ളിയാഴ്ച മുതൽ സർവീസ് പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. സ്ഥലം എംഎൽഎയായ മന്ത്രി കെ രാജുവിന്റെ ഇടപെടലിനെ തുടർന്നാണ് 
നടപടി. 
ഇതിന്‌ കണ്ടെയ്ൻമെന്റ്‌ സോണായ കുളത്തൂപ്പുഴ, റോസ്‌മല, ആര്യങ്കാവ് പ്രദേശങ്ങളിലെ നിയന്ത്രണങ്ങളിൽ കലക്ടർ ഇളവ് അനുവദിച്ചിട്ടുണ്ട്. കിഴക്കൻ മലയോര മേഖലയിൽ കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിച്ചതോടെ ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാനാണ് സർവീസ് പുനരാരംഭിക്കുന്നത്. പുനലൂർ ആർഡിഒയുടെ റിപ്പോർട്ടിനെ തുടർന്ന് ബസ് ഓപ്പറേറ്റ് ചെയ്യാൻ മാത്രം പരിമിതമായ ഇളവുകൾ നൽകിയാണ് ഉത്തരവിറക്കിയത്. 
ഓപ്പറേറ്റ് ചെയ്യുന്ന ബസുകൾ ഒരു കാരണവശാലും കണ്ടെയ്ൻമെന്റ്‌ സോണിൽ നിർത്താനോ, യാത്രക്കാരെ കയറ്റാനോ, ഇറക്കാനോ പാടില്ല. പുനലൂർ ബസ് ഡിപ്പോയിൽനിന്ന് സർവീസ്‌ ആരംഭിച്ചു തെന്മലവഴി ആര്യങ്കാവ് വില്ലേജ് ഓഫീസ് ജങ്‌ഷൻ വരെ നേരത്തെ ബസ് എത്തി മടങ്ങിയിരുന്നു. ഇനി ബസ് ആര്യങ്കാവ് ഡിപ്പോയിൽ എത്തിയ ശേഷമാകും തിരികെ മടങ്ങുക. എന്നാൽ, ഇതരസംസ്ഥാനങ്ങളിൽനിന്ന് ആര്യങ്കാവ് ചെക്ക്പോസ്റ്റ് വഴി കേരളത്തിൽ പ്രവേശിക്കുന്നവർ  ബസിൽ കയറാൻ പാടില്ല. 
ഇതു സംബന്ധിച്ചു റൂറൽ പൊലീസ്‌ മേധാവി ഉറപ്പുവരുത്തണമെന്നും കലക്ടറുടെ ഉത്തരവിൽ പറയുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top